നിയമവകുപ്പിലും ഇ-ഗവേണൻസ് നടപ്പിലാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു; വിരമിച്ച നിയമ വകുപ്പ് സെക്രട്ടറിക്ക് ആശംസകളുമായി മന്ത്രി പി രാജീവ്

വിരമിച്ച നിയമ വകുപ്പ് സെക്രട്ടറി ഹരി നായർക്ക് ആശംസകളുമായി മന്ത്രി പി രാജീവ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി രാജീവ് ഹരികുമാറിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കൊണ്ട് കുറിപ്പ് പങ്കുവെച്ചത്. ഏത് വകുപ്പിന്റെയും വിജയത്തിന്റെ കൂട്ടായ പ്രവർത്തനത്തിനു നേതൃത്വം നൽകാൻ ഹരി നായർക്ക് സാധിച്ചു എന്ന് മന്ത്രി പറഞ്ഞു.വകുപ്പ് തലത്തിൽ നാൽപതോളം ബില്ലുകൾ അവതരിപ്പിക്കുകയും 36 ബില്ലുകൾ പാസാക്കുകയും ചെയ്ത സഭാ സമ്മേളനത്തിനു നിയമവകുപ്പിന്റെ കഠിനാധ്വാനത്തിലും ഹരി നായറുടെ പങ്ക് എടുത്തുപറയേണ്ടതാണെന്നും മന്ത്രി കുറിച്ചു.

also read:കിണറ്റിലകപ്പെട്ട് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് സഹായവുമായി മന്ത്രി വി ശിവൻകുട്ടി

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ജനാധിപത്യത്തിൻ്റെ ശരിയായ അർത്ഥത്തെ സ്വാംശീകരിച്ചുകൊണ്ടുതന്നെ വിവിധ വിഷയങ്ങളിൽ അതിൻ്റെ പ്രായോഗികതലത്തിൽ നിന്നുകൊണ്ട് ശരിയായ ഉപദേശം നൽകുന്നതിന് സാധിച്ച വ്യക്തിയാണ് ഇന്നലെ വിരമിച്ച നിയമ വകുപ്പ് സെക്രട്ടറി ഹരി നായർ. ഏത് വകുപ്പിൻ്റെയും വിജയമെന്നുള്ളത് കൂട്ടായ പ്രവർത്തനമാണ്. അതിന് നേതൃത്വം നൽകാൻ ഹരി നായർക്ക് സാധിച്ചു. അദ്ദേഹം ചുമതലയെടുത്ത് അൽപസമയത്തിനുള്ളിലാണ് കേരള നിയമസഭ ചരിത്രപ്രാധാന്യമേറിയ ഒരു സെഷൻ വിളിച്ചുചേർത്തത്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിന് തന്നെ ഒരു പുതിയ അനുഭവമായിക്കൊണ്ട് നിയമനിർമ്മാണത്തിന് മാത്രമായി ഒരു സെഷൻ. നാൽപതോളം ബില്ലുകൾ അവതരിപ്പിക്കുകയും 36 ബില്ലുകൾ പാസാക്കുകയും ചെയ്ത സഭാ സമ്മേളനം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിയമവകുപ്പ് ആ സെഷന് വേണ്ടി കഠിനാധ്വാനം ചെയ്യുകയുണ്ടായി. അതിന് ഹരി നായറുടെ പങ്ക് എടുത്തുപറയേണ്ടതാണ്.
മറ്റ് വകുപ്പുകളിലെ ഫയലുകളെല്ലാം ഡിജിറ്റലായെങ്കിലും നിയമവകുപ്പിലെ ഫയലുകൾ കടലാസുകെട്ടുകളായി തന്നെയായിരുന്നു വന്നുകൊണ്ടിരുന്നത്. ഇത് മാറ്റി നിയമവകുപ്പിലും ഇ-ഗവേണൻസ് നടപ്പിലാക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കേന്ദ്രനിയമം അടിസ്ഥാനപ്പെടുത്തിക്കൊണ്ട് നോട്ടറി നിയമനങ്ങളെല്ലാം ഓൺലൈൻ സംവിധാനത്തിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. അതിൻ്റെ സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിലും നിരന്തരം അത് പരിശോധിച്ച് അവസാന രൂപം നൽകുന്നതിലും ഹരി നായർ നേതൃപരമായ പങ്കാണ് വഹിച്ചത്. അഡ്വൈസറി സംവിധാനമെന്ന നിലയിൽ ഉപദേശങ്ങൾ നൽകുന്ന ഘട്ടത്തിലും പ്രായോഗികതയിലൂന്നിക്കൊണ്ട് എല്ലാ വകുപ്പുകളെയും ഏകോപിപ്പിക്കുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ സ്നേഹത്തോടെ യാത്രയയക്കുന്നതിന് എല്ലാ വകുപ്പുകളിൽ നിന്നുമുള്ള ആളുകൾ എത്തിച്ചേർന്നിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഏറ്റവും മികച്ച അനുഭവമായിട്ടാണ് വ്യക്തിപരമായി ഞാനും കണക്കാക്കുന്നത്. നിയമവകുപ്പിനും കേരളത്തിനാകെയും നൽകിയ സംഭാവനകളെ സ്മരിക്കുന്നു. ഇനിയുള്ള നാളുകളിലും നല്ലരീതിയിൽ നാടിന് സേവനം നൽകുവാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

also read: ‘ആലുവയിലെ കൊലപാതകത്തില്‍ പ്രതിക്ക് വേണ്ടി വാദിക്കില്ല; വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോരാടും’: അഡ്വ ബി എ ആളൂര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here