എന്റെ കേരളം പ്രദര്‍ശന വിപണനമേള സംസ്ഥാനതലത്തില്‍ ഒന്നാമത്: മന്ത്രി കെ രാധാകൃഷ്ണന്‍

എന്റെ കേരളം പ്രദര്‍ശന വിപണനമേള സംസ്ഥാനതലത്തില്‍ ഒന്നാമതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണ മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തേക്കിന്‍കാട് മൈതാനം – വിദ്യാര്‍ത്ഥി കോര്‍ണറില്‍ കഴിഞ്ഞ എട്ട് ദിവസമായി നടന്ന വികസനക്കാഴ്ചകളുടെ പൂരത്തിനാണ് സമാപനമായത്. ആദ്യ ദിനം മുതല്‍ വന്‍ ജനകീയ പങ്കാളിത്തമാണ് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയെ വ്യത്യസ്തമാക്കിയത്. കറങ്ങും ക്യാമറയില്‍ 360 ഡിഗ്രി വീഡിയോയ്ക്ക് പോസ് ചെയ്ത് ജില്ലയിലെ മന്ത്രിമാര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ താരമായി.സമൂഹത്തിന്റെ വളര്‍ച്ചക്ക് ഉതകുന്ന കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ മേള തൃശ്ശൂരിലെ ജനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ചന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ഇരുന്നുറിലേറെ സ്റ്റാളുകളാണ് മേളയില്‍ ഉണ്ടായത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള ഉല്‍പ്പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ സംരംഭകരുടെ ഉല്‍പ്പന്നങ്ങളുമാണ് മേളയില്‍ ഉണ്ടായിരുന്നത്. കൂടാതെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന തീം സ്റ്റാളുകളും സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന യൂട്ടിലിറ്റി സ്റ്റാളുകളും മേളയുടെ ഭാഗമായി.

മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിശാലമായ ഫുഡ്‌കോര്‍ട്ടും ഒരുങ്ങിയിരുന്നു. കേരള ജനതയ്‌ക്കൊപ്പം എന്നും എപ്പോഴും സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന സന്ദേശം നല്‍കി കൊണ്ടാണ് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളക്ക് കൊടിയിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News