‘കിസ് വാഗണ്‍’; റോട്ടര്‍ഡാം മുതല്‍ ഐഎഫ്എഫ്കെ വരെ, ചിത്രത്തിന്റെ മൂന്നാം പ്രദര്‍ശനം 20ന്

മലയാള സിനിമയിലെ വ്യത്യസ്തമായ ദൃശ്യാനുഭവമായി മിഥുന്‍ മുരളിയുടെ കിസ് വാഗണ്‍. റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ടൈഗര്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ നേടിയത് സ്പെഷ്യല്‍ ജൂറി പുരസ്‌കാരവും ഫിപ്രസി പുരസ്‌കാരവും. ഐഎഫ്എഫ്കെയുടെ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം വിവിധ ശ്രേണികളിലുള്ള സിനിമകളുടെ സമന്വയമാണ്.

മനുഷ്യസംസ്‌കാരങ്ങളുടെ രൂപപ്പെടലുകള്‍ക്കും മുന്‍പേയുള്ള കാലഘട്ടത്തില്‍ തുടങ്ങി ആധുനിക കാലം വരെയെത്തുന്നതാണു ചിത്രത്തിന്റെ കഥ. പ്രണയം, മതം, നാഗരികത എന്നിവയെല്ലാം ചര്‍ച്ച ചെയ്യുന്ന സിനിമ മനുഷ്യന്റെ വിശ്വാസത്തെ മുതലെടുക്കുന്ന പ്രവണതകളെ വിമര്‍ശിക്കുന്നതുകൂടിയാണ്.

ALSO READ: ഐഎഫ്എഫ്‌കെ; നീലക്കുയില്‍ മുതല്‍ ബ്യൂ ട്രവെയ്ല്‍ വരെ; അഞ്ചാം ദിനത്തില്‍ 67 ചിത്രങ്ങള്‍

നിഴല്‍ നാടകങ്ങളാണ് തന്റെ ആദ്യ പ്രചോദനമെന്ന് സംവിധായകന്‍ മിഥുന്‍ മുരളി പറയുന്നു. കാണുന്നവര്‍ക്കെല്ലാം മനസിലാവുന്നതല്ല ‘കിസ് വാഗണ്‍’, സിനിമയുടെ ആദ്യ അരമണിക്കൂര്‍ കാണുമ്പോള്‍ത്തന്നെ പ്രേക്ഷകര്‍ക്ക് ഇത് അവരുടെ സിനിമയാണോ അല്ലയോ എന്ന് മനസിലാവും. സിനിമ തുടര്‍ന്ന് കാണണമോ വേണ്ടയോ എന്നു കാണികള്‍ക്ക് തീരുമാനിക്കാന്‍ ഇത് സഹായിക്കുമെന്നും മിഥുന്‍ മുരളി പറയുന്നു.

മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ആനിമേഷന്‍ ഉള്‍പ്പെടെ വിവിധ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തില്‍ 14 ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ മൂന്നാം പ്രദര്‍ശനം 20നു കലാഭവന്‍ തിയേറ്ററില്‍ രാവിലെ 9.15നു നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News