സംസ്ഥാനങ്ങൾക്ക്‌ 60 ശതമാനം വിഹിതം ഉറപ്പാക്കണം,ജിഎസ്‌ടി നികുതി പങ്കുവയ്‌ക്കൽ അനുപാതം പുന:പരിശോധിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

ജിഎസ്‌ടിയിലെ കേന്ദ്ര – സംസ്ഥാന നികുതി പങ്ക്‌ വയ്‌ക്കൽ അനുപാതം പുന:പരിശോധിക്കണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ . നിലവിൽ 50:50 എന്നതാണ്‌ അനുപാതം. ഇത്‌ 40:60 ആയി മാറ്റണം. ജിഎസ്‌ടിയുടെ 60 ശതമാനമെങ്കിലും സംസ്ഥാനങ്ങൾക്ക്‌ ഉറപ്പാക്കണമെന്നു ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.

ALSO READ: ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും

ഐജിഎസ്‌ടിയിൽ അനുകൂല തീരുമാനം

ഇ കൊമേഴ്‌സ്‌ വഴി കച്ചവടം നടക്കുമ്പോൾ ഇ കൊമേഴ്‌സ്‌ ഓപ്പറേറ്റർ ഈടാക്കിയ ജിഎസ്‌ടിയും വ്യക്തമാക്കി GSTR-8 റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. ഈ GSTR -8 റിട്ടേണിൽ നികുതി എത്രയാണ് എന്നതിലുപരിയായി നികുതി ഏതു സംസ്ഥാനത്തേക്കാണ് പോകേണ്ടത് എന്ന വിവരം കൂടി ഉൾപ്പെടുത്താൻ കഴിഞ്ഞദിവസം ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ തീരുമാനമായതായും ധനമന്ത്രി അറിയിച്ചു. കേളത്തിന്‌ വലിയ പ്രയോജനം ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്ന നിർണായക തീരുമാനമാണിത്‌.

അന്യസംസ്ഥാനങ്ങളിൽനിന്ന്‌ ചരക്കുകളും സേവനങ്ങളും അമസോൺ, ഫ്ലിപ്പ്‌കാർട്ട് പോലുള്ള ഈ കൊമേഴ്സ് സ്ഥാപനങ്ങളിൽകൂടി കേരളത്തിൽ വിൽക്കുന്നവർ ഇവിടുത്തെ ഉപഭോക്താക്കളിൽനിന്ന് ഐജിഎസ്‌ടി ഈടാക്കുന്നുണ്ട്‌. എന്നാൽ, അവർ സമർപ്പിക്കുന്ന റിട്ടേണുകളിൽ ഉപഭോഗ സംസ്ഥാനം ഏതെന്നത്‌ വ്യക്തമാക്കാത്തതുമൂലം കേരളത്തിന്‌ നികുതി വിഹിതം ലഭ്യമാക്കാത്ത സ്ഥിതിയുണ്ട്‌. ഇത്‌ പരിഹരിക്കാൻ പുതിയ തീരുമാനം സഹായകമാകും

ഇ കൊമേഴ്‌സ്‌ ഓപ്പറേറ്റർമാർ ഫയൽ ചെയ്യുന്ന ജിഎസ്‌ടിആർ- 8 റിട്ടേണുകളിൽ ചെറിയ മാറ്റം വരുത്തിയാൽ ഇത്‌ പരിഹരിക്കാനാകുമെന്ന്‌ കേരളം കൗൺസിലിനെ ബോധ്യപ്പെടുത്തി. കേരളം നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയ വസ്‌തുതകൾ നിരത്തിയാണ്‌ പ്രശ്‌ന പരിഹാരം തേടിയത്‌. അത്‌ കൗൺസിൽ അംഗീകരിക്കുകയായിരുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.

ഒരുലക്ഷത്തിനുമുകളിൽ പ്രത്യേക റിപ്പോർട്ടിങ്‌

അന്തർസംസ്ഥാന ബിസിനസ് ടു കസ്റ്റമർ കച്ചവടത്തിന് ചില പ്രത്യേക നിയന്ത്രണങ്ങൾ ജിഎസ്ടി റിട്ടേണിൽ നിലവിൽ ഉണ്ട്. പൊതുവേ ബിസിനസ് ടു കസ്റ്റമർ ഇടപാടുകളുടെ ഓരോ മാസത്തെയും ആകെ തുക റിട്ടേണിൽ കാണിച്ചാൽ മതിയെങ്കിലും രണ്ടര ലക്ഷം രൂപയ്ക്ക് മുകളിലുള്ള അന്തർ സംസ്ഥാന ബിസിനസ് ടു കസ്റ്റമർ ഇടപാടുകൾക്ക് ഓരോ ഇടപാടും പ്രത്യേകമായി കാണിക്കേണ്ട രീതിയായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ ജിഎസ്ടി കൗൺസിൽ ഈ പരിധി താഴ്‌ത്തി. ഇനിമുതൽ ഒരു ലക്ഷത്തിന് മുകളിലുള്ള എല്ലാ ബിസിനസ് ടു കസ്റ്റമർ അന്തർ സംസ്ഥാന ഇടപാടുകളും റിട്ടേണുകളിൽ പ്രത്യേകമായി കാണിക്കണം എന്ന മാറ്റം വരുത്തി. ഈ പരിധി 50,000 രൂപയായി കുറയ്‌ക്കണമെന്നാണ്‌ കേരളം ആവശ്യപ്പെട്ടിരുന്നത്‌. അടുത്ത ഘട്ടത്തിൽ ഇത്‌ പരിഗണിക്കാമെന്ന ധാരണയുമുണ്ടായി.

കേരളത്തിൽനിന്ന്‌ ലഭിക്കുന്ന എസ്‌ജിഎസ്‌ടി(സ്‌റ്റേറ്റ്‌ ജിഎസ്‌ടി) ക്യാഷ്‌ വിഹിതത്തിന്റെ വളർച്ചാനിരക്ക്‌ ശരാശരി പത്തുശതമാനംവരെയാണ്‌. എന്നാൽ, ഐജിഎസ്‌ടി സെറ്റിൽമെന്റിന്റെ കാര്യം വരുമ്പോൾ ഈ വളർച്ചാ നിരക്ക് മൂന്നു ശതമാനമായി കുറയുന്നു. ജിഎസ്‌ടി സംവിധാനത്തിന്റെ പ്രശ്‌നമാണ്‌ ഐജിഎസ്‌ടിയിൽ കേരളത്തിന്റെ വിഹിതം കുറയാൻ കാരണമെന്ന്‌ കേരളം ഉന്നയിച്ചു. ഐജിഎസ്‌ടിയിലെ കേന്ദ്ര വരുമാനത്തിലും കുറവു വരുന്നുവെന്ന്‌ കേന്ദ്ര സർക്കാരും യോഗത്തിൽ അറിയിച്ചു. ഇതിനുകാരണം ഐജിഎസ്ടി സംവിധാനത്തിലെ പോരായ്‌മയാണോ എന്നത്‌ പരിശോധിക്കാൻ തീരുമാനിച്ചു. 2017 ജൂലൈ ഒന്നുമുതൽ ഇതുവരെയുള്ള മുഴുവൻ കണക്കുകളും കൃത്യമായി പരിശോധിക്കാനും, വേണ്ട പരിഹാരം നിർദേശിക്കാനും ജിഎസ്‌ടി ഉദ്യോഗസ്ഥർക്ക്‌ കേന്ദ്ര ധനമന്ത്രി ‌നിർമ്മല സീതാരാമൻ കർശന നിർദേശം നൽകി. പത്തു ദിവസത്തിനകം സംസ്ഥാന ജിഎസ്‌ടി ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച്‌ പ്രശ്‌നം വീണ്ടും പരിശോധിക്കാനും തീരുമാനിച്ചു. സംവിധാനത്തിലെ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിച്ചാലേ വരുമാന നഷ്ടം ഇല്ലാതാക്കാനാകൂ.

വ്യാപരികൾക്ക്‌ ആശ്വാസം

ഇൻപുട്ട്‌ ടാക്‌സ് ക്രെഡിറ്റ് വിഷയത്തിൽ റിട്ടേണുകൾ കൃത്യമായ സമയത്ത് നൽകാത്തതുമൂലം നോട്ടീസ്‌ ലഭിച്ച വ്യാപാരികൾക്ക്‌ കൃത്യമായ കണക്ക്‌ ലഭ്യമാക്കാൻ ഒരു അവസരംകൂടി നൽകാൻ തീരുമാനിച്ചു. 2021 വരെയുള്ള റിട്ടേണുകളിൽ ഇൻപുട്ട്‌ ക്രഡിറ്റുമായി ബന്ധപ്പെട്ട്‌ നോട്ടീസ്‌ ലഭിച്ച വ്യാപാരികൾക്കാണ്‌ ഈ സൗകര്യം ഒരുങ്ങുക. മനപൂർവമായ നികുതി വെട്ടിപ്പ്‌ ഇല്ലാത്ത നോട്ടീസുകൾക്ക്‌ പലിശയും പിഴയും കൂടാതെ നികുതി ബാധ്യത തീർക്കുന്നതിനും, അനാവശ്യമായ കുറേ നിയമ നടപടികൾ ഒഴിവാക്കുന്നതിനുള്ള തീരുമാനവും കൗൺസിലിൽ ഉണ്ടായി.

കൊള്ളലാഭം തടയണം

ജിഎസ്‌ടിയിലെ കൊള്ളലാഭം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്ന്‌ കേരളം ആവശ്യപ്പെട്ടു. കൊള്ളലാഭ നിയന്ത്രണ സംവിധാനത്തിൽ 2025 ഏപ്രിൽ മുതൽ പുതിയ പരാതികൾ സ്വീകരിക്കുന്നതിന്‌ വിലക്ക്‌ ഏർപ്പെടുത്താനുള്ള നീക്കം പുന:പരിശോധിക്കണം. മുമ്പ്‌ ഒട്ടേറെ ഇനങ്ങളുടെ ജിഎസ്‌ടി നിരക്കുകൾ 28 –ൽനിന്ന്‌ 18 ശതമാനമായി കുറച്ചതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക്‌ കിട്ടിയില്ലെന്നത്‌ കേരളം ഉദാഹരണ സഹിതം വിവരിച്ചു. നികുതി കുറച്ച 25 ഇനങ്ങൾക്ക്‌ ഉപഭോക്താക്കളിൽനിന്ന്‌ വാങ്ങുന്ന വിലയെ താരതമ്യപ്പെടുത്തി കേരളം നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണ്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ അവതരിപ്പിച്ചത്‌. ഭാവിയിൽ ഇത്തരം സാഹചര്യമുണ്ടായാൽ, പരിശോധിച്ച്‌ ആവശ്യമായ തീരുമാനം എടുക്കാമെന്നും കൗൺസിൽ ധാരണയായി.കേന്ദ്ര ബജറ്റ്‌ അവതരണത്തിനുശേഷം എല്ലാ കാര്യങ്ങളിലും കൂടുതൽ പരിശോധനകൾ തുടരാമെന്നും, അടുത്ത ആഗസ്‌തിലോ സെപ്‌തംബറിലോ അടുത്ത കൗൺസിൽ യോഗം ചേരാനും ധാരണയായതായും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

ALSO READ: രണ്ട് തെരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിട്ട പാർട്ടിയാണ് കോൺഗ്രസും യുഡിഎഫും, മൂന്നാമത് ഒരു പരാജയം താങ്ങാനുള്ള ആരോഗ്യമില്ല: കെ മുരളീധരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News