ഡോ. എം കുഞ്ഞാമന്റെ മരണ വാർത്ത അത്യധികം വേദനയും ഞെട്ടലും ഉണ്ടാക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. ഒരു കുഗ്രാമത്തിൽ നിന്ന്, അങ്ങേയറ്റത്തെ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് പൊരുതി മുന്നേറിയ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു കുഞ്ഞാമൻ സാറെന്നും, കടുത്ത ദാരിദ്ര്യവും യാതനയും പട്ടിണിയും ജാതി വിവേചനവും നിറഞ്ഞ തന്റെ ശൈശവ കാലത്തെക്കുറിച്ചുള്ള ഒരുപാട് പൊള്ളുന്ന അനുഭവങ്ങൾ കുഞ്ഞാമൻ സാർ തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും ഡോ. എം കുഞ്ഞാമന്റെ മരണത്തെ തുടർന്ന് പങ്കുവെച്ച കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.
ALSO READ: ‘ഏറെ നാളായി ആലോചിക്കുന്ന തീരുമാനം’; ഡോ. എം കുഞ്ഞാമന്റെ വീട്ടില്‍ നിന്ന് കുറിപ്പ് കണ്ടെത്തി
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് കുറിപ്പ്
അത്യധികം വേദനയും ഞെട്ടലും ഉണ്ടാക്കുന്നതാണ് ഡോ. എം കുഞ്ഞാമന്റെ മരണ വാർത്ത. ഡോ. എം കുഞ്ഞാമനെ പരിചയപ്പെടുന്നത് വിദ്യാർത്ഥി സംഘടന പ്രവർത്തന കാലത്താണ്. പരിചയം വളരെ പെട്ടെന്ന് തന്നെ ആഴത്തിലുള്ള അടുപ്പമായി മാറി. അക്കാലത്ത് ഒരുപാട് വേദികളിൽ ഒരുമിച്ചു പങ്കെടുത്തു. എസ് എഫ് ഐ യുടെയും സർവകലാശാല യൂണിയനുകളുടെയും നിരവധി അക്കാദമിക് പരിപാടികളിൽ കുഞ്ഞാമൻ സാർ പ്രഭാഷകൻ ആയി പങ്കെടുത്തു. ഒരുമിച്ച് ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. കടുത്ത ദാരിദ്ര്യവും യാതനയും പട്ടിണിയും ജാതി വിവേചനവും നിറഞ്ഞ തന്റെ ശൈശവ കാലത്തെക്കുറിച്ചുള്ള ഒരുപാട് പൊള്ളുന്ന അനുഭവങ്ങൾ ആ യാത്രകളിലെല്ലാമായി കുഞ്ഞാമൻ സാർ എന്നോട് പങ്കുവച്ചിട്ടുണ്ട്.
എന്റെ നാടിനടുത്തുള്ള വാടാനംകുറുശ്ശിക്കാരനായിരുന്നു അദ്ദേഹം. ഒരു കുഗ്രാമത്തിൽ നിന്ന് അങ്ങേയറ്റത്തെ പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് പൊരുതി മുന്നേറിയ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു കുഞ്ഞാമൻ സാർ.വിക്‌റ്റോറിയ കോളേജിൽ നിന്ന് റാങ്കോട്കൂടിയാണ് അദ്ദേഹം എം എ ഇക്കണോമിക്സ് ബിരുദം നേടിയത്. പിന്നീട് അധ്യാപകനായും മൗലിക ചിന്തയുള്ള സാമ്പത്തിക ശാസ്ത്രജ്ഞനായും അദ്ദേഹം വളർന്നു. ഏതൊരു പ്രശ്നത്തേയും തന്റെതായ രീതിയിൽ സമീപിക്കാനും വിശകലനം ചെയ്യാനുമുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങേയറ്റത്തെ ലാളിത്യവും സത്യസന്ധതയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.
ALSO READ: വലിയ ശിഷ്യസഞ്ചയമുളള അധ്യാപകൻ; എം. കുഞ്ഞാമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ഞാൻ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായിരിക്കേ തന്റെ സ്വകാര്യ ശേഖരത്തിലെ ഏതാണ്ട് ഇരുപത് വർഷത്തെ എക്കണോമിക്കൽ ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ ബൈൻഡ് ചെയ്ത് സൂക്ഷിച്ച കോപ്പികൾ അദ്ദേഹം എനിക്ക് സമ്മാനിക്കുകയുണ്ടായി. അത് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ലൈബ്രറിക്കായി ഞങ്ങൾ പ്രയോജനപ്പെടുത്തി. ഊഷ്മളമായ സൗഹൃദത്തിന്റെ നാളുകളായിരുന്നു അത്. പിന്നീട് ഞാൻ വിദ്യാർത്ഥി സംഘടന പ്രവർത്തനം ഒഴിഞ്ഞ് പാലക്കാട്ടെ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിച്ചതോടു കൂടി അദ്ദേഹവുമായുള്ള ആശയവിനിമയം ഗണ്യമായി കുറഞ്ഞു. അതിനിടയിലെപ്പോഴോ അദ്ദേഹവും ആശയപരമായി മറ്റ് പല വഴികളിലൂടെയും സഞ്ചരിച്ചു തുടങ്ങി. ആശയപരമായി മറ്റൊരു ധ്രുവത്തിൽ അദ്ദേഹം എത്തിച്ചേർന്നുവെങ്കിലും അദ്ദേഹത്തോടുള്ള സ്നേഹാദരങ്ങൾ ഇപ്പോഴും ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ആദരവോടെ, വേദനയോടെ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ തലകുനിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here