കെ.എസ്.ആര്‍.ടി.സി ശമ്പളം വൈകുന്നു എന്നത് അടിസ്ഥാനരഹിതമായ ആരോപണം’: മന്ത്രി ആന്റണി രാജു

കെ.എസ്.ആര്‍.ടി.സി ശമ്പളം വൈകുന്നു എന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ല. ആദ്യ ഗഡു അഞ്ചാം തീയതിക്ക് മുന്‍പ് നല്‍കി. കെ.എസ്.ആര്‍.ടി പണ്ട് ഉപയോഗിച്ചാണ് ആദ്യ ഗഡു നല്‍കിയത്. പതിനഞ്ചിന് ശേഷമാണ് രണ്ടാം ഗഡു നല്‍കേണ്ടത്. ധനവകുപ്പ് പണം അനുവദിച്ചാല്‍ ശമ്പളം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ശമ്പളം വൈകുന്നു എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

വിഷയത്തില്‍ പ്രതിഷേധിക്കുന്ന യൂണിയനുകള്‍ക്കെതിരെയും മന്ത്രി പ്രതികരിച്ചു. യൂണിയനുകള്‍ പ്രതിഷേധിക്കേണ്ട കാര്യമില്ല. യഥാര്‍ഥ്യ ബോധത്തോടെ കാര്യങ്ങള്‍ ചിന്തിച്ചാല്‍ പ്രതിഷേധിക്കേണ്ടിവരില്ല. ശമ്പളം ഒന്നിച്ച് നല്‍കണമെന്നാണ് ആഗ്രഹമെന്നും പണം വച്ചിരുന്നിട്ട് കൊടുക്കാതിരിക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ സ്‌ക്രാപ്പിങ് പോളിസിക്കെതിരെയും മന്ത്രി രംഗത്തെത്തി. കേരളത്തില്‍ ആയിരക്കണക്കിന് സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കേണ്ട സ്ഥിതിയാണുള്ളത്. എല്ലാ വകുപ്പുകളിലെയും ഒഴിവാക്കേണ്ട വാഹനങ്ങളുടെ കണക്കുകള്‍ എടുത്തുകൊണ്ടിരിക്കുകയാണ്.
പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 800 കോടി രൂപയോളം അധിക ബാധ്യത വരും. കേന്ദ്രം കാര്യമായ സഹായം പ്രഖ്യാപിച്ചിട്ടില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ടു നയം എന്നത് നീതിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News