‘ഇന്ന് മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജില്‍ വന്ന വാര്‍ത്തയുടെ നിജസ്ഥിതി പറയാനാണ് ഈ പോസ്റ്റ്’: മന്ത്രി എം ബി രാജേഷ്

‘ക്ഷേമപെന്‍ഷന്‍: തദ്ദേശം തന്നെ ശരണം’ എന്ന തലക്കെട്ടോടെ മാതൃഭൂമി ഒന്നാം പേജില്‍ വന്ന വാര്‍ത്ത വസ്തുതകളുമായി യാതൊരു ബന്ധമില്ലാത്തതും പരിപൂര്‍ണമായി അടിസ്ഥാനരഹിതവുമാണെന്ന് മന്ത്രി എം ബി രാജേഷ്. അടിസ്ഥാനപരമായ കാര്യം പോലും മനസിലാക്കാതെയാണ് വാര്‍ത്ത നല്‍കിയിട്ടുള്ളതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

‘ക്ഷേമപെന്‍ഷന്‍: തദ്ദേശം തന്നെ ശരണം’ എന്ന തലക്കെട്ടോടെ മാതൃഭൂമി ഒന്നാം പേജില്‍ വന്ന വാര്‍ത്ത വസ്തുതകളുമായി യാതൊരു ബന്ധമില്ലാത്തതും പരിപൂര്‍ണമായി അടിസ്ഥാനരഹിതവുമാണ്. പെന്‍ഷന്‍ നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ പണം ആവശ്യപ്പെട്ടു എന്നാണ് വാര്‍ത്ത. എന്നാല്‍ പെന്‍ഷന്‍ നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ പണം ആവശ്യപ്പെട്ടിട്ടില്ല, എന്നുമാത്രമല്ല പണം ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തും അയച്ചിട്ടുമില്ല.

അടിസ്ഥാനപരമായ കാര്യം പോലും മനസിലാക്കാതെയാണ് വാര്‍ത്ത നല്‍കിയിട്ടുള്ളത്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത് സാമൂഹിക സുരക്ഷാ മിഷനല്ല, സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാണ്. സാമൂഹ്യ ക്ഷേമ പെന്‍ഷനുമായി സാമൂഹിക സുരക്ഷാ മിഷന് യാതൊരു ബന്ധവുമില്ല. മാത്രമല്ല, വാര്‍ത്തയില്‍ പ്രതിപാദിക്കുന്ന കത്ത് അയച്ചത് പഞ്ചായത്ത് ഡയറക്ടറല്ല, സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്, കത്ത് പെന്‍ഷന്‍ നല്‍കാന്‍ പണം ആവശ്യപ്പെട്ടുകൊണ്ടുമല്ല.

Also Read: ‘എന്തിനെയും തടസപ്പെടുത്തുകയാണ് വി മുരളീധരന്‍; കേരളത്തിലായാലും പാര്‍ലമെന്റിലായാലും സ്ഥിതി ഇതു തന്നെ’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

താലോലം, ശ്രുതിതരംഗം, ആശ്വാസകിരണം പോലെ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്ന സംവിധാനമാണ് സാമൂഹിക സുരക്ഷാ മിഷന്‍. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാമൂഹിക സുരക്ഷാ മിഷന് സംഭാവന നല്‍കാന്‍ 2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലം മുതലേ അനുവാദം നല്‍കിയതാണ്. വികസന ഫണ്ടില്‍ നിന്നോ തനത് ഫണ്ടില്‍ നിന്നോ ഭരണ സമിതി തീരുമാനത്തിന് വിധേയമായി സംഭാവന നല്‍കുന്നതിനാണ് ഈ അനുമതി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ അവരുടെ ഭരണസമിതിയില്‍ ചര്‍ച്ച ചെയ്ത് മറ്റു വികസന ക്ഷേമ പദ്ധതികള്‍ തയ്യാറാക്കുന്നതിന് ഒപ്പമാണ് സാമൂഹിക സുരക്ഷാ മിഷന് സംഭാവന നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അത് പൂര്‍ണ്ണമായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനത്തിന് വിധേയവുമാണ്. സ്വാഭാവികമായും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംഭാവന നല്‍കാന്‍ അനുമതി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍, സാമൂഹിക സുരക്ഷാ മിഷന്‍ ഈ സംഭാവന തുക നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാ വര്‍ഷവും കത്തയയ്ക്കാറുണ്ട്. ആ കത്തിനെ തെറ്റായി വ്യാഖ്യാനിച്ചാണ് വാര്‍ത്ത സൃഷ്ടിച്ചിട്ടുള്ളത്.

Also Read: ജമ്മു കശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തുക, കശ്മീര്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ പുന:സ്ഥാപിക്കുക: എ എ റഹീം എം പി

പ്രാഥമികമായ വസ്തുതകള്‍ പോലും മനസ്സിലാക്കാതെ പൂര്‍ണമായും തെറ്റായ വാര്‍ത്ത, യാതൊരു പരിശോധനയുമില്ലാതെ ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി പോലെയൊരു മാധ്യമം തയ്യാറായി എന്നത് അദ്ഭുതകരമാണ്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത് പ്രതിമാസം 900 കോടിയോളം രൂപയാണ്. ഈ തെറ്റായ വാര്‍ത്ത കൊടുക്കുമ്പോള്‍, വാര്‍ത്തയില്‍ അവകാശപ്പെട്ട തുക ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്രയോ തുച്ഛമാണ് എന്ന കാര്യമെങ്കിലും പരിഗണിക്കാമായിരുന്നു. ഒന്നാം പേജില്‍ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അധിക്ഷേപിച്ച് കാര്‍ട്ടൂണും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ കറന്നെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. 2021-22 വര്‍ഷം സംസ്ഥാന വാര്‍ഷിക പദ്ധതിയുടെ 26%മാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നതെങ്കില്‍, 2022-23 ല്‍ അത് 26.5 %മായും 2023-24 ല്‍ അത് 27.19 %മായും വര്‍ദ്ധിപ്പിച്ച സര്‍ക്കാരിനെയാണ് തെറ്റായ വാര്‍ത്തയിലൂടെ ഇങ്ങനെ ചിത്രീകരിക്കുന്നത്. ഇന്ത്യയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏറ്റവുമധികം പദ്ധതിവിഹിതം കൊടുക്കുന്നത് കേരളമാണെന്ന് മാത്രമല്ല, കേരളം കൊടുക്കുന്നതിന്റെ നാലിലൊന്ന് പോലും മറ്റൊരു സംസ്ഥാനവും കൊടുക്കുന്നുമില്ല എന്നതാണ് വസ്തുത. തെറ്റായ വാര്‍ത്തയും കാര്‍ട്ടൂണും പിന്‍വലിച്ച് അര്‍ഹമായ പ്രധാന്യത്തോടെ തിരുത്ത് കൊടുക്കണമെന്ന് ആവശ്യപ്പെടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News