‘സൂചിപ്പാറ മുതൽ പോത്തുകല്ല് വരെ ഊര്‍ജിത തിരച്ചിൽ, വെള്ളച്ചാട്ടങ്ങളില്‍ പ്രത്യേക ശ്രദ്ധ’: മന്ത്രി കെ രാജൻ

K RAJAN

മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ചാലിയാറിൻ്റെ ഇരുകരകളിലും നിലമ്പൂർ വരെയും നാളെ (ചൊവ്വാഴ്ച്ച) അന്വേഷണം ഊർജിതമാക്കുമെന്ന്  മന്ത്രി കെ.രാജൻ. മന്ത്രിസഭ ഉപസമിതി യോഗത്തിനുശേഷം കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിൽ പരിശീലനം നേടിയ ഡോഗ് സ്ക്വാഡിന്‍റെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്. സൂചിപ്പാറയ്ക്കു താഴെയുള്ള രണ്ടു വെള്ളച്ചാട്ടങ്ങൾക്കു സമീപവും പരിശോധന നടത്തും. ഡി എഫ് ഒ യുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിലിൽ പങ്കെടുക്കും.

ഇനിയും പരിശോധിക്കാത്ത മേഖലകളിൽ നാളെ പരിശോധന നടത്തും. തിങ്കളാഴ്ച്ച മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശങ്ങളിൽ വീണ്ടും തെരച്ചിൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു. തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് ഹാരിസൺ പ്ലാൻ്റേഷൻ്റെ 50 സെൻ്റ് സ്ഥലം കൂടി ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടർ ഏറ്റെടുക്കും. 30 മൃതദേഹങ്ങൾ ഇന്ന് സംസ്ക്കരിച്ചു. 158 ശരീര ഭാഗങ്ങൾ കൂടി മറവ് ചെയ്യുന്നതിന് പുതുതായി ഏറ്റെടുത്ത 50 സെൻ്റ് ഭൂമി ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.

ALSO READ: ഇല്ല, ഇനി കരയാനില്ല…. സങ്കടം വറ്റിയതുകൊണ്ടല്ലത്, ഉള്ളിലൊരു കടലാണ്..അത് ഇരമ്പിയാര്‍ക്കുന്നുമുണ്ട്, പക്ഷേ ഇനി ജീവിക്കണം..ജീവിക്കാനേ ഷൈജയ്ക്കിനി സമയമുള്ളൂ.!

മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ 180 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതി വഴിയുള്ള റോഡ് നിർമ്മാണ പരിധി 10 ശതമാനം എന്നുള്ളത് വർദ്ധിപ്പിക്കും. 40 ശതമാനം മെറ്റീരിയൽ വർക്ക് പരിധി കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി. തകർന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നാളെ മുതൽ പരിശോധന നടത്തും. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വിവരങ്ങൾ വിദഗ്ധർ പരിശോധിച്ച് തീരുമാനിക്കും.

പരാതിക്കിടയില്ലാത്ത വിധം ഭക്ഷണവിതരണം കാര്യക്ഷമമായി നടത്താൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2391 പേർക്ക് ഇതുവരെ കൗൺസിലിങ് നൽകി. മൊബൈൽ ഫോൺ നഷ്ടപ്പെട്ടവർക്ക് പുതിയ ഫോണും സിം കാർഡും കണക്ടിവിറ്റിയും നൽകും. 16 ക്യാമ്പുകളിലും മൊബൈൽ ഫോൺ നഷ്ടപ്പെട്ടവർക്ക് പുതിയ ഫോണും കണക്ടിവിറ്റിയും നൽകും. സ്വകാര്യ മൊബൈൽ ഫോൺ ദാതാക്കൾ ഇതുമായി സഹകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

മുണ്ടക്കൈ, ചൂരൽമല ദുരന്ത ബാധിത മേഖലയിൽ 24 മണിക്കൂറും മൊബൈൽ പൊലീസ് പട്രോൾ ശക്തിപ്പെടുത്തും. ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ദുരന്ത ബാധിതരെ വിളിക്കുന്നതായി വിവരമുണ്ട്. ദുരിതബാധിതരെ മാനസികമായി തകർക്കുന്ന ഒരു നടപടിയും ഉണ്ടാകരുത് അങ്ങനെ ഉണ്ടായാൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. ദുരന്ത ബാധിത പ്രദേശങ്ങളിലെ റേഷൻ കടകൾ വഴി സൗജന്യ റേഷൻ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ALSO READ: വയനാട് ഉരുൾപൊട്ടൽ; മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് ദീര്‍ഘകാല മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

താത്ക്കാലിക പുനരധിവാസം, രേഖകളുടെ വിവര ശേഖരണം, ഗ്രീൻ പ്രോട്ടോക്കോൾ പാലനം, മാലിന്യനിർമ്മാർജ്ജനം, ഉപജീവന പദ്ധതികൾ, ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, കൗൺസിലിംഗ്, ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി സ്വീകരിക്കും. നഷ്ടമായ രേഖകളുടെ വിവരശേഖരണം രണ്ടു ദിവസത്തിനകം പൂർത്തിയാക്കും. അതിനുശേഷം രേഖകൾ എത്രയും വേഗം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കും ഇതിനായി അക്ഷയ, ഐടി മിഷൻ, പഞ്ചായത്തുകൾ എന്നിവക്കുള്ള ബൗദ്ധിക സാഹചര്യം തദ്ദേശ സ്വയംഭരണ വകുപ്പ് ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. രേഖകൾ നഷ്ടപ്പെട്ട ഒരാളും പേടിക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ദുരന്ത ബാധിതരുടെ സമഗ്ര പുനരധിവാസം സാധ്യമാക്കുന്നതിന് കൃത്യമായ വിവരശേഖരണം നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അനാഥരായവർ വീടും കിടപ്പാടവും നഷ്ടപ്പെട്ടവർ സ്ത്രീകൾ ,കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിങ്ങനെ കൃത്യമായ വിവരശേഖരണ ത്തിലൂടെ മാതൃകാ പുനരധിവാസം യാഥാർത്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാകളക്ടർ ഡിആർ മേഘശ്രീയും യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News