മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്; കേന്ദ്ര സർക്കാർ വേതനം പുതുക്കി നിശ്ചയിച്ചത് കേരളത്തെ സംബന്ധിച്ച് വിവേചനപരം: മന്ത്രി എം ബി രാജേഷ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2024-25 സാമ്പത്തിക വർഷത്തെ അവിദഗ്ധ തൊഴിലാളികളുടെ വേതനം കേന്ദ്ര സർക്കാർ പുതുക്കി നിശ്ചയിച്ചത് കേരളത്തെ സംബന്ധിച്ച് തികച്ചും അപര്യാപ്തവും വിവേചനപരവുമാണെന്ന് മന്ത്രി എം ബി രാജേഷ്.

കേരളത്തിലെ അവിദഗ്ധ തൊഴിലാളികൾക്കുള്ള വേതനം 333 രൂപയിൽ നിന്നും 346 രൂപയായി മാത്രമാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചിട്ടുള്ളത്. കേരളത്തോട് ചേർന്നുള്ള കർണാടകത്തിൽ 316 രൂപ ആയിരുന്നത് 349 രൂപയാക്കി, 33 രൂപയുടെ വർദ്ധനവ്. തമിഴ് നാടിന് 25 രൂപ (8.5%) വർധിപ്പിച്ചു. ഗോവയിൽ 34 രൂപയും (10.56% വർദ്ധനവ്) തെലുങ്കാനയിലും ആന്ധ്രയിലും 28 രൂപയും (10.29%), വർദ്ധിപ്പിച്ചപ്പോഴാണ് കേരളത്തിന് കേവലം 3.9%, വെറും 13 രൂപയുടെ വർദ്ധനവ് മാത്രം വേതന വർദ്ധനവ് വരുത്തിയിരിക്കുന്നത്.

ALSO READ: മയക്കുമരുന്ന് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന് ആരോപണം; സഞ്ജീവ് ഭട്ടിന് 20 വർഷത്തെ തടവ്

വിവേചനങ്ങൾക്കിടയിലും കഴിഞ്ഞ സാമ്പത്തിക വർഷം 9.65 കോടി തൊഴിൽ ദിനങ്ങൾ നേടിയ കേരളത്തിന് നടപ്പ് സാമ്പത്തിക വർഷം കേന്ദ്രം ആദ്യം അനുവദിച്ചത് വെറും 6 കോടി തൊഴിൽ ദിനങ്ങൾ മാത്രമായിരുന്നു. എന്നാൽ ഒക്ടോബർ മാസത്തിൽത്തന്നെ സംസ്ഥാനം ആ ലക്ഷ്യം കൈവരിച്ചു. ഡൽഹിയിൽ നേരിട്ട് ചെന്ന് കേന്ദ്രമന്ത്രിയെ കാണുകയും നിരന്തരം സമ്മർദ്ദം ചെലുത്തിയതിൻ്റെയും ഭാഗമായി തൊഴിൽ ദിനങ്ങളുടെ എണ്ണം 8 കോടിയായി വർദ്ധിപ്പിച്ചു തന്നു. 2023 ഡിസംബറിൽ തന്നെ കേരളം ഈ ലക്ഷ്യവും കൈവരിച്ചു. തുടർന്നുള്ള ശ്രമങ്ങളുടെ ഭാഗമായി 9.50 കോടിയായും പിന്നീട് 10.50 കോടിയായും ഉയർത്തുകയുണ്ടായി. സംസ്ഥാനം നാളിതുവരെ 9.88 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

അസംഘടിത മേഖലയിൽ രാജ്യത്ത് ഏറ്റവും കൂടിയ കൂലി നിലനിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് അസംഘടിത തൊഴിലാളികൾക്ക് ലഭിക്കുന്ന മിനിമം വേതനത്തെ അപേക്ഷിച്ച് വളരെ കുറഞ്ഞ കൂലി മാത്രമാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഒരു യുക്തിയും യാഥാർഥ്യബോധവുമില്ലാത്ത ഈ നടപടിയെ കേരളത്തോടുള്ള വിവേചനമായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ. വേതന വർധനവിലെ ഈ വിവേചന നടപടി തിരുത്തി ന്യായമായ വർദ്ധനവ് വരുത്തണം. 750 കോടിയോളം വരുന്ന , ജനുവരി മാസം മുതലുള്ള കുടിശ്ശിക വേതന തുക ഉടൻ അനുവദിക്കണം.

ALSO READ: ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായാണ് മത്സരിക്കുന്നതെന്ന് നോട്ടീസ്; വയനാട്ടിലെ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് രാഹുൽ ഗാന്ധി

തൊഴിലുറപ്പ് നിയമത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് തൊഴിൽ ആവശ്യാനുസരണം നല്കുന്നതിലും ആസ്തി സൃഷ്ടിക്കുന്നതിലും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിലും സംസ്ഥാനം രാജ്യത്തിനാകെ മാതൃകയാണ്. ഈ സാമ്പത്തിക വർഷം രാജ്യത്ത് ഒരു കുടുംബത്തിന് ലഭിച്ച ശരാശരി തൊഴിൽ ദിനങ്ങൾ 51.47 മാത്രമാണെന്നിരിക്കെ സംസ്ഥാനത്ത് അത് 67.35 ആണ്. പട്ടികജാതി/പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് തൊഴിൽ നല്കുന്നതിലും സംസ്ഥാനം മികച്ച പ്രവർത്തനമാണ് നടത്തുന്നത്. പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് പൂർണമായും സംസ്ഥാന വിഹിതം ഉപയോഗിച്ച് 100 അധിക തൊഴിൽ ദിനങ്ങൾ നൽകുന്ന കേരളാ ട്രൈബൽ പ്ലസ്സ് പദ്ധതിയും വളരെ മികച്ച രീതിയിൽ നടപ്പിലാക്കി വരുന്നു. 100 ദിവസം പൂർത്തിയാക്കിയ 37000 ൽ അധികം പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് നിലവിൽ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. അതിൽ 4000 ഓളം പട്ടിക വർഗ്ഗ കുടുംബങ്ങൾ ഇതിനകം തന്നെ 200 ദിവസത്തെ തൊഴിൽ പൂർത്തിയാക്കി കഴിഞ്ഞു.

രാജ്യത്ത് വനിതകൾക്ക് 58.96% തൊഴിൽ ദിനങ്ങൾ നൽകുമ്പോൾ സംസ്ഥാനം 89.27% നൽകുന്നു. ദേശീയ തലത്തിൽ തന്നെ ഇത്രയും മികച്ച നേട്ടങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ കൈവരിച്ച കേരളത്തോടാണ് ഈ വിവേചനം കേന്ദ്ര സർക്കാർ കാട്ടുന്നത്.. രാജ്യത്ത് ആദ്യമായി 100% സജീവ തൊഴിലാളികൾക്കും ആധാർ ലിങ്കിങ്ങ് പൂർത്തിയാക്കിയ സംസ്ഥാനവും കേരളമാണ്. തൊഴിലുറപ്പു തൊഴിലാളികൾക്ക് ഉത്സവബത്തയായി 1000 രൂപ നൽകി വരുന്നതും അവർക്കായി ക്ഷേമനിധി ഏർപ്പെടുത്തുകയും ചെയ്ത ഒരേയൊരു സംസ്ഥാനം കേരളമാണ്.

തൊഴിലുറപ്പു പദ്ധതിയെ പരിമിതപ്പെടുത്താൻ കേന്ദ്രസർക്കാർ നിരന്തരം നടത്തുന്ന ശ്രമങ്ങളെ അതിജീവിച്ചാണ് കേരളം ഈ നേട്ടങ്ങളൊക്കെ കൈവരിച്ചത്. അസംഘടിത മേഖലയിൽ കേരളത്തേക്കാൾ കൂലി കുറഞ്ഞ സംസ്ഥാനങ്ങൾക്ക് ഉയർന്ന വേതനവർധന നടപ്പാക്കുകയും കേരളത്തിന് ചെറിയൊരു വർധന മാത്രം നിർദേശിക്കുകയും ചെയ്തതിനെ രാഷ്ട്രീയ വിവേചനമായിട്ടല്ലാതെ കാണാൻ കഴിയില്ല. യുഡിഎഫ് എംപിമാർ ഇക്കാര്യത്തിൽ കേരളത്തിനുവേണ്ടി ശക്തിയായി ഇടപെട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. കേരളത്തോടുള്ള വിവേചനപരമായ ഈ നടപടി തിരുത്തിക്കുന്നതിന് ശക്തമായ സമ്മർദ്ദം ഉയർത്താൻ എല്ലാവരും മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News