ലോട്ടറിയടിക്കുമ്പോള്‍ സന്തോഷം കൊണ്ട് മതിമറക്കുന്നതും ബോധം കെടുന്നതും പലയിടങ്ങളിലും കേട്ടിട്ടുണ്ട്. എന്നാല്‍ പേടിച്ച് പൊലീസ് സ്റ്റേഷനിലേക്ക് ഓടുന്നത് കേട്ടിട്ടുണ്ടോ?കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഫിഫ്റ്റി ഫിഫ്റ്റി എഫ് എഫ് 55 ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹനായത് ഇതരസംസ്ഥാന തൊഴിലാളിയാണ് പേടിച്ച് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്.
പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബയ്ക്കാണ് ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചത്. ബമ്പറടിച്ചതോടെ അമ്പരന്നുപോയ ബിർഷു റാബ തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയംപ്രാപിച്ചു.
”സർ, മുജേ ബചാവോ..” (എന്നെ രക്ഷിക്കൂ) എന്ന് പറഞ്ഞു ബിർഷു റാബ സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോഴാണ് ബിർഷു കീശയിൽനിന്ന് ലോട്ടറി ടിക്കറ്റെടുത്ത് എടുക്കുന്നത്. ഇതോടെ പൊലീസുകാർക്ക് കാര്യം പിടികിട്ടി.
ബമ്പറടിച്ചത് പുറത്തറിഞ്ഞാൽ ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്ന് പേടിച്ചാണ് ബിർഷു പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. ടിക്കറ്റ് ഏൽപ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണം എന്നുമായിരുന്നു ബിർഷുവിന്‍റെ ആവശ്യം. ബിർഷു പറഞ്ഞത് മുഴുവൻ കേട്ട തമ്പാനൂർ എസ്എച്ച്ഒ പ്രകാശ് ഉടൻ തന്നെ ഫെഡറൽ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏൽപ്പിക്കുംവരെ ബിർഷുവിനെ സ്റ്റേഷനിൽ ഇരുത്തി.
പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂർത്താക്കി കളയരുതെന്ന ഉപദേശം നൽകി, സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് ബിർഷുവിനെ പൊലീസ് സ്റ്റേഷനിൽനിന്ന് യാത്രയാക്കിയത്. തിങ്കളാഴ്ച തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്‍റെ പക്കൽനിന്നാണ് ബിർഷു സമ്മാനാർഹമായ ടിക്കറ്റെടുത്തത്. വൈകിട്ട് ലോട്ടറിക്കടക്കാരൻ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിർഷുവിനാണെന്നറിഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here