ഇന്ന് നിയമസഭയില്‍ വന്ന് പരിഹാസ്യരായ പ്രതിപക്ഷത്തോട് ചോദ്യവുമായി മന്ത്രി എം ബി രാജേഷ്. 48 മണിക്കൂറിൽ ഒടുങ്ങിപ്പോയ ബാര് വിവാദത്തിന്റെ ചാപിള്ളയുമായി നിയമസഭയില്‍ വന്ന് പരിഹാസ്യരായ പ്രതിപക്ഷത്തിനോട് ഇതുവരെ പറഞ്ഞ നുണകള് പൊളിഞ്ഞ സ്ഥിതിക്ക് തിരുത്തുമോ? എന്ന് മന്ത്രി നിരവധി ചോദ്യങ്ങൾ പങ്കുവെച്ച് ചോദിച്ചു. ഡി ജി പിക്ക് താൻ നൽകിയ പരാതി, ശബ്ദസന്ദേശത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന് മാത്രമാണെന്ന് കള്ളം ആവര്ത്തിച്ച് പറഞ്ഞതെന്തിന്?ഇല്ലാത്ത മദ്യനയത്തെക്കുറിച്ച് പറഞ്ഞ് പണം പിരിക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് തന്റെ പരാതിയിൽ ആവശ്യപ്പെട്ടത് എന്ന സത്യം പുറത്തുവന്ന സ്ഥിതിക്ക് മിനിമം തെറ്റ് സമ്മതിക്കാനെങ്കിലും തയ്യാറാവുമോ? യു.ഡി.എഫ് സര്ക്കാരിന്റെ കാലത്ത് മദ്യനയത്തിൽ, 52 ഡ്രൈ ഡേകൾ പ്രഖ്യാപിച്ച് നാല് മാസത്തിനുള്ളിൽ അത് പിൻവലിക്കാൻ വേറെ മദ്യനയം കൊണ്ടുവന്നിട്ട്, ഒരു ഡ്രൈ ഡേയും പിൻവലിക്കാൻ ആലോചിക്കുക പോലും ചെയ്യാത്ത എൽ.ഡി.എഫ് സർക്കാരിനെതിരെ അപവാദം പ്രചരിപ്പിക്കുന്നത് മറ്റുള്ളവരെ കള്ളനെന്ന് വിളിച്ചോടുന്ന പോക്കറ്റടിക്കാരനെ പോലെയല്ലേ?എന്നതുൾപ്പടെ നിരവധി ചോദ്യങ്ങൾ മന്ത്രി പങ്കുവെച്ച പോസ്റ്റിൽ ചോദിച്ചു.
ALSO READ: ലൈഫ് സയൻസ് പാർക്കിൽ ബയോടെക് ലാബും അഡ്മിൻ ബ്ലോക്കും പ്രവർത്തനസജ്ജമായി
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്
48 മണിക്കൂറിൽ ഒടുങ്ങിപ്പോയ ബാര് വിവാദത്തിന്റെ ചാപിള്ളയുമായി ഇന്ന് സഭയില് വന്ന് വീണ്ടും പരിഹാസ്യരായ പ്രതിപക്ഷത്തോടാണ്. ഇതുവരെ പറഞ്ഞ നുണകള് പൊളിഞ്ഞ സ്ഥിതിക്ക് തിരുത്തുമോ?
1. ഡി ജി പിക്ക് ഞാന് നൽകിയ പരാതി, ശബ്ദസന്ദേശത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന് മാത്രമാണെന്ന് കള്ളം ആവര്ത്തിച്ച് പറഞ്ഞതെന്തിന്?
2. ഇല്ലാത്ത മദ്യനയത്തെക്കുറിച്ച് പറഞ്ഞ് പണം പിരിക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് എന്റെ പരാതിയിൽ ആവശ്യപ്പെട്ടത് എന്ന സത്യം പുറത്തുവന്ന സ്ഥിതിക്ക് മിനിമം തെറ്റ് സമ്മതിക്കാനെങ്കിലും തയ്യാറാവുമോ?
3. യു.ഡി.എഫ് സര്ക്കാരിന്റെ കാലത്ത് മദ്യനയത്തിൽ, 52 ഡ്രൈ ഡേകൾ പ്രഖ്യാപിച്ച് നാല് മാസത്തിനുള്ളിൽ അത് പിൻവലിക്കാൻ വേറെ മദ്യനയം കൊണ്ടുവന്നിട്ട്, ഒരു ഡ്രൈ ഡേയും പിൻവലിക്കാൻ ആലോചിക്കുക പോലും ചെയ്യാത്ത എൽ.ഡി.എഫ് സർക്കാരിനെതിരെ അപവാദം പ്രചരിപ്പിക്കുന്നത് മറ്റുള്ളവരെ കള്ളനെന്ന് വിളിച്ചോടുന്ന പോക്കറ്റടിക്കാരനെ പോലെയല്ലേ?
4. നാലു മാസത്തിനുള്ളില് പിന്വലിക്കാനുള്ള ഗൂഢോദ്ദേശ്യത്തോടെ ഡ്രൈ ഡേ പ്രഖ്യാപിച്ച ശേഷം പിന്വലിച്ചപ്പോള് യു.ഡി.എഫ് എത്ര വാങ്ങിയെന്ന് പറയുമോ?
5. 2012 ൽ ബാർ ലൈസൻസ് ഫീസ് 3 ലക്ഷം കൂട്ടാനുള്ള എക്സൈസ് കമീഷണറുടെ ശുപാർശ തള്ളിക്കളഞ്ഞ് 2 ലക്ഷം കുറച്ചു കൊടുത്ത യു.ഡി.എഫ് ആണോ, കഴിഞ്ഞ എട്ട് വർഷം കൊണ്ട് 12 ലക്ഷം രൂപ കുത്തനെ ലൈസന്സ് ഫീസ് വര്ദ്ധിപ്പിച്ച എൽ.ഡി.എഫ് ആണോ ബാറുടമകളെ സഹായിച്ചത്?
6. അഞ്ചു വർഷം കൊണ്ട് വെറും അഞ്ച് ബാറുകളുടെ ലൈസൻസ് മാത്രം യു.ഡി .എഫ് സർക്കാർ സസ്‌പെൻഡ് ചെയ്തപ്പോള് ഒന്നാം പിണറായി സർക്കാർ 37 ബാറുകളുടെയും രണ്ടാം പിണറായി സർക്കാർ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് 87 ബാറുകളുടെയും ലൈസൻസ് സസ്പെന്റ് ചെയ്ത എല്.ഡി.എഫിനെതിരെ യു.ഡി.എഫ് ആരോപണം ഉന്നയിക്കുന്നത് ബാറുകാര്ക്ക് വേണ്ടിയാണോ?
7. നികുതി കുടിശ്ശിക വരുത്തിയ 16 ബാറുകളുടെ കെ.ജി.എസ്.ടി രജിസ്ട്രേഷന് എല്.ഡി.എഫ് സര്ക്കാര് റദ്ദാക്കിയ നടപടി സഭയില് പറഞ്ഞപ്പോള് പ്രതിപക്ഷ നേതാവിന് ഒരു ആരോപണം വിഴുങ്ങേണ്ടി വന്നില്ലേ? തെറ്റ് സമ്മതിക്കുമോ?
8. നികുതി കുടിശ്ശിക വരുത്തിയവര്ക്കുള്ള ഒറ്റത്തവണ തീര്പ്പാക്കല് പദ്ധതിയുടെ ആനുകൂല്യം ബാറുകാര്ക്ക് മാത്രം നല്കില്ലെന്ന് ബജറ്റില് പ്രഖ്യാപിച്ച എല്.ഡി.എഫ് സര്ക്കാരിനെ എതിര്ക്കുന്ന പ്രതിപക്ഷം ആരുടെ പിണിയാളുകളാണ്?
9. 2024 മാർച്ചിൽ മാത്രം 3.05 കോടി രൂപയുടെ ടേൺ ഓവർ ടാക്സ് തട്ടിപ്പ് പിടിക്കുകയും പിഴ ഈടാക്കാൻ ജപ്തിനടപടികൾ സ്വീകരിക്കുകയും ചെയ്ത എൽഡിഎഫ് സർക്കാരിനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷം ആര്ക്കു വേണ്ടിയാണ് കളിക്കുന്നത്?
10. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ വർഷത്തിൽ ഒരു ദിവസമാണ് ഡ്രൈ ഡേ. കേരളത്തിൽ അത് 18 ആണ് . ഡ്രൈ ഡേയുടെ പേരില് എൽ ഡി എഫ് സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്താന് ലജ്ജയില്ലേ പ്രതിപക്ഷമേ?
11. യു.ഡി.എഫ് സർക്കാരിന്റെ കാലത്തേക്കാള് ബാര് പ്രവൃത്തി സമയം അര മണിക്കൂര് കുറച്ചത് എല്.ഡി.എഫ് ആണെന്നത് നിഷേധിക്കാന് പ്രതിപക്ഷത്തിനാവുമോ?
12. ടൂറിസം വകുപ്പിനെ ഇപ്പോള് പഴിചാരുന്ന നിങ്ങള് ഭരിച്ചപ്പോള് മദ്യ നയം സംബന്ധിച്ച് പഠിക്കാന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയ രേഖ സഭയില് വെച്ചപ്പോള് നാവിറങ്ങിപ്പോയതെന്തേ?
നന്ദി പ്രതിപക്ഷമേ നന്ദി. ഒരു തരി സത്യമില്ലാത്ത, നുണകളില് മാത്രം കെട്ടിപ്പൊക്കിയ ഒരു വിവാദം സഭയില് പൊളിച്ചടുക്കാന് അവസരം തന്നതിന്.