എസ്എഫ്ഐയെ വിമർശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മന്ത്രി എം ബി രാജേഷ് രംഗത്ത്. ധീരജിന്റെ മാതാപിതാക്കളുടെ കണ്ണീര് പ്രതിപക്ഷ നേതാവ് കാണുന്നില്ലേയെന്ന് മന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവിന് എന്തുകൊണ്ടാണ് സെലക്ടീവ് ഡിമൻഷ്യാ ഉണ്ടാകുന്നതെന്നും, പ്രതിപക്ഷ നേതാവും പ്രതിപക്ഷവും വിദ്യാർത്ഥി സംഘട്ടനങ്ങളിൽ പക്ഷം ചേർന്ന് വിഷയം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്നും കാര്യവട്ടം ക്യാമ്പസ് വിഷയത്തിൽ പ്രതികരിക്കുന്നതിനിടെ മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.
‘ഒരു സംഘടനയുടെയും ഭാഗത്ത് എന്നുണ്ടാകുന്ന തെറ്റായ പ്രവണതകളെ അംഗീകരിക്കുന്നില്ല. ശരിയായ സമീപനമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വീകരിക്കേണ്ടത്. പക്ഷെ പ്രതിപക്ഷം ഇപ്പോൾ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ്. തങ്ങളുടെ സംഘടന ചെയ്യുന്നത് ശരി മറ്റ് സംഘന ചെയ്യുന്ന തെറ്റ് എന്ന രീതിയാണുള്ളത്. പ്രതിപക്ഷത്തിന്റെ ഈ സമീപനം ശരിയല്ല. എസ്എഫ്ഐയുടെ ഭാഗത്ത് നിന്ന് ഒരു തെറ്റുണ്ടായാൽ അതിനെ ന്യായീകരിക്കാൻ അല്ല ശ്രമിക്കുന്നത്’, മന്ത്രി പറഞ്ഞു.
‘എസ്എഫ്ഐയുടെ ഭാഗത്ത് മാത്രമാണ് തെറ്റ് എന്ന പ്രചരണം അംഗീകരിക്കാൻ ആകില്ല. പ്രതിപക്ഷ നേതാവ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞപ്പോഴാണ് സഭയിൽ ചോദ്യം ചെയ്തത്. ഭരണപക്ഷം പ്രതിപക്ഷ നേതാവിനെ തടസ്സപ്പെടുത്തുന്നതേയില്ല. തെറ്റായ പ്രസ്താവനകൾ പ്രതിപക്ഷ നേതാവ് നടത്തുമ്പോൾ അത് ചോദ്യം ചെയ്യേണ്ടിവരും. അദ്ദേഹത്തിൻറെ പ്രസംഗം തടസ്സപ്പെടുത്തുക എന്നത് ഭരണപക്ഷത്തിന്റെ ശൈലി അല്ല’, എം ബി രാജേഷ് പ്രതികരിച്ചു.
‘ധീരജിന്റെ കൊലപാതക സംബന്ധിച്ച് ഒരു വരിയെങ്കിലും പ്രതിപക്ഷ നേതാവ് പറയേണ്ടതല്ലേ? അത് അപലപിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാകേണ്ടതല്ലേ? ഇരന്നു വാങ്ങിയ മരണമെന്ന കെ സുധാകരന്റെ കണ്ണിൽ ചോര ഇല്ലാത്ത പ്രസ്താവനയെ തള്ളി പറയാൻ പ്രതിപക്ഷ നേതാവ് തയ്യാറാകേണ്ടതല്ലേ? ധീരജിന്റെ മാതാപിതാക്കളുടെ കണ്ണീര് പ്രതിപക്ഷ നേതാവ് കാണുന്നില്ലേ? പ്രതിപക്ഷ നേതാവിന് എന്തുകൊണ്ടാണ് സെലക്ടീവ് ഡിമൻഷ്യാ ഉണ്ടാകുന്നത്?’, മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി എം ബി രാജേഷ് കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here