മാർച്ച് 14 മുതൽ 17 വരെ നടക്കുന്ന സാഹസിക ടൂറിസം ഫെസ്റ്റുകളുടെ ലോഗോ പുറത്തിറക്കി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ടൂറിസം പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സാഹസിക ടൂറിസം ഫെസ്റ്റുകൾ സംഘടിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.ഇതിൽ രണ്ട് സാഹസിക ടൂറിസം ഫെസ്റ്റുകളുടെ ലോഗോയാണ് പുറത്തിറക്കിയത്. വാഗമണ്ണിൽ നടക്കുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ ആണ് ഒന്ന്.
ALSO READ: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; അടിയന്തര നടപടിക്ക് ഉത്തരവിട്ട എ കെ ശശീന്ദ്രൻ
ഫെസ്റ്റിൽ നൂറിലധികം അന്താരാഷ്ട്രാ ഗ്ലൈഡർമാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും 4 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ എയ്റോ അഡ്വഞ്ചർ ഫെസ്റ്റിവൽ ആക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.കേരളത്തെ ഒരു പ്രധാന സർഫിംഗ് ഡെസ്റ്റിനേഷൻ ആക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച് 29 മുതൽ 31 വരെ വർക്കലയിൽ അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്.
2024 കലണ്ടർ വർഷത്തിൽ ദേശീയ തലത്തിൽ നടക്കുന്ന ആദ്യ സർഫിംഗ് ഫെസ്റ്റിന് ആണ് വർക്കല വേദി ആകുന്നത്. ഇത്തരം പരിപാടികളിലൂടെ നമ്മുടെ കേരളത്തിൻ്റെ ടൂറിസം പോട്ടെൻഷ്യൽ പരമാവധി ഉപയോഗപ്പെടുത്താൻ ആണ് ശ്രമിക്കുന്നത്. സഞ്ചാരികളുടെ പ്രിയ ഇടമായി കേരളം മാറുന്നു എന്നതാണ് 2023 ലെ കണക്കുകളും സൂചിപ്പിക്കുന്നത്.
ഇതിൻ്റെ ഭാഗമായി 2023 ലെ സഞ്ചാരികളുടെ വരവ് സംബന്ധിച്ച കണക്കും അവതരിപ്പിച്ചു. 2023 ലെ ആഭ്യന്തര സഞ്ചാരികളുടെ വരവ് സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് മുന്നേറി. 2023 ല്‍ രാജ്യത്തിനകത്ത് നിന്ന് 2,18,71,641 സന്ദര്‍ശകരാണ് സംസ്ഥാനത്ത് എത്തിയത്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.92 ശതമാനം വര്‍ധനയാണിത്.2022 ല്‍ 1,88,67,414 ആഭ്യന്തര വിനോദസഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്. കോവിഡിന് മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 18.97 ശതമാനം വര്‍ധിച്ചു എന്നത് ശ്രദ്ധേയമാണ്.2023 ല്‍ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം ആഭ്യന്തര സന്ദര്‍ശകര്‍ എത്തിയത്, 44,87,930 പേര്‍. ഇടുക്കി (36,33,584), തിരുവനന്തപുരം (35,89,932), തൃശൂര്‍ (24,78,573), വയനാട് (17,50,267) എന്നീ ജില്ലകളാണ് കൂടുതൽ സഞ്ചാരികൾ എത്തിയ മറ്റു ജില്ലകൾ കേരളത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായി.
2022 ല്‍ 3,45,549 സഞ്ചാരികളാണ് എത്തിയതെങ്കില്‍ 2023 ല്‍ 6,49,057 പേരായി വര്‍ധിച്ചു.87.83 ശതമാനത്തിന്റെ വളര്‍ച്ചയാണിത്.2,79,904 വിദേശസഞ്ചാരികള്‍ എത്തിയ എറണാകുളം ജില്ലയാണ് ഒന്നാമത്. തിരുവനന്തപുരം (1,48,462), ഇടുക്കി (1,03,644), ആലപ്പുഴ (31,403), കോട്ടയം (28,458) ജില്ലകളാണ് പിന്നീട് വിനോദസഞ്ചാരികളുടെ വരവ് കോവിഡിന് മുൻപുള്ള സാഹചര്യത്തിലേക്ക് പൂർണമായി എത്തിയിട്ടില്ല.എങ്കിലും വിദേശ സഞ്ചാരികളുടെ കാര്യത്തിൽ ക്രമാനുഗതമായ വർദ്ധനവ് സാധ്യമാകുന്നത് ശുഭ സൂചനയായി വിലയിരുത്താം.
കോവിഡാനന്തര ടൂറിസത്തിലെ ട്രെൻഡുകൾ മനസ്സിലാക്കി പദ്ധതികളും കാമ്പയിനുകളും ആവിഷ്കരിച്ച് നടപ്പിലാക്കിയത് ടൂറിസം മേഖലയിൽ പ്രതിഫലിച്ചു എന്നാണ് 2023 ഇലെ കണക്കുകൾ സൂചിപ്പിക്കുന്നത്. പുതിയ മേഖലകളിലേക്ക് കേരളം ടൂറിസം വിപുലീകരിക്കുമ്പോൾ 2024, 2023 നെ മറികടക്കും. പുതിയ ചില ചുവടുവെപ്പുകൾ കൂടി അടുത്ത ദിവസം നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ കഴിയും എന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here