പത്തനംതിട്ട ജില്ലയുടെ സമഗ്രവികസനത്തിന് പ്രവാസികളുടെ സഹകരണത്തോടെ വിപുലമായ മാർഗരേഖ പ്രഖ്യാപിച്ച് തിരുവല്ലയിലെ മൈഗ്രേഷൻ കോൺക്ലേവ്. ഉന്നതവിദ്യാഭ്യാസം,നൈപുണി പരിശീലനം,സംരംഭകത്വ വികസനം,പ്രവാസി വീടുകളിലെ വയോജന സംരക്ഷണം എന്നിവയ്ക്ക് വ്യക്തമായ രൂപരേഖയും കോൺക്ലെവിലെ ചർച്ചകളിലൂടെ തയ്യാറാക്കി.
പത്തനംതിട്ട ജില്ലയിൽ തൊഴിലിനായി രജിസ്റ്റർ ചെയ്ത 48,686 പേർക്കും യോഗ്യതക്ക് അനുസരിച്ച് ജോലി ലഭ്യമാക്കാനുള്ള നടപടികൾക്ക് കോൺക്ലേവിൽ രൂപരേഖയായി. ഉചിതമായ സ്കിൽ പരിശീലനം നൽകി വിദേശത്തോ വീടിനോട് ചേർന്നു തന്നെയോ ജോലി ലഭ്യമാക്കും. പ്രവാസികളുടെ സഹകരണത്തോടെ വിദേശത്തുള്ള ജോലി ഒഴിവുകൾ കണ്ടെത്തും. ജില്ലയിൽ 5000 പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കും. ഇതിൽ 1000 എണ്ണം പുതിയ സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയാകും.
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത, ഡിജിറ്റൽ നെറ്റ്‌വർക്ക്, വിദ്യാലയങ്ങളിലെ ഇന്നൊവേഷൻ ക്ലബുകൾ എന്നിവയിലൂടെ സാങ്കേതിക വിദ്യ കൂടുതൽ ആളുകളിലേക്ക് എത്തിക്കും. ലോകമെബാടുമുള്ള മലയാളികളായ അക്കാദമിക വിദഗ്ദരുടെ പൂർണ്ണ പിന്തുണയോടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉയർത്തും. ഇതിന് സന്നദ്ധരായ മുഴുവൻ ആളുകളെയും ഒരു പ്ലാറ്റ്ഫോമിൽ ഏകോപിപ്പിക്കും. പത്തനംതിട്ട ജില്ലയെ സമ്പൂർണ്ണ വയോജന സൗഹൃദജില്ലയാക്കി മാറ്റും. എ ഐ ഉൾപ്പെടെ അത്യാധുനിക സാങ്കേതിക വിദ്യാകൾ ഇതിനായി ഉപയോഗിക്കും. പ്രവാസി കുടുംബങ്ങളിലെ വയോജനങ്ങൾക്ക് പാലിയേറ്റീവ് പരിചരണം ഉറപ്പാക്കും. കലക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും അടങ്ങുന്ന ജില്ലാ തല പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് രൂപീകരിച്ച് പദ്ധതി ഏകോപിപ്പിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here