കേരളത്തെ സംബന്ധിച്ചും, രാജ്യത്തെ സംബന്ധിച്ചും, കര്‍ഷകരെ സംബന്ധിച്ചും തീര്‍ത്തും നിരാശാജനകമായ ബജറ്റാണ് നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറന്നാൽ ബജറ്റിൽ ധാരാളം പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, രണ്ട് കേന്ദ്രമന്ത്രിമാർ കേരളത്തിലുണ്ടായിട്ടുകൂടി കേന്ദ്ര ബജറ്റില്‍ കേരളമെന്ന പേരുപോലും പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ വലിയ പ്രതീക്ഷയായിരുന്നു കേരളത്തിന് ഉണ്ടായിരുന്നത്. കേരളം നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ എന്തൊക്കെ അനുവദിക്കും എന്ന കാത്തിരിപ്പാണ് നിരാശയില്‍ പതിച്ചത്. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സംസ്ഥാനം ഉന്നയിച്ചത്. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ ചെലവിട്ട 6,000 കോടിക്ക് തുല്യതുക ഉപാധിരഹിത കടമായി അനുവദിക്കുക, നികുതി വിഹിതം 40:60 എന്ന് പുനര്‍നിര്‍ണയിക്കുക, കടമെടുപ്പ് പരിധി ജി എസ് ഡി പിയുടെ മൂന്നര ശതമാനമാക്കി ഉയര്‍ത്തുക, കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ മുന്‍വര്‍ഷങ്ങളിലെടുത്ത വായ്പ ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും കടപരിധിയില്‍ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍.
എയിംസ്, കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ അനുവദിക്കുക, റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കുക, ആശ, അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം ഉയര്‍ത്തുക, സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിയുടെ വിഹിതം ഉയര്‍ത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയില്‍ പോലും കേരളത്തെ ഉള്‍പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here