സമൂഹത്തില്‍ മതപരമായ വേര്‍തിരിവ് സൃഷ്ടിക്കുന്ന തീരുമാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോകണം; മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന നിര്‍ദ്ദേശത്തില്‍ പ്രതികരിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി

k krishnan kutti

വിദ്യാരംഭം കുറിക്കുന്ന ഇന്ന് രാവിലെ തന്നെയാണ് മദ്രസകൾക്കെതിരെയുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്‍ നീക്കം പുറത്ത് വരുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന കടുത്ത സാമ്പത്തിക അസമത്വവും, പോഷകാഹാര കുറവും, പട്ടിണിയും ചര്‍ച്ചയാകാതിരിക്കാനാണ് ജനങ്ങളെ വര്‍ഗ്ഗീയമായി വിഭജിക്കാന്നുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിലാണ് മദ്രസകള്‍ക്ക് സർക്കാർ ധനസഹായം നിർത്തുന്നതിനുള്ള നിർദേശത്തിനെ നിശിതമായി വിമർശിച്ചിരിക്കുന്നത്.

ALSO READ: രണ്ടാം ടെസ്റ്റില്‍ ബാബറും ഷഹീനും ഔട്ട്‌; പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നീക്കം വരാനുള്ള വമ്പന്‍ തീരുമാനത്തിന്റെ സൂചനയോ

മദ്രസകള്‍ക്ക് സർക്കാർ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. സംസ്ഥാനം ഫണ്ട് നല്‍കുന്ന മദ്രസകളും മദ്രസ ബോര്‍ഡുകളും നിര്‍ത്തലാക്കണമെന്നും നിര്‍ദേശമുണ്ട്. രാജ്യത്തെ കുട്ടികളുടെ പോഷകാഹാരകുറവിനെക്കുറിച്ചും, ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ചും രാജ്യം ചര്‍ച്ച ചെയ്യാതിരിക്കാനാണ് മദ്രസകള്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം. വനിതാ-ശിശു വികസന മന്ത്രാലയം 2021ല്‍ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് 33 ലക്ഷത്തിലേറെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ട്. ഇവരില്‍ പകുതിയിലേറെ പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയത്തിന്‍റെ വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. നിതി ആയോഗിന്റെ 2020-21 റിപോര്‍ട്ട് പ്രകാരം രാജ്യത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള 33.4 ശതമാനം കുട്ടികള്‍ക്ക് തൂക്കക്കുറവും 34.7 ശതമാനം പേരില്‍ വളര്‍ച്ചാ മുരടിപ്പുമുണ്ട്.

ALSO READ:മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദ്ദേശം മുസ്ലിം അപരവൽക്കരണത്തിന് ആക്കം കൂട്ടുമെന്ന് ബിനോയ് വിശ്വം

2024 ലെ ആഗോള പട്ടിണി സൂചികയിൽ, 127 രാജ്യങ്ങളുള്ള പട്ടികയിൽ നമ്മുടെ രാജ്യം 105-ാമത് ആണ്. ശ്രീലങ്കയും നേപ്പാളും ബംഗ്ലാദേശുമൊക്കെ പട്ടികയിൽ നമ്മുടെ മുകളിലാണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും 106 ഉം 107 ഉം സ്ഥാനങ്ങളിൽ നമ്മളോട് തോളോട് തോൾ ചേർന്നുണ്ട്. രാജ്യത്തിന്റെ ഈ സ്ഥിതി സൂചിപ്പിക്കുന്നത് ഓരോ കുട്ടിക്കും മികച്ച വിദ്യാഭ്യാസം കൊടുക്കാൻ സാധിക്കാത്തിടത്തോളം ഇന്ത്യയ്ക്ക് ആഗോള തലത്തില്‍ മുന്നേറാന്‍ കഴിയില്ല എന്നതാണ്. ഈ സാഹചര്യത്തില്‍, കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. ജാതിമത ഭേദമന്യേ കുട്ടികള്‍ നേരിടുന്ന പട്ടിണി, പോഷകാഹാര കുറവ് തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ നിന്നും ജന ശ്രദ്ധ തിരിക്കാനും, സമൂഹത്തില്‍ മതപരമായ വേര്‍തിരിവ് സൃഷ്ടിക്കുന്നതിനും സഹായിക്കുന്ന തീരുമാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോകേണ്ടതാണെന്നും കുറിപ്പിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News