ഖനനം: വരുമാനത്തില്‍ റെക്കോഡ് വര്‍ദ്ധനവ് നേടി സംസ്ഥാനം

സംസ്ഥാനത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള റോയല്‍റ്റിയും വിവിധതരം ഫീസുകളും ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം പിരിച്ചെടുക്കുന്നതില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ് കൈവരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പുസാമ്പത്തികവര്‍ഷം ഒക്ള്‍ടോബര്‍ 31 വരെയുള്ള കാലയളവില്‍ 273. 97 കോടി രൂപയാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് പിരിച്ചെടുത്തത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ പിരിച്ചെടുത്തതിനേക്കാള്‍ 70 ശതമാനം വരുമാനം ഇക്കൊല്ലം വര്‍ദ്ധിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇ- ഓഫീസ്, കോമ്പസ് സോഫ്‌റ്റ്വെയര്‍ തുടങ്ങി സംസ്ഥാന സര്‍ക്കാര്‍ വകുപ്പില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഫലമായാണ് വര്‍ദ്ധനവ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

Also Read: കണ്ണൂർ അയ്യൻകുന്നിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 165.96 കോടി രൂപയാണ് സര്‍ക്കാര്‍ ഈയിനത്തില്‍ സമാഹരിച്ചത്. 2021-22 വരെ രേഖപ്പെടുത്തിയ വാര്‍ഷിക വരുമാന വര്‍ധനവില്‍ ഏറ്റവും ഉയര്‍ന്നത് 17 ശതമാനമായിരുന്നു. എന്നാല്‍ 2022-23 ല്‍ ഇത് 56 ശതമാനമായും നടപ്പുവര്‍ഷം 70 ശതമാനമായും കുതിച്ചുയര്‍ന്നു. 2016 ല്‍ സംസ്ഥാനത്തെ ക്വാറികളുടെ എണ്ണം 3505 ആയിരുന്നു. ഇത്രയും ക്വാറികളില്‍ നിന്ന് ലഭിച്ച ആകെ വരുമാനം 138.72 കോടി രൂപയായിരുന്നു. എന്നാല്‍ നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 651 ക്വാറികളില്‍ നിന്നാണ് 273.97 കോടി രൂപ സര്‍ക്കാര്‍ പിരിച്ചെടുത്തത്.

Also Read: പരീക്ഷകൾക്ക് തല മറയുന്ന വസ്ത്രങ്ങൾ നിരോധിച്ച് കർണാടക

എല്ലാ ജില്ലകളിലും വരുമാന വര്‍ധനവ് ഉണ്ടായി. പാലക്കാട് ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം വരുമാനം ഉണ്ടായത്. 45 46 കോടി രൂപ പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം തിരിച്ചെടുക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഇത് 13.54 കോടി രൂപ മാത്രമായിരുന്നു. മലപ്പുറം ആണ് രണ്ടാം സ്ഥാനത്ത്. 37.28 കോടി രൂപയാണ് ഇവിടെ നിന്ന് പിരിച്ചെടുത്തത്. മുന്‍വര്‍ഷം ഇത് 25.08കോടി രൂപയായിരുന്നു. വിവിധ ജില്ലകളില്‍ നിന്ന് സര്‍ക്കാരിന് ലഭിച്ച വരുമാനം ഇപ്രകാരമാണ്. ബ്രാക്കറ്റില്‍ മുന്‍ വര്‍ഷം ലഭിച്ച തുക. എറണാകുളം – 33.17 കോടി രൂപ (13.96), തിരുവനന്തപുരം -27, 22 കോടി (24.78), കോട്ടയം -22 29 കോടി (20.79), കൊല്ലം – 20.62 കോടി (16.14), കണ്ണൂര്‍ – 20.10 കോടി (7.89), പത്തനംതിട്ട – 19.87 കോടി (10.35), തൃശൂര്‍ – 13.07 കോടി (10.95), കോഴിക്കോട് – 11.91 കോടി (4.84), ഇടുക്കി – 9.47 കോടി (5.04), കാസര്‍ഗോഡ് – 6.51 കോടി (4.08), ആലപ്പുഴ -3.27 കോടി (2.05), വയനാട് 2.86 കോടി (1.6).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News