‘മുഖ്യശത്രു ബിജെപിയെന്ന് പരസ്യബോര്‍ഡ് വെയ്ക്കുന്നതു തന്നെ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഗതികേട്’: മന്ത്രി മുഹമ്മദ് റിയാസ്

മുഖ്യശത്രു ബിജെപിയെന്ന് പരസ്യബോര്‍ഡ് വെയ്ക്കുന്നതു തന്നെ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഗതികേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യശത്രു ബിജെപി തന്നെയാണ് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അത് വര്‍ത്തമാനത്തില്‍ മാത്രം ഉണ്ടായാല്‍ പോരാ. പ്രായോഗികമായി അത് നടപ്പിലാവുന്നുണ്ടോ എന്നതാണ് പ്രശ്‌നമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കര്‍ണാടകയില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ കേരളത്തിലെ മുഖ്യമന്ത്രിയെ ക്ഷണിച്ചില്ല. എന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചു. കേരളത്തിലെ യുഡിഎഫിന് അതില്‍ എന്താണ് നിലപാടെന്ന് മന്ത്രി ചോദിച്ചു. യുഡിഎഫിന് ബിജെപിയാണ് മുഖ്യശത്രുവെങ്കില്‍ കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന എല്‍ഡിഎഫിനെ പ്രധാനം ചെയ്യുന്ന മുഖ്യമന്ത്രിയെ ക്ഷണിക്കാനുള്ള നിലപാട് സ്വീകരിക്കുകയല്ലേ വേണ്ടതെന്ന് മന്ത്രി പറഞ്ഞു.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തതിനെ കെപിസിസിയുടെ ഒരു ഭാരവാഹി ആക്ഷേപിച്ചു. ബിജെപിയാണ് മുഖ്യശത്രുവെങ്കില്‍ കെപിസിസി പ്രസിഡന്റ് അതിനെ തള്ളി പറയേണ്ടേ? പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാക്കളും അതിനെ തള്ളി പറയണ്ടേ? ആരും അങ്ങനെ തള്ളിപ്പറയുന്നതായി കണ്ടിട്ടില്ല. അപ്പോള്‍ സംസ്ഥാനത്ത് മാത്രം മുഖ്യശത്രു ബിജെപി എന്ന് യുഡിഎഫ് ഇങ്ങനെ പരസ്യ ബോര്‍ഡ് വെച്ചുപിടിപ്പിക്കുന്നത് ഗതികേടാണ്. ബിജെപി തങ്ങളുടെ മുഖ്യശത്രു എന്ന ഒരു പരസ്യ ബോര്‍ഡ് വെയ്ക്കുന്നിടത്തേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മാറി. ഇത് നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News