ടൈംസ് ബിസിനസ് അവാർഡ്സിൽ ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്കാരം കരസ്ഥമാക്കിയ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങളുമായി മന്ത്രി എംബി രാജേഷ്. ആര്യയുടെ നേതൃത്വത്തിൽ നടന്നത് രാജ്യത്തിനാകെ മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചരിത്ര നേട്ടം കരസ്ഥമാക്കിയ മേയർ ആര്യാ രാജേന്ദ്രനും തിരുവനന്തപുരം നഗരസഭയ്ക്കും അഭിനന്ദനങ്ങള്‍
ടൈംസ് ബിസിനസ് അവാർഡ്സിൽ ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്കാരം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നേടിയിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ക്രിയാത്മകവും ഭാവനാപൂർണവുമായ ഊർജ സംരക്ഷണ പദ്ധതികള്‍ പരിഗണിച്ചാണ് ദി ടൈംസ് ഗ്രൂപ്പ്, 2024 ലെ പുരസ്കാരത്തിന് മേയറെ തെരഞ്ഞെടുത്തത്. കേരളത്തിനാകെ അഭിമാനകരമായ നേട്ടമാണിത്. ആര്യാ രാജേന്ദ്രൻ ബംഗളുരുവിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി.
Also Read: ബോളിവുഡ് താരം അനുപം ഖേറിന്റെ ഓഫീസില്‍ കവര്‍ച്ച; രണ്ടു പേര്‍ പിടിയില്‍
കാർബൺ ന്യൂട്രൽ നഗരം എന്ന ലക്ഷ്യത്തെ മുൻനിർത്തി രാജ്യത്തിനാകെ മാതൃകയാവുന്ന പ്രവർത്തനങ്ങളാണ് ആര്യയുടെ നേതൃത്വത്തിൽ നഗരസഭ ഏറ്റെടുത്തത്. ക്രിയാത്മകവും വൈവിധ്യപൂർണവുമായ ഈ ചുവടുവെപ്പിന് അർഹമായ ദേശീയ പുരസ്കാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സ്ട്രീറ്റ് ലൈറ്റുകള്‍ പൂർണമായി എൽഇഡി ആക്കിമാറ്റി, 40 ശതമാനത്തോളം വൈദ്യുതി ലാഭിക്കാനുള്ള പദ്ധതി തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. നഗരത്തിലെ മുഴുവൻ സർക്കാർ ഓഫിസുകളിലും അംഗൺവാടികളിലും ഇതിനകം സോളാർ റൂഫിംഗ് നഗരസഭ സ്ഥാപിച്ചുകഴിഞ്ഞു. ഇതിന് തുടർച്ചയായി ലൈഫ് പദ്ധതിയിലൂടെ അനുവദിച്ച 500 വീടുകളിലും സോളാർ റൂഫിംഗ് സൌജന്യമായി ഒരുക്കുന്നു. നഗരത്തിലെ ആകെ വൈദ്യുതി ഉപഭോഗമായ 800 മെഗാ വാട്ട് വൈദ്യുതിയും സോളാർ പദ്ധതികളിലൂടെ ഉത്പാദിപ്പിക്കാനാണ് ശ്രമം. നഗരസഭയുടെ ഇടപെടലിലൂടെ ഇതിനകം 300 മെഗാ വാട്ടിധികം വൈദ്യുതി നഗരത്തിൽ നിന്ന് സോളാർ വഴി ഉത്പാദിപ്പിക്കാൻ കഴിയുന്നു. ഈ നേട്ടങ്ങളുടെ ഭാഗമായി സോളാർ സിറ്റിയായി സംസ്ഥാന സർക്കാർ തിരുവനന്തപുത്തെ പ്രഖ്യാപിച്ചിരുന്നു. പ്രകൃതിക്കിണങ്ങിയ വികസനം ഉറപ്പാക്കാൻ 115 വൈദ്യുതി ബസുകൾ സിറ്റി സർവീസിനായി കോർപറേഷൻ വാങ്ങി കെഎസ്ആർടിസിക്ക് കൈമാറി. നഗരത്തിലെ വിനോദസഞ്ചാര മേഖലയ്ക്കായി രണ്ട് ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളും സർവീസ് നടത്തുന്നു. ഇതിന് പുറമേ 100 വൈദ്യുതി ഓട്ടോകൾ, 35 വൈദ്യുതി സ്കൂട്ടറുകൾ തുടങ്ങിയവയും കോർപറേഷൻ ലഭ്യമാക്കി. കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ചുള്ള നിർമ്മാണ രീതികളിലേക്ക് മാറാനുള്ള ശ്രമങ്ങള്‍, നഗരത്തിലെ ഗ്രീൻ കവർ വർധിപ്പിക്കാനുള്ള ഇടപെടൽ, മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനുള്ള നടപടികള്‍ എന്നിവയെല്ലാം ഇതോടൊപ്പം എടുത്തുപറയേണ്ട നേട്ടങ്ങളാണ്.
അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കാൻ സമഗ്രമായ കാഴ്ചപ്പാടും പദ്ധതികളും അനിവാര്യമാണ്. പരിസ്ഥിതിയോട് ഇണങ്ങിയ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത് അത്തരമൊരു സാധ്യതയാണ് തിരുവനന്തപുരം നഗരസഭ കേരളത്തിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമ്മാനിക്കുന്നത്. ഈ പ്രവർത്തനങ്ങള്‍ക്കാകെ നേതൃത്വം നൽകുന്ന മേയർ ആര്യാ രാജേന്ദ്രനും, ഭരണസമിതിക്കും, ജീവനക്കാർക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here