ഏക സിവില്‍ കോഡ്; രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ ചില കോണ്‍ഗ്രസ് എം പിമാര്‍ കാന്‍റീനില്‍ ഒളിച്ചിരുന്നു: മന്ത്രി മുഹമ്മദ് റിയാസ്

ഏക സിവില്‍ കോഡ് വിഷയത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്.  ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്‍റെ സമുന്നതനായ നേതാവ് വിക്രമാദിത്യ സിംഗ്  രസ്യമായി ഏകസിവില്‍ കോഡിനെ അനുകൂലിച്ചിരിക്കുകയാണ്. രാജസ്ഥാനിലേയും ഉത്തര്‍പ്രദേശിലേയും ഗുജറാത്തിലേയും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസിന്‍റെ സംസ്ഥാന ഘടകങ്ങള്‍ ഏക സിവില്‍ കോഡിനെതിരെ ശബ്ദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് കേരള ഘടകം തന്നെ ഏകസിവില്‍ കോ‍ഡ് വിഷയത്തില്‍ ഒരു നിലപാട് എടുക്കാന്‍ എത്ര ദിവസം കഴിയേണ്ടി വന്നു എന്ന് നമ്മള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഏക സിവിൽ കോഡില്‍ ഒളിച്ചോട്ടം, സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസ് മടിക്കുന്നു: മുഖ്യമന്ത്രി

ബി ജെ പി ഭരിക്കുന്ന ഉത്തരാഖണ്ഡ് , ഏകസിവില്‍ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ മുന്നോട്ടു പോയ സംസ്ഥാനമാണ്. അവിടെ കാര്യങ്ങള്‍ ഏറെക്കുറെ നടപ്പിലാക്കുന്ന ഘട്ടത്തിലേക്ക് എത്തി. അവിടെ പ്രധാന പ്രതിപക്ഷം കോണ്‍ഗ്രസ് ആണ്. പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസ് ആണ്. അവിടെ ഏക സിവില്‍ കോഡിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. അപ്പോള്‍ കുറുക്കന്‍ ആരാണെന്ന് താന്‍ പറഞ്ഞു തരേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ മതേതരത്വത്തിന്‍റെ പ്രതീകം കൂടിയായിരുന്ന ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കുറുക്കന്‍ ചില കോണ്‍ഗ്രസ് നേതാക്കളായിരുന്നു എന്നത് സമൂഹം കണ്ടതാണ്. പൗരത്വം നിയമം നടപ്പിലാക്കിയ ഘട്ടത്തില്‍ അതിനെതിരെ ശബ്ദിക്കാന്‍ മടിച്ച കുറുക്കന്‍ ആരായിരുന്നു എന്നുള്ളത് അന്ന് സമൂഹം കണ്ടതാണ്. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ സ്വകാര്യ ബില്ല് ബി ജെ പി നേതാവ് കൊണ്ടു വന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് എം പിമാര്‍ ചിലര്‍ കാന്‍റീനില്‍ ഒളിച്ചിരിക്കുകയായിരുന്നു. ചിലര്‍ ആ വഴിക്ക് വന്നില്ല. അതിനെതിരെ പ്രതികരിച്ചത് കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷി തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മണിപ്പൂരിലെ കലാപബാധിതരെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് ഇടതുപക്ഷ എം പിമാര്‍

കോണ്‍ഗ്രസിന് ഇതില്‍ ഒന്നും നിലപാട് ഇല്ല .ഇരു വര്‍ഗീയ വാദികളേയും കൂട്ടു പിടിച്ചാണ് കോണ്‍ഗ്രസ് എന്നും മുന്നോട്ടു പോയിട്ടുള്ളത് . കേരളത്തിലെ പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡണ്ടും ഏക സിവല്‍ കോഡിനെതിരെ ആദ്യഅഞ്ചു ദിവസങ്ങളില്‍ എടുത്ത നിലപാട് നാം കണ്ടു. അവസാനം കേരളമാകെ ഏകസിവില്‍ കോഡിന് എതിരാണെന്ന് കണ്ടപ്പോള്‍ , കാറ്റ് പ്രതികൂലമാണെന്ന് കണ്ടപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി ചില ചെപ്പടി വിദ്യകളുമായി ഇറങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ സദസ് സംഘടിപ്പിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സദസ് സംഘടിപ്പിക്കേണ്ടത് കോണ്‍ഗ്രസ് നേതാക്കളെ ആകെ വിളിച്ചു കൊണ്ടാണ്. അവരെയാണ് ബോധ്യപ്പെടുത്തേണ്ടത്.

ബി ജെ പി ലോകസഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് മതവര്‍ഗീയത പരത്തി ഭൂരിപക്ഷ വര്‍ഗീയതയിലൂടെ വീണ്ടും അധികാരത്തില്‍ വരാനുള്ള ശ്രമം നടത്തുന്നതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നത് എന്ന് ശക്തമായി പറയാന്‍ കോണ്‍ഗ്രസിന് പറ്റുന്നില്ല .

ഭരണഘടനയെ കൂട്ടുപിടിച്ചാണ് ഏക സിവിൽകോഡ് നടപ്പാക്കാൻ ബിജെപി ഒരുങ്ങുന്നത്. അതിൽ അനുച്ഛേദം 44 മാത്രം നടപ്പാക്കണമെന്ന് പറയുമ്പോൾ എല്ലാവർക്കും ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലിനനുസരിച് കൂലി, സ്ത്രീ സമത്വം എന്നിവയെല്ലാം ഉറപ്പാക്കാൻ പറയുന്ന മറ്റു നിർദേശക തത്വങ്ങൾ കൂടി നടപ്പാക്കാതെ 44 മാത്രം നടപ്പാക്കണം എന്ന് പറയുന്നതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നു പറയാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കുന്നില്ല എന്നതാണ് പ്രശ്നമെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News