തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തുനികുതി; 2024 മാർച്ച് 31 വരെയുള്ള പിഴപ്പലിശ ഒഴിവാക്കി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. വസ്തു നികുതി പിരിവ് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വസ്തുനികുതി പരിഷ്കരണം നടപ്പിലാക്കിയ വർഷം എന്ന നിലയിലും ഇളവ് അനിവാര്യമാണെന്നാണ് സർക്കാർ വിലയിരുത്തൽ. പരമാവധി പേർ വസ്തുനികുതി കുടിശിക അടച്ചുതീർക്കുന്നതിന് ഈ ഇളവ് സഹായിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനപ്രവർത്തനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടും. ഇതിനകം തന്നെ വസ്തുനികുതിയോടൊപ്പം പിഴപ്പലിശ അടച്ചവർക്ക് അടുത്ത വർഷത്തെ വസ്തുനികുതിയിൽ ഈ തുക ക്രമീകരിച്ചു നൽകുമെന്നും മന്ത്രി അറിയിച്ചു.

ALSO READ: കലഹങ്ങളുടെ ‘കണ്‍മണി അന്‍പോട്’; മാധ്യമപ്രവര്‍ത്തകന്‍ സാന്‍ എ‍ഴുതിയ കവിതാസമാഹാരത്തിന്‍റെ കവര്‍ പ്രകാശനം ചെയ്‌തു

ഈ വർഷത്തെ മാത്രമല്ല, മുൻവർഷങ്ങളിലെ വസ്തുനികുതി കുടിശികയും പിഴപ്പലിശ ഇല്ലാതെ അടയ്ക്കാനാവും. വർഷങ്ങളായി നികുതി അടയ്ക്കാതെ വലിയ തുക കുടിശിക വരുത്തിയവരുണ്ട്. ഇത്തരക്കാർക്കും ഈ സൗകര്യം പ്രയോജനകരമാണ്. നികുതി കുടിശിക പിഴപ്പലിശ ഇല്ലാതെ അടയ്ക്കാനാകുന്ന ഈ സൗകര്യം പരമാവധി പേർ ഉപയോഗിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആറ് മാസത്തിലൊരിക്കലാണ് നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വസ്തുനികുതി അടയ്ക്കേണ്ടത്. നിശ്ചിത സമയത്തിനകം നികുതി ഒടുക്കിയില്ലെങ്കിൽ മാസം 2% എന്ന നിരക്കിൽ പിഴപ്പലിശ ചുമത്തുന്നു. ഈ തുകയാണ് സർക്കാർ ഇളവ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 2023-24 വർഷത്തെ വസ്തുനികുതി ഡിമാൻഡ് 2636.58 കോടി രൂപയാണ്.

ALSO READ: നവകേരള സ്ത്രീസദസ്; പ്രൊഫൈല്‍ പിക്ചര്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News