ജനങ്ങൾക്കിടയിൽ നല്ല അഭിപ്രായം; വറുതിയുടെ ഓണമെന്ന മാധ്യമ-പ്രതിപക്ഷ പ്രചാരണത്തെ മറികടന്ന് സമൃദ്ധിയുടെ ഓണമാക്കി മാറ്റിയത്‌ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ; മന്ത്രി എം ബി രാജേഷ്

രാജ്യത്തെ വിലക്കയറ്റം ഓണ വിപണിയെ ബാധിക്കാത്തത് സർക്കാർ ഇടപെടൽ കാര്യക്ഷമമായത് കൊണ്ട് മാത്രമെന്ന് മന്ത്രി എം ബി രാജേഷ്. സർക്കാർ വിപണിയിലെത്തിച്ച പണമാണ്‌ ഓണവിപണിയെ സമൃദ്ധമാക്കിയത്‌ എന്നും മന്ത്രി പറഞ്ഞു. ക്ഷേമപെൻഷനും ഉത്സവബത്തയും ആനുകൂല്യങ്ങളും ദശലക്ഷക്കണക്കിന്‌ ആളുകൾക്ക് സർക്കാർ നേരിട്ട്‌ വിതരണം ചെയ്തതാണ് വറുതിയുടെ ഓണമെന്ന മാധ്യമ-പ്രതിപക്ഷ പ്രചാരണത്തെ മറികടന്ന് സമൃദ്ധിയുടെ ഓണമാക്കി മാറ്റിയത്‌. എന്നും മന്ത്രി വ്യക്തമാക്കി.ഇക്കാര്യം വ്യക്തമാക്കി മന്ത്രി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. ഓണം വിപണിയിലെ വിലക്കയറ്റത്തെ കുറിച്ച് മാധ്യമങ്ങളോട് ആളുകൾ നടത്തിയ അഭിപ്രായ വിഡിയോയും മന്ത്രി പങ്കുവെച്ചു.

ALSO READ:സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

ജനങ്ങൾ അവരുടെ അനുഭവങ്ങൾ മാധ്യമങ്ങളുടെ മുന്നിൽ തുറന്നുപറയുന്നു. പലയിടങ്ങളിലായി പല ചാനലുകൾ പലരുടെ നേരെ മൈക്ക്‌ നീട്ടിയപ്പോഴും എല്ലാവരുടെയും മറുപടി ഒന്നുതന്നെ. ഓണവിപണിയിൽ സാധനങ്ങൾക്ക്‌ നല്ല വിലക്കുറവുണ്ട്‌. സർക്കാർ ഇടപെടൽ ഫലം കണ്ടു. ഇനി ഈ അനുഭവങ്ങളെ സാധൂകരിക്കുന്ന കണക്കുകളും പുറത്തുവന്നുകഴിഞ്ഞു. പൂട്ടാൻ പോകുന്നു എന്ന് പ്രചരിപ്പിച്ച സപ്ലൈക്കോയ്ക്ക്‌ റെക്കോർഡ്‌ വിൽപ്പന. നൂറുകോടി കടന്ന് കൺസ്യൂമർഫെഡ്‌. മാത്രമല്ല മിൽമയ്ക്കും കുടുംബശ്രീ ഓണച്ചന്തകൾക്കും റെക്കോർഡ്‌ വിൽപ്പന. ബെവ്കോയിലും വിൽപ്പന പുതിയ റെക്കോർഡിട്ടു. 3100 ഓണച്ചന്തകളും 2000 കർഷകച്ചന്തകളും 1187 കുടുംബശ്രീ ഓണച്ചന്തകളും തുടങ്ങിയാണ്‌ വിപണിയിൽ സർക്കാർ ഇടപെട്ടത്‌. മിൽമാ പാൽ വിൽപ്പന നാല് ദിവസം കൊണ്ട്‌ ഒരു കോടി ലിറ്റർ കടന്നു. കൺസ്യൂമർ ഫെഡിൽ 10 ദിവസം കൊണ്ട്‌ 106 കോടിയുടെ വിൽപ്പനയാണ്‌ നടന്നത്‌. വിപണിയിൽ 1100 രൂപ വിലവരുന്ന 13 ഇനങ്ങൾ 462 രൂപയ്‌ക്കാണ്‌ ലഭ്യമാക്കിയത്‌.
രാജ്യമാകെ വിലക്കയറ്റത്തിന്റെ തോത്‌ ഉയർന്നുനിൽക്കെ വിലക്കുറവെന്ന നേട്ടം എങ്ങനെ കേരളം‌ സാധ്യമാക്കി? വിപണിയിലെ സർക്കാർ ഇടപെടൽ അത്രത്തോളം കാര്യക്ഷമമായിരുന്നു എന്നതുതന്നെ കാരണം. സർക്കാർ വിപണിയിലെത്തിച്ച പണമാണ്‌ ഓണവിപണിയെ സമൃദ്ധമാക്കിയത്‌. ജനങ്ങളുടെ വാങ്ങൽശേഷി കൂട്ടാൻ അവരുടെ കയ്യിൽ പണമുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തി. ക്ഷേമപെൻഷനും ഉത്സവബത്തയും ആനുകൂല്യങ്ങളും ദശലക്ഷക്കണക്കിന്‌ ആളുകൾക്കാണ്‌ സർക്കാർ നേരിട്ട്‌ വിതരണം ചെയ്തത്‌. ഈ രണ്ടു കാര്യങ്ങളാണ്‌ വറുതിയുടെ ഓണമെന്ന മാധ്യമ-പ്രതിപക്ഷ പ്രചാരണത്തെ മറികടന്ന് സമൃദ്ധിയുടെ ഓണമാക്കി മാറ്റിയത്‌.‌
ഇതേ മാധ്യമങ്ങൾ എന്തായിരുന്നു ഓണത്തലേന്നുവരെ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്‌. ‘വറുതിയുടെ ഓണം’ എന്ന് പ്രവചിക്കുകയും ജനങ്ങളെ ആശങ്കയിലാഴ്ത്താൻ ശ്രമിക്കുകയും ചെയ്തവരാണ്‌. അവർ നീട്ടിയ മൈക്കുകൾക്ക്‌ മുൻപിൽ തന്നെ അവരുടെ നുണപ്രചാരണത്തിനുള്ള പ്രഹരം ജനങ്ങളിൽ നിന്ന് ഏറ്റുവാങ്ങേണ്ടിവരുന്നു. മറിച്ചായിരുന്നു ഇതിൽ ആരെങ്കിലുമൊരാൾ പ്രതികരിച്ചിരുന്നത് എങ്കിൽ, അത്‌ എത്ര വലിയ ആഘോഷമാകുമായിരുന്നു. ജനം ഒരു പഴുതും അനുവദിച്ചില്ല, അവർ അവരുടെ അനുഭവം സത്യസന്ധമായി പറഞ്ഞു. മാധ്യമങ്ങൾക്ക്‌ മൈക്ക്‌ മടക്കി നിരാശരായി മടങ്ങേണ്ടി വന്നു. എന്തിനധികം പച്ചക്കറി ലോറി അതിർത്തി കടന്ന് വന്നാൽ മാത്രമേ മലയാളിക്ക്‌ കഞ്ഞുകുടിക്കാനാവൂ എന്ന് വിലപിക്കുന്ന മാധ്യമങ്ങൾക്ക്‌‌, ഓണത്തിന്‌‌ നാലായിരം ടൺ പച്ചക്കറി കേരളം വിദേശത്തേക്ക്‌ കയറ്റുമതി ചെയ്തു എന്ന് എഴുതേണ്ടി വന്നു‌.
ഇതാണ്‌ കഴിഞ്ഞ കുറേക്കാലമായി കേരളത്തിൽ നടക്കുന്നത്‌. സത്യത്തിന്റെ തരിമ്പു പോലുമില്ലാത്ത വ്യാപകമായ ദുഷ്പ്രചരണം മാധ്യമങ്ങൾ പെരുമ്പറയടിച്ച്‌ നടത്തുന്നു. അത്‌ തകർന്നുപോയാൽ ഒട്ടും ജാള്യമില്ലാതെ അടുത്തത്‌ ആരംഭിക്കും. പൂട്ടാൻ പോകുന്ന സപ്ലൈക്കോയും വറുതിയുടെ ഓണവും പൊളിഞ്ഞപ്പോൾ, കൂസലൊട്ടുമില്ലാതെ അടുത്ത പ്രചാരണം ആരംഭിച്ചിരിക്കുന്നു. ഇതിങ്ങനെ അഭംഗുരം തുടരും. ഇതെത്ര കാലമായി തുടങ്ങിയിട്ട്‌. എന്നിട്ടും ഇടതുപക്ഷം തുടർഭരണം നേടിയത്‌, ഈ മാധ്യമപ്രചാരണത്തിന്‌ തെല്ലും വിശ്വാസ്യത ജനങ്ങൾ കൽപ്പിക്കുന്നില്ല എന്നതുകൊണ്ടാണ്‌. കേരളത്തിൽ ഇടതുപക്ഷത്തിന്റെ ഓരോ വിജയവും അദ്ഭുതകരമാകുന്നത്‌, അങ്ങേയറ്റം ശത്രുതാപരവും പ്രതികാര മനോഭാവത്തോടെയുള്ളതുമായ മാധ്യമ ആക്രമണങ്ങളെ അതിജീവിച്ചാണ്‌ അവയെല്ലാം ഉണ്ടായിട്ടുള്ളത്‌ എന്നതുകൊണ്ടാണ്‌.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News