വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷണകിറ്റ് നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാജന്‍. അരി റവന്യൂ വകുപ്പ് നല്‍കിയതല്ലെന്നും ഇക്കാര്യത്തില്‍ വകുപ്പിന് വീഴ്ചപറ്റിയിട്ടില്ലെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
മേപ്പാടി ദുരിതബാധിതര്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളില്‍ പൂത്തതും ഉപയോഗശൂന്യമായിട്ടുള്ള സാധനവുമുണ്ട് എന്നത് ഞെട്ടിക്കുന്നതാണ്. വിഷയം ഗൗരവകരമായി പരിശോധിക്കണം. മാതൃകാപരമായ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളും നിവാരണ പ്രവര്‍ത്തനങ്ങളുമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് മന്ത്രി പറഞ്ഞു.
മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഇപ്പോള്‍ വിതരണം ചെയ്തിട്ടുള്ള സാധനങ്ങള്‍ അരി മാത്രമല്ല. അരിയും മൈദയും റവയും ഉള്‍പ്പെടെ വിവിധങ്ങളായ സാധനങ്ങള്‍ ആണ്. അതില്‍ അരിയും മൈദയും റവയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കേടായതായി കണ്ടെത്തി എന്നതാണ് ശ്രദ്ധയില്‍പ്പെടുന്നത്. അങ്ങനെയെങ്കില്‍ എവിടെ നിന്ന് ലഭ്യമായി എന്ന പ്രശ്‌നമാണ് പരിശോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
യു ഡി എഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ദുരന്തബാധിതര്‍ക്ക് ഭക്ഷ്യ കിറ്റില്‍ ലഭിച്ചത്.
ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്തതില്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും മേപ്പാടി ഗ്രാമപഞ്ചായത്തിനെതിരെ ഗുരുതര നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
അതേസമയം ഭക്ഷ്യസാധനങ്ങളുമായി രാവിലെ പത്തരയോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിന് മുന്നിലെത്തി പ്രതിഷേധിച്ചു. സാധനങ്ങള്‍ പഞ്ചായത്ത് ഓഫിസിന് മുന്നിലിട്ടായിരുന്നു പ്രതിഷേധം.
Wayanad, Chooralmala, Mundakkai, Landslide,, UDF, Meppadi Panchayat, Kerala News, Wayanand News, Chooralmala landslide, Mundakkai Landslide, Minister K Rajan , Minister G R Anil
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here