ഇവിടെ എന്തോ പ്രശ്നമാണ് എന്ന പരിഭ്രാന്തി ഉണ്ടാക്കരുത്, നമുക്ക് ഒറ്റക്കെട്ടായി നേരിടാം: മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയിൽ പരിഭ്രാന്തി പടരുന്ന നിലയിലേക്കുള്ള പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിപയെ സംബന്ധിച്ച് ഫേക്ക് വാർത്തകൾ പ്രചരിപ്പിക്കരുത്, ഇവിടെ എന്തോ പ്രശ്നമാണ് എന്ന പരിഭ്രാന്തി ഉണ്ടാക്കരുത്, ഇത് നമുക്ക് നേരിടാവുന്നതേയുള്ളൂവെന്ന് മന്ത്രി കൈരളി ന്യൂസിനോട് പ്രതികരിച്ചു.

ALSO READ: വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം; തമിഴ്നാട് സര്‍ക്കാർ പദ്ധതിക്ക് നാളെ തുടക്കമാകും

‘പരിഭ്രാന്തി പടരുന്ന നിലയിലേക്കുള്ള പ്രശ്നമില്ല. തുടക്കത്തിലേ സൂചന കിട്ടിയപ്പോൾ തന്നെ എല്ലാ നിലയിലും സർക്കാർ ഇടപെട്ടു. ആരോഗ്യമന്ത്രി ആരോഗ്യ പ്രവർത്തകരെയെല്ലാം വിളിച്ചു ചേർത്ത് യോഗം വിളിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. കുറ്റിയാടി എം എൽ എ കുഞ്ഞമ്മുട്ടി മാഷും നാദാപുരം എം എൽ എ ഇ കെ വിജയൻ മാഷും ഞാനും ചേർന്ന് കുറ്റിയാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ എട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു. മരണം നടന്ന വ്യക്തിയുടെ പഞ്ചായത്തുകൾ ഉൾപ്പെടെ അടുത്ത പ്രദേശങ്ങളായ എട്ട് പഞ്ചായത്തുകളിൽ നിന്നും പ്രസിഡന്റുമാരെ വിളിച്ച് യോഗം ചേർന്ന് തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്തു. എന്തൊക്കെയാണ് പ്രതിരോധ പ്രവർത്തങ്ങൾ ഫീൽഡിൽ നടത്തേണ്ടതെന്ന് കൃത്യമായി പ്ലാൻ ചെയ്തു. വോളണ്ടിയർ പ്രവർത്തനം, ക്വാറന്റൈനിൽ പോകുന്നവരെ എങ്ങനെ സംരക്ഷിക്കണം, ജനങ്ങളിൽ ആശങ്ക പടർത്താതെ എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യണം എന്നൊക്കെ ഞങ്ങൾ ചർച്ച ചെയ്തു’, മന്ത്രി പറഞ്ഞു.

ALSO READ: നിപ ജാഗ്രത മുന്നറിയിപ്പ്; വയനാട്ടിലും നിയന്ത്രണം

‘വിവിധ വകുപ്പുകളുടെ ജില്ലയിലെ മേധാവികളുടെ യോഗം അന്ന് വൈകീട്ട് ഞാനും ആരോഗ്യമന്ത്രിയും വിളിച്ചു ചേർത്തു. ചീഫ് സെക്രട്ടറി പങ്കെടുത്തിരുന്നു, ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം അതിൽ പങ്കെടുത്തിരുന്നു. ബഹുമാന്യനായ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അതിന്റെ അവലോകന യോഗം നടത്തി. എടുക്കേണ്ട നിലപാടുകൾ എടുത്ത നിലപാടുകൾ എല്ലാം പരിശോധിച്ചു. അതിൽ വിവിധ വകുപ്പ് മന്ത്രിമാർ ഉണ്ടായിരുന്നു. 10 ദിവസം പൊതു പരിപാടികൾക്ക് നിയന്ത്രം ഏർപ്പെടുത്തി. ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. വെള്ളിയാഴ്ച ഒരു സർവകക്ഷി യോഗം നടത്തുന്നുണ്ട്. 11 മണിക്ക് പഞ്ചായത്തുകളിൽ ഫീൽഡിൽ ചെയ്യേണ്ട കാര്യങ്ങൾ ഞങ്ങൾ പങ്കെടുത്തു നടത്തുന്നുണ്ട്. ഭയം വേണ്ട ജാഗ്രത മതി. ഫേക്ക് വാർത്തകൾ പ്രചരിപ്പിക്കരുത്. ഇവിടെ എന്തോ പ്രശ്നമാണ് എന്ന പരിഭ്രാന്തി ഉണ്ടാക്കരുത്. ഇത് നമുക്ക് നേരിടാവുന്നതേയുള്ളൂ. സർക്കാർ നൽകുന്ന നിർദേശങ്ങൾ മാത്രം പിന്തുടരുക’, മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News