തൃത്താല മണ്ഡലത്തിലെ ചാലിശേരി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂള് ഗ്രൌണ്ടിലെ ഗാലറി നാടിന് സമർപ്പിച്ച് മന്ത്രി എം ബി രാജേഷ്. കായിക രംഗത്തെ സമഗ്ര വികസനത്തിന് അനുയോജ്യമായ നടപടികളാണ് മണ്ഡലത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി കുറിച്ചു. തൃത്താലയിൽ സ്ഥിരമായി ഫുട്ബോള് ടൂർണമെന്റുകള്ക്കുള്പ്പെടെ വേദിയാകുന്ന ഗ്രൌണ്ടിൽ ഗാലറി കൂടി വരുന്നതോടെ, കൂടുതൽ മികച്ച കളിയാസ്വാദനം സാധ്യമാകുമെന്നതിൽ സംശയമില്ല എന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ALSO READ:ആവേശപ്പോരാട്ടത്തില്‍ പുതുപ്പള്ളി ആര്‍ക്കൊപ്പം? ഉപതെരഞ്ഞെടുപ്പ് ഫലം തത്സമയം
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
വീണ്ടും ഒരു തൃത്താലക്കാര്യമാണ്. മണ്ഡലത്തിന്റെ കായികക്കുതിപ്പിന് പുത്തൻ വേഗം പകരുന്ന ചാലിശേരി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂള് ഗ്രൌണ്ടിലെ ഗാലറി നാടിന് സമർപ്പിച്ചു. 2021-22 വർഷത്തെ ബജറ്റിൽ വകയിരുത്തിയ 74 ലക്ഷം രൂപ ഉപയോഗിച്ചാണ് ഗാലറിയും സ്റ്റേജും ഗേറ്റും നിർമ്മാണം പൂർത്തിയാക്കിയത്. 2023 ജനുവരി പകുതിയോടെ ആരംഭിച്ച നിർമ്മാണം കേവലം എട്ട് മാസം കൊണ്ടാണ് പൂർത്തിയായത്. തൃത്താലയിൽ സ്ഥിരമായി ഫുട്ബോള് ടൂർണമെന്റുകള്ക്കുള്പ്പെടെ വേദിയാകുന്ന ഗ്രൌണ്ടിൽ ഗാലറി കൂടി വരുന്നതോടെ, കൂടുതൽ മികച്ച കളിയാസ്വാദനം സാധ്യമാകുമെന്നതിൽ സംശയമില്ല. കായികരംഗത്തെ സമഗ്ര വികസനത്തിന് അനുയോജ്യമായ നടപടികളാണ് മണ്ഡലത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
2021 ൽ തൃത്താലയിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടയുടൻ പിടി എ ഭാരവാഹികളും ജിസിസി ക്ലബ് ഭാരവാഹികളും രാഷ്ട്രീയ പ്രവർത്തകരും ചാലിശേരി സ്കൂൾ ഗ്രൗണ്ട് നവീകരണത്തിന്റെയും ഗാലറി നിർമ്മാണത്തിന്റെയും ആവശ്യമുന്നയിച്ച് എന്നെ കാണുകയുണ്ടായി. 2020ൽ ഗാലറി നിർമ്മാണത്തിന് അനുമതി കിട്ടിയതായി പ്രചാരണമുണ്ടായിരുന്നുവെന്നും എന്നാൽ ഒരു വർഷമായിട്ടും പിന്നീട് യാതൊന്നും നടന്നില്ല എന്നും അവർ അറിയിക്കുകയുണ്ടായി. അവരുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഇടപെട്ടപ്പോൾ മതിയായ തുക വകയിരുത്തിയിട്ടില്ല എന്ന് അറിഞ്ഞു. തുടർന്ന് ഗാലറി നിർമ്മാണത്തിന് ആവശ്യമായ ചെലവ് എത്രയാണെന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി. 74 ലക്ഷം രൂപ ചെലവ് വരുമെന്ന് കണക്കാക്കി, അത്രയും തുക സർക്കാരിൽ നിന്ന് 2021ൽ അനുവദിപ്പിച്ചു. 2022 ഡിസംബറിൽ നിർമ്മാണ ഉദ്‌ഘാടനം നടത്തി. കലാമേള ആയതിനാൽ 2023 ജനുവരിയിലാണ് നിർമ്മാണം ആരംഭിച്ചത്. വെറും എട്ട് മാസം കൊണ്ട്, ഓഗസ്റ്റ് 30 ആകുമ്പോഴേക്കും നിർമ്മാണം പൂർത്തിയാക്കി. റെക്കോർഡ് സമയത്തിനുള്ളിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇതിൽ ഏറ്റവും കൂടുതൽ നന്ദി പറയേണ്ട ഒരു കൂട്ടർ ചാലിശേരി ജിസിസി ക്ലബ്ബിന്റെ പ്രവർത്തകരാണ്. അവരാണ് ഇക്കാര്യം എന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതും നിരന്തരം ഓർമ്മിപ്പിച്ചതും. അതോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി, ടി എം കുഞ്ഞുകുട്ടൻ, സ്കൂൾ പി ടി എ ഭാരവാഹികൾ എന്നിവരും ഇക്കാര്യത്തിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്.
തൃത്താലയിലെ ജനങ്ങള്ക്ക് നൽകിയ മറ്റൊരു വാഗ്ദാനം കൂടി യാഥാർഥ്യമാക്കിയിരിക്കുകയാണ്. കൂടുതൽ മികവാർന്ന നേട്ടങ്ങളിലേക്ക് നമുക്ക് മുന്നേറാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here