2025 നവംബർ ഒന്നോടെ അതിദാരിദ്ര്യം സമ്പൂർണ്ണമായി തുടച്ചുനീക്കിയ സംസ്ഥാനമായി കേരളം മാറും; മന്ത്രി എം ബി രാജേഷ്

2025 നവംബർ ഒന്നോടെ അതിദാരിദ്ര്യം സമ്പൂർണ്ണമായി തുടച്ചുനീക്കിയ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി എം ബി രാജേഷ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രി ഇക്കാര്യം പങ്കുവെച്ചത്.കേരളപ്പിറവി ദിനത്തിൽ അതിദാരിദ്ര്യ നിർമാർജനമെന്ന ലക്ഷ്യത്തിന്റെ ഏതാണ്ട് പകുതിദൂരം കേരളം പിന്നിട്ടുവെന്നും രണ്ട് വർഷം കൊണ്ട് ബാക്കി പകുതി ദൂരം കൂടി പിന്നിട്ട് ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് കേരളം എന്നുമാണ് മന്ത്രി കുറിച്ചത് .അതിദരിദ്രരായി ആകെ കണ്ടെത്തിയ 64006 കുടുംബങ്ങളിൽ 47.89 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് കേരളം മോചിപ്പിച്ചിരിക്കുന്നുഎന്നും മന്ത്രി കുറിച്ചു.

ALSO READ:ദുരിതാശ്വാസ ക്യാമ്പിൽ ബോംബിട്ട് ഇസ്രയേൽ; ആദ്യ ദിവസം റഫാ ഗേറ്റ് കടന്ന് 400 ലേറെ പേർ

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗത്തിന്റെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം സാധ്യമാക്കുക എന്നത്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നും മന്ത്രി സൂചിപ്പിച്ചു.വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും, എല്ലാ വ്യക്തികളിലേക്കും എത്തിച്ചേരണം എന്നതാണ് നമ്മുടെ നിലപാട് എന്നും മന്ത്രി വ്യക്തമാക്കി.രാജ്യത്തെ ആദ്യ സമ്പൂർണ സാക്ഷര സംസ്ഥാനം പോലെ, വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന വിദ്യാഭ്യാസ-ആരോഗ്യ നിലവാരം പോലെ അതിദരിദ്ര്യവും തുടച്ചുനീക്കി കേരളം ചരിത്രം രചിക്കുകയാണ് എന്നും മന്ത്രി എം ബി രാജേഷ് പങ്കുവെച്ചു.

ALSO READ:ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമവുമായി ജനങ്ങൾ; മണിപ്പൂരിൽ ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ്

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ചരിത്രത്തിലേക്കിനി പകുതിദൂരം മാത്രം
ചൈനയുമായി താരതമ്യപ്പെടുത്താനും ഒരുപക്ഷെ സാമൂഹ്യ പുരോഗതിയിൽ ചൈനയെ പിന്നിലാക്കാനും കഴിയുന്ന ഒരേയൊരു ഇന്ത്യൻ സംസ്ഥാനം കേരളം മാത്രമാണെന്ന് നൊബേൽ ജേതാവ് അമർത്യസെൻ ഇന്ന് പറയുകയുണ്ടായി. വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങളെ മുൻനിർത്തിയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.അതിദാരിദ്ര്യ നിർമാർജനത്തിന്റെ കാര്യത്തിലും ചൈനയ്ക്ക് ശേഷം സമാനമായ പദ്ധതി നടപ്പിലാക്കുന്ന ലോകത്തിലെ ഏക പ്രദേശമായി കേരളം മാറിയിരിക്കുകയാണ്. ഇന്ന്, കേരളപ്പിറവി ദിനത്തിൽ അതിദാരിദ്ര്യ നിർമാർജനമെന്ന ലക്ഷ്യത്തിന്റെ ഏതാണ്ട് പകുതിദൂരം കേരളം പിന്നിട്ടു. രണ്ട് വർഷം കൊണ്ട് ബാക്കി പകുതി ദൂരം കൂടി പിന്നിട്ട് ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് കേരളം. കേരളീയത്തിന്റെ ഉദ്ഘാടന വേദിയിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ 30,658 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയെന്ന പ്രഖ്യാപനം നടത്തി. അതായത് അതിദരിദ്രരായി ആകെ കണ്ടെത്തിയ 64006 കുടുംബങ്ങളിൽ 47.89 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് കേരളം മോചിപ്പിച്ചിരിക്കുന്നു. 2025 നവംബർ ഒന്നോടെ അതിദാരിദ്ര്യം സമ്പൂർണ്ണമായി തുടച്ചുനീക്കിയ സംസ്ഥാനമായി കേരളം മാറും.
2021ൽ അധികാരത്തിലെത്തിയ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗത്തിന്റെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം സാധ്യമാക്കുക എന്നത്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. നീതി ആയോഗിന്റെ 2021 ലെ മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്‌സ് പ്രകാരം 0.71 ശതമാനം മാത്രമായിരുന്നു കേരളത്തിലെ ദാരിദ്ര്യത്തിന്റെ തോത്, ഇത് 2023ൽ 0.55 ആയി കുറഞ്ഞു. സ്ഥിതിവിവര കണക്കുകളുടെ അളവുകോൽ പ്രകാരം വളരെ വളരെ ചെറുത് എന്നു പറയാവുന്ന ഒന്ന്. വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും, എല്ലാ വ്യക്തികളിലേക്കും എത്തിച്ചേരണം എന്നതാണ് നമ്മുടെ നിലപാട്. അതുകൊണ്ടാണ് അതിദാരിദ്ര്യത്തെ കേരളത്തിൽ നിന്നും തുടച്ചുനീക്കാനുള്ള ഒരു ബൃഹദ് പദ്ധതിക്ക് തുടക്കമിട്ടത്. കേരളത്തിൽ മാത്രമാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഒരു പ്രത്യേക പദ്ധതി നടപ്പാക്കപ്പെടുന്നത്.
സമഗ്രവും ശാസ്ത്രീയവുമായ നിർണയ പ്രക്രീയയിലൂടെ അതീവ ദരിദ്രാവസ്ഥയിൽ ജീവിക്കുന്ന 64006 കുടുംബങ്ങളെ കണ്ടെത്തി. ഭക്ഷണം, ആരോഗ്യം, ഉപജീവനം, പാർപ്പിടം തുടങ്ങിയ ക്ലേശഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഈ നിർണയ പ്രക്രീയ. ഇതിലെ ഓരോ കുടുംബത്തിന്റെയും ഓരോ വിഷമതകളും എങ്ങനെ പരിഹരിക്കാമെന്ന് വിപുലമായ ചർച്ച ചെയ്ത് ഓരോ കുടുംബത്തിനും പ്രത്യേകം മൈക്രോപ്ലാനുകള് തയ്യാറാക്കി. ഈ മൈക്രോ പ്ലാനുകളുടെ നിർവഹണമാണ് ഇപ്പോള് പുരോഗമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഭക്ഷണവും ചികിത്സയും ആവശ്യമായവർക്ക് അത് അടിയന്തരമായി ലഭ്യമാക്കുന്നതിനാണ് പരിഗണന നൽകിയത്. അതിനു പുറമെ അവകാശരേഖകൾ, ആരോഗ്യ ഇൻഷുറൻസ്, സാമൂഹ്യസുരക്ഷാ പെൻഷൻ എന്നിവയും അടിയന്തരമായി ലഭ്യമാക്കി.
സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാന് കഴിയുന്ന 15276 കുടുംബങ്ങള്ക്ക് ഭക്ഷ്യ വസ്തുക്കള് അടങ്ങിയ കിറ്റുകളും അതിന് കഴിയാത്ത 5336 കുടുംബങ്ങള്ക്ക് ജനകീയ ഹോട്ടലുകള്, സാമൂഹ്യ അടുക്കളകള് എന്നിവ വഴി പാകം ചെയ്ത ഭക്ഷണവും എത്തിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളാല് ബുദ്ധിമുട്ടുകള് നേരിട്ട 21027 കുടുംബങ്ങള്ക്ക് മരുന്നുകള് ഉള്പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള് ലഭ്യമാക്കി. പാലിയേറ്റീവ് ചികിത്സ ആവശ്യമുള്ള 4977 പേര്ക്ക് അത് ഉറപ്പാക്കി. ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട സാമഗ്രികള് ആവശ്യമുള്ള 384 പേര്ക്ക് ആരോഗ്യ ഉപകരണങ്ങള് നല്കുവാനും 9 പേര്ക്ക് അവയവം മാറ്റി വയ്ക്കല് ചികിത്സയ്ക് വേണ്ട സഹായം നല്കുവാനും കഴിഞ്ഞു. ഏകാംഗ കുടുംബങ്ങളില് ഉള്പ്പെട്ട 333 പേരെയും മറ്റ് കുടുംബങ്ങളില്പ്പെട്ട 360 പേരും ഉള്പ്പെടെ ആകെ 693 പേരെ ഷെല്ട്ടര് ഹോമുകളിലേക്ക് മാറ്റി അവര്ക്ക് ആവശ്യമുള്ള സുരക്ഷയും ഭക്ഷണവും മരുന്നുകളും ഉറപ്പാക്കി. വരുമാനം ഇല്ലാതെ കഷ്ടത അനുഭവിച്ചിരുന്ന 841 കുടുംബങ്ങള്ക്ക് വരുമാനദായകആനുകൂല്യങ്ങള് നല്കി അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കി. ഈ പ്രവര്ത്തനങ്ങള് കൂടുതല് ഊര്ജ്ജിതമാക്കുന്നതിനായി കുടുംബശ്രീ നേതൃത്വത്തില് ‘ഉജ്ജീവനം’ എന്ന സമഗ്ര പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. പാർപ്പിട പ്രശ്നമുള്ള എല്ലാ അതിദരിദ്ര കുടുംബങ്ങളെയും ലൈഫ് ഭവനപദ്ധതി ലിസ്റ്റിൽ ഉള്പ്പെടുത്തുകയും, വീട് നൽകുന്നതിൽ മുൻഗണന നൽകുകയും ചെയ്തു. ഇതിനകം 578 വീടുകള് പൂര്ത്തിയാവുകയും 2178 വീടുകള് വിവിധ ഘട്ടങ്ങളിലായി പുരോഗതിയിലുമാണ്. അവകാശരേഖകളും അടിയന്തിര സേവനങ്ങളും ലഭ്യമാകാതെയിരുന്ന 21263 കുടുംബങ്ങള്ക്ക് ഇവ ലഭ്യമാക്കി.
ഈ വിപുലമായ പ്രവർത്തനങ്ങളിലൂടെയാണ് 30,658 കുടുംബങ്ങളെ അതിദാരിദ്രാവസ്ഥയിൽ നിന്ന് മോചിപ്പിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പരിശോധിച്ച്, ഭരണസമിതി യോഗം ചേർന്ന് അംഗീകരിച്ച് രേഖാമൂലം ലഭ്യമാക്കിയ കണക്കാണിത്. വീടില്ലാത്ത അതിദരിദ്രരുടെ പ്രശ്നമാണ് ഇനി മുഖ്യമായി ബാക്കിയുള്ളത്. രണ്ട് വർഷം കൊണ്ട് ഈ പ്രശ്നവും പരിഹരിച്ച് രാജ്യത്തെ ആദ്യ സമ്പൂർണ അതിദാരിദ്രമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പരിശ്രമമാണ് സർക്കാർ നടത്തുന്നത്. രാജ്യത്തെ ആദ്യ സമ്പൂർണ സാക്ഷര സംസ്ഥാനം പോലെ, വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന വിദ്യാഭ്യാസ-ആരോഗ്യ നിലവാരം പോലെ അതിദരിദ്ര്യവും തുടച്ചുനീക്കി കേരളം ചരിത്രം രചിക്കുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News