വി ഡി സതീശൻ ‘വെറും ഡയലോഗ്’ സതീശൻ; മന്ത്രി പി എ മുഹമ്മദ് റിയാസ്

വി ഡി സതീശൻ വെറും ഡയലോഗ് സതീശൻ ആയി മാറിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവകേരള സദസിനെ തകർക്കാൻ ആവോളം നോക്കിയിട്ടും നടക്കാതെ ഒരു അക്രമശ്രമം നടത്തുക മാത്രമാണ് കോൺഗ്രസ് സമരത്തിലൂടെ നടത്തുന്നതെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു. നവകേരള സദസ് ഇന്ന് ആറ്റിങ്ങൽ മണ്ഡലത്തിൽ ആരംഭിക്കും.

Also Read: ഗവര്‍ണറെ അനുകൂലിച്ച കെ പി സി പ്രസിഡന്‍റ്  കെ സുധാകരനെ തള്ളി കെ സി വേണുഗോപാല്‍

പൊലീസ് വാൻ തകർക്കുക, തീയിടുക. ആണിയടിച്ച പലക കൊണ്ട് പോലീസിനെ ആക്രമിക്കുക എന്നീ അക്രമങ്ങളാണ് കോൺഗ്രസ് സമരത്തിനിടയിൽ ചെയ്തത്. സാധാരണ ഗതിയിൽ സമരത്തിന് പ്രവർത്തകരാണ് പങ്കെടുക്കുന്നതെങ്കിൽ കോൺഗ്രസ് കൊട്ടേഷൻ സംഘങ്ങളെയാണ് കൊണ്ട് വന്നത്. ഗവർണർ വിഷയത്തിൽ കോൺഗ്രസ് ഒരു നിലപാടും പറയുന്നില്ല. കെപിസിസി പ്രസിഡന്റ് പരസ്യമായി സംഘപരിവാറിനെയും ഗവർണറെയും അനുകൂലിച്ച് സംസാരിച്ച വിഷയത്തിൽ നിന്ന് ജനങ്ങളെ വഴി തിരിച്ചു വിടാനാണ് ഈ സമരാഭാസമെന്നും അദ്ദേഹം വിമർശിച്ചു.

ഇത്തരം അക്രമസമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് തന്നെ പ്രതിപക്ഷ നേതാവാണ്. ഞാൻ പ്രതിയായിരുന്നു എന്ന തരത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ട് അതിനെ പരസ്യപ്പെടുത്തി പേര് നേടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഈ സർക്കാരിന്റെ കാലാവധി പൂർത്തീകരിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അത് കോൺഗ്രസിന്റെ ആഗ്രഹം മാത്രമായി മാറും. വ്യാജ ഐ ഡി കാർഡ് നിർമാണത്തിന് നേതൃത്വം കൊടുത്തവർക്കെതിരെ ഒരു നടപടി പോലും എടുക്കാതെ ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ അധിക്ഷേപിക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് വി ഡി സതീശൻ.

Also Read: യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച്; 38 പേർക്കെതിരെ കേസ്

എൽഡിഎഫിലും യുഡിഎഫിലും മുമ്പ് നിരവധി പ്രതിപക്ഷ നേതാക്കന്മാർ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു രീതി ഇതുവരെ ഉണ്ടായിട്ടില്ല. പ്രതിപക്ഷനേതാവ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. അദ്ദേഹം ഒരു സമര പാരമ്പര്യവും ഇല്ലാത്ത ആളാണ്. സമര അനുഭവങ്ങളിലൂടെ നേതൃത്വത്തിലേക്ക് വന്ന വ്യക്തി ഒന്നുമല്ല പ്രതിപക്ഷ നേതാവ്. അതിൻറെ പരിചയക്കുറവ് അദ്ദേഹത്തിനുണ്ട്. അപ്പോൾ ഇതുപോലെ സമരങ്ങളിൽ മൈക്ക് കയ്യിൽ കിട്ടുമ്പോൾ വായിൽ തോന്നിയത് വിളിച്ചു പറയും. കേസിൽ പ്രതിയാകുമ്പോൾ ഫേസ്ബുക്കിൽ പോസ്റ്റ് പോസ്റ്റിടുന്നതൊക്കെ അദ്ദേഹത്തിന് ഇതെല്ലാം പുതിയ അനുഭവങ്ങൾ ആയി തോന്നുന്നു കൊണ്ടാണ്. ഞങ്ങളൊക്കെ കേസിൽപ്പെടുന്നത് ഫേസ്ബുക്കിൽ ഇടാൻ തുടങ്ങിയാൽ പുതിയ പേജ് വേണ്ടിവരും. ജനാധിപത്യപരമായ മര്യാദകൾ പാലിക്കാതെ വെറും ഡയലോഗ് സതീശനായി വി ഡി സതീശൻ മാറിക്കൊണ്ടിരിക്കുകയാണ് എന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ തന്നെ ശക്തമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News