വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായ മുഴുവൻ രേഖകളും ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗ നിർദ്ദേശ പ്രകാരം ക്യാമ്പുകളിലുള്ളവരുടെ നഷ്ടപ്പെട്ടുപോയ രേഖകൾ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ രണ്ടുദിവസത്തിനകം വിവരശേഖരണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് താത്ക്കാലിക പുനരധിവാസത്തിനുള്ള സംവിധാനം ഉടൻ ഒരുക്കും. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ മേപ്പാടി പഞ്ചായത്തിന്‍റെ സമീപ പഞ്ചായത്തുകളിലുള്ള സർക്കാർ, സർക്കാർ ഇതര കെട്ടിടങ്ങളുടെ വിവരശേഖരണം ഒരാഴ്ചയ്ക്കകം പൂർത്തിയാക്കും. ദുരന്തത്തിന്റെ ഭാഗമായി 352 വീടുകൾ പൂർണമായും 122 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. കെട്ടിടങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ക്യാമ്പിലുള്ളവരെ താൽക്കാലികമായി മാറ്റും. പുനരധിവാസത്തിന് സ്ഥിരം സംവിധാനത്തിന് സംസ്ഥാന തലത്തിൽ ചർച്ച ചെയ്ത് വരികയാണെന്നും മന്ത്രി പറഞ്ഞു.
ALSO READ: സങ്കടക്കടൽ… തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുത്തുമലയിൽ സംസ്ക്കരിച്ചു
കുടുംബശ്രീയുടെ നേതൃത്വത്തിൽ ദുരന്തബാധിത മേഖലയിലെ കുടുംബങ്ങൾക്ക് മൈക്രോ പ്ലാൻ തയ്യാറാക്കും. പദ്ധതിപ്രകാരം 50 മുതൽ 75 വരെ കുടുംബങ്ങൾക്ക് ഒരു കമ്മ്യൂണിറ്റി മെന്‍ററെ ലഭ്യമാക്കും. സംസ്ഥാന മിഷനിൽ നിന്നുമുള്ള അഞ്ച് അംഗങ്ങളുടെ ഏകോപനത്തിൽ പദ്ധതി നടപ്പാക്കും. ഇതിനായി 20 കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരെയും നിയമിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നും ക്യാമ്പുകളിൽ നിന്നുമുള്ള മാലിന്യനിർമാർജനം മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. 12 ടൺ ജൈവമാലിന്യം ദുരന്ത പ്രദേശത്തു നിന്ന് നീക്കംചെയ്തു. ഏഴു ടൺ തുണി മാലിന്യങ്ങളും നീക്കം ചെയ്തിട്ടുണ്ട്. മെഡിക്കൽ, സാനിറ്ററി മാലിന്യങ്ങൾ ഒഴിവാക്കുന്നതിന് ‘ആക്രി’ സംവിധാനം ഉപയോഗിക്കും. കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ക്രഷറുകളുടെ സഹായം തേടും. കെട്ടിടാവശിഷ്ടങ്ങൾ നശിപ്പിക്കുന്നതിനുള്ള സിഎംടി പ്ലാന്റ് തിരുവനന്തപുരത്ത് നിന്നെത്തിക്കും. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ദുരന്തബാധിത പ്രദേശത്തും ക്യാമ്പുകളിലുമായി 74 ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 20 എണ്ണം ഇന്ന് സ്ഥാപിക്കും. ആവശ്യമെങ്കിൽ കൂടുതൽ ബയോ ടോയ്‌ലറ്റുകൾ ലഭ്യമാക്കാൻ ശുചിത്വമിഷൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളരിമല, തൃക്കേപ്പറ്റ വില്ലേജുകൾ സംസ്ഥാന സർക്കാർ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ 150 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതി വഴിയുള്ള റോഡ് നിർമ്മാണ പരിധി 10 ശതമാനം എന്നുള്ളത് വർദ്ധിപ്പിക്കും. 40 ശതമാനം മെറ്റീരിയൽ വർക്ക് പരിധിയും കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
ദുരന്ത മേഖലയിൽ കാണാതായവരുടെ വിവരശേഖരണം നടത്തുകയാണ്. റേഷൻ കാർഡുകൾ, അങ്കണവാടികൾ, കെഎസ്ഇബി, പാചകവാതകം,, ഹരിത മിത്രം അപ്പ്, തൊഴിൽ വകുപ്പ്, ഡിടിപിസി, ‘ബാങ്കുകൾ ഉൾപ്പെടെ വിവിധ മാർഗ്ഗങ്ങളിലൂടെ സമഗ്ര വിവരശേഖരണമാണ് നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ തദ്ദേശസ്വയംഭരണ വകുപ്പ് റൂറൽ ഡയറക്ടർ ദിനേശൻ, എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ എ.നിസാമുദ്ദീൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here