മയക്കുമരുന്ന് കേസുകളില്‍ തുടര്‍ച്ചയായി ഉള്‍പ്പെടുന്ന പ്രതികളെ കരുതല്‍ തടങ്കലില്‍ വെക്കാനുള്ള നിയമവ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കാന്‍ എക്‌സൈസ് സേനയ്ക്ക് തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍ദേശം നല്‍കി. ലഹരിമരുന്ന് നിരോധന നിയമപ്രകാരം കേരളത്തില്‍ ആദ്യമായി ഒരു പ്രതി കരുതല്‍ തടങ്കലിലായത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്. ഒന്നുമുതല്‍ രണ്ട് വര്‍ഷം വരെ ഇയാളെ ജാമ്യമില്ലാതെ തടവില്‍വെക്കാനാവും. ശക്തമായ ഇടപെടലിലൂടെ സ്ഥിരം കുറ്റവാളിയെ ജയിലിലടച്ച എക്‌സൈസ് സേനാംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികള്‍ക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിച്ച് പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
മയക്കുമരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കിലിലാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് എക്‌സൈസ് വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ സ്ഥിരം കുറ്റവാളികളുടെ പട്ടികയിലെ ആദ്യത്തെ പ്രതിയെയാണ് ഇപ്പോള്‍ കരുതല്‍ തടങ്കലിലാക്കിയിരിക്കുന്നത്. ഇതിന് പുറമേ ആറ് പ്രതികളുടെ കരുതല്‍ തടങ്കല്‍ അപേക്ഷ കൂടി വിവിധ തലത്തിലെ പരിഗണനയിലുണ്ട്. ജില്ലകളില്‍ കൂടുതല്‍ പ്രതികളുടെ പട്ടിക തയ്യാറാക്കുകയുമാണ്. എക്‌സൈസ് ശുപാര്‍ശ ചെയ്യുന്ന കേസുകള്‍, നിയമവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ചാണ് കരുതല്‍ തടങ്കല്‍ ആവശ്യമാണോ എന്ന് നിശ്ചയിക്കുന്നത്. സ്‌ക്രീനിംഗ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് കരുതല്‍ തടങ്കലിന് ഉത്തരവിടുന്നത്. ഇതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കും. കരുതല്‍ തടങ്കല്‍ ഉത്തരവ് ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള ജഡ്ജസ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയവുമായിരിക്കും.
കോട്ടയം ജില്ലയിലെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് എരുമേലി സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാക്കിയത്. എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രജിസ്റ്റര്‍ ചെയ്ത NDPS ക്രൈം 34/2020 മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങി എറണാകുളം സെഷന്‍സ് കോടതിയില്‍ വിചാരണ നേരിടുകയായിരുന്നു പ്രതി. ഈ സമയത്ത് പാലായില്‍ വച്ച് ബംഗളൂരില്‍ നിന്നും കൊണ്ടുവന്ന രാസലഹരികളുമായി കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇയാളെ പിടികൂടുകയായിരുന്നു. ഈ കേസില്‍ (NDPS ക്രൈം 45/2023) റിമാന്‍ഡില്‍ കഴിയവേയാണ് എക്‌സൈസ് വകുപ്പ് കരുതല്‍ തടങ്കലിനുള്ള അപേക്ഷ സമര്‍പ്പിച്ചത്.
മയക്കുമരുന്ന് കേസുകളില്‍ ആവര്‍ത്തിച്ച് പ്രതികളാകുന്നവരേയും മയക്കുമരുന്ന് വിപണനത്തെ പ്രോത്സാഹിപ്പിക്കുന്നവരെയും കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും തടയാന്‍ വേണ്ടിയാണ് കരുതല്‍ തടങ്കലിന് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ലഹരിമരുന്ന് നിരോധന നിയമം (Prevention of Illicit Traffic in Narcotic Drug and Psychotropic substances (PITNDPS) സെക്ഷന്‍ 2(ഇ) പ്രകാരം ഒന്നില്‍ കൂടുതല്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതികളാകുന്നവരെയും, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയോ ധനസഹായമോ പിന്തുണയോ സംരക്ഷണമോ ചെയ്യുന്നവരെയും രണ്ടു വര്‍ഷം വരെ ഈ നിയമം അനുസരിച്ച് കരുതല്‍ തടങ്കലില്‍ വയ്ക്കാനാവും. മയക്കുമരുന്ന് വ്യാപനത്തിന്റെയും ഉപഭോഗത്തിന്റെയും വ്യാപ്തി കുറയ്ക്കുന്നതിന് ഈ നിയമം ഫലപ്രദമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികളാണ് എക്‌സൈസ് സേന സ്വീകരിക്കുന്നതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 41.42 കോടി രൂപയുടെ മയക്കുമരുന്നാണ് എക്‌സൈസ് സേന പിടികൂടിയത്. 4446 കേസുകളിലായി 4420 പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. 232 വാഹനങ്ങളും പിടികൂടി. 2694 കിലോ കഞ്ചാവ്, 583.99 ഗ്രാം ഹെറോയിന്‍, 202.13 ഗ്രാം ബ്രൌണ്‍ ഷുഗര്‍, 23.53 ഗ്രാം ഹാഷിഷ്, 3065.2 ഗ്രാം എംഡിഎംഎ, 3045.75 ഗ്രാം മെത്താഫെറ്റമിന്‍, 5591 ഗ്രാം ഹാഷിഷ് ഓയില്‍ തുടങ്ങിയവയെല്ലാം എക്‌സൈസ് പിടികൂടിയിട്ടുണ്ട്. ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളുമായി എക്‌സൈസ് സേന മുന്നോട്ടുപോവുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here