ഡിവൈഎഫ്ഐ പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞ ബ്രിഗേഡ് പരേഡ് മൈതാനത്തിന്റെ ചിത്രം അതിശയിപ്പിക്കുന്ന നേട്ടമെന്ന് മന്ത്രി എം ബി രാജേഷ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൈതാനങ്ങളിലൊന്നായ ബ്രിഗേഡ് പരേഡ് നിറയുക എന്നത് സാധാരണ വലിയ രാഷ്ട്രീയ റാലികളുടെയെല്ലാം അഭിമാനപ്രശ്നമാണെന്നും, യുവജനസംഘടന മാത്രമായ ഡിവൈഎഫ്ഐയ്ക്ക് അത് നിറയ്ക്കാനായി എന്നത് അതിശയിപ്പിക്കുന്നുവെന്നും എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ 50 ദിവസം നീണ്ടുനിന്ന കാൽനട പ്രചാരണ ജാഥയ്‌ക്ക് (ഇൻസാഫ് യാത്ര) ഞായറാഴ്‌ച കൊൽക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിൽ ഉജ്ജ്വല സമാപനം നടന്നത്. എല്ലാവർക്കും തൊഴിലും വിദ്യാഭ്യാസവും ഉറപ്പു വരുത്തുക, അഴിമതിയും വർഗീയ വിദ്വേഷവും തുടച്ചു മാറ്റുക, സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ഡിവൈഎഫ്‌ഐ പശ്ചിമ ബംഗാൾ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ മൂന്നിനാണ് കൂച്ച് ബിഹാറിൽ നിന്നും യാത്ര ആരംഭിച്ചത്.
മന്ത്രിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം
ദേശാഭിമാനിയിൽ മാത്രമല്ല, മലയാള മനോരമയിൽ വരെ ഈ പടുകൂറ്റൻ റാലിയുടെ ചിത്രം ഇന്ന് കാണാം. ഇന്ത്യയിലെ ദേശീയ പത്രങ്ങളും പ്രാധാന്യത്തോടെതന്നെ ഈ വാർത്തയും ചിത്രവും കൊടുത്തിട്ടുണ്ട്. ബംഗാൾ ഡിവൈഎഫ്ഐ നടത്തിയ ഇസാഫ് യാത്രയുടെ സമാപനം കുറിച്ചുള്ള റാലിയുടേതാണ് ഈ ചിത്രം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൈതാനങ്ങളിലൊന്നായ ബ്രിഗേഡ് പരേഡ് നിറയുക എന്നത് സാധാരണ വലിയ രാഷ്ട്രീയ റാലികളുടെയെല്ലാം അഭിമാനപ്രശ്നമാണ്. ബ്രിഗേഡ് മൈതാനം നിറയ്ക്കാനായി എന്നത് രാഷ്ട്രീയ പാർട്ടികൾ അവരുടെ വലിയ നേട്ടവും വിജയവുമായാണ് എക്കാലത്തും കണക്കാക്കിയിട്ടുള്ളത്. ഇവിടെയൊരു യുവജനസംഘടന മാത്രമായ ഡിവൈഎഫ്ഐയ്ക്ക് അത് നിറയ്ക്കാനായി എന്നത് അതിശയിപ്പിക്കുന്ന നേട്ടമാണ്. ബംഗാൾ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here