മലയാളി മനസ്സുകളിൽ ഭാവനയും സാഹിത്യവും സമന്വയിപ്പിച്ച പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഒആർ കേളു. മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്‍റെ വിയോഗവേളയിൽ അനുശോചന സന്ദേശത്തിൽ എംടിയെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനും മലയാള സാഹിത്യലോകത്തിനും നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ നിറഞ്ഞുനിന്നിരുന്നു വ്യക്തിത്വമായിരുന്നു എംടി വാസുദേവൻ നായരുടേത്.
മതനിരപേക്ഷമായ രചനകളിലൂടെ സാധാരണക്കാരടക്കം എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എംടിയുടേത്. അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ എക്കാലവും മലയാള മനസുകളിൽ നിറഞ്ഞുനിൽക്കുമെന്നും മന്ത്രി അനുസ്മരിച്ചു.
ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എംടിയെ തേടിയെത്തിയിരുന്നു. മലയാള സാഹിത്യലോകത്തിനുണ്ടായ തീരാ നഷ്ടത്തിൽ അനുശോചിക്കുന്നതായും കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നതായും മന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
അതേസമയം നിരവധി പേരാണ് എംടി യുടെ വിയോഗത്തിൽ അനുശോചിച്ചത്. എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ നടൻ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം എന്ന് മമ്മൂട്ടി അനുസ്മരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here