പ്രധാന പ്രതിയാരാണ്? അതും ചാൻസലർ തന്നെ! അപ്പോൾ ഇരട്ട ശിക്ഷ ആർക്ക് നൽകണം? ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മന്ത്രി പി രാജീവ്

വൈസ് ചാൻസലർമാരെ പുറത്താക്കിയ ചാൻസലറുടെ ഉത്തരവ് വായിച്ചാൽ ആരെയായിരുന്നു പുറത്താക്കേണ്ടിയിരുന്നതെന്ന് ആരും ചിന്തിച്ചുപോകുമെന്ന് മന്ത്രി പി രാജീവ്. തൻറെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. ഒന്നാമത്തെ കുറ്റം സെലക്ട് കമ്മിറ്റി യുജിസി മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചല്ലയെന്നതാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,

വൈസ്ചാൻസലർമാരെ പുറത്താക്കിയ ചാൻസലറുടെ ഉത്തരവ് വായിച്ചാൽ ആരെയായിരുന്നു പുറത്താക്കേണ്ടിയിരുന്നതെന്ന് ആരും ചിന്തിച്ചുപോകും
ഒന്നാമത്തെ കുറ്റം സെലക്ട് കമ്മിറ്റി യുജിസി മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചല്ലയെന്നതാണ്. യഥാർത്ഥത്തിൽ ഈ നിയമനങ്ങൾ നടക്കുന്ന സമയത്തെ സുപ്രീംകോടതിവിധി കല്യാണിമതിവൻ കേസിലേതായിരുന്നു. അത് സംസ്ഥാന നിയമങ്ങൾക്കാണ് യുജിസി മാനദണ്ഡങ്ങളേക്കാൾ മുൻഗണനയെന്നതായിരുന്നു. ആ നിയമപ്രശ്നം അവിടെ നിൽക്കട്ടെ. ഇപ്പോൾ പറയുന്നത് അനുസരിച്ച് യുജിസിമാനദണ്ഡങ്ങൾക്ക് വിരുദ്ധമായ അംഗം ഉൾക്കൊള്ളുന്ന കമ്മിറ്റി നിർദ്ദേശിച്ചതുകൊണ്ടാണ് യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകളെല്ലാം ഉണ്ടായിട്ടും നിയമനം റദ്ദാക്കുന്നതെങ്കിൽ യോഗ്യതയില്ലാത്ത കമ്മിറ്റിയെ നിയമിച്ച ഒന്നാം പ്രതിയാരാണ്? അത് ചാൻസലർ തന്നെ! അപ്പോൾ ആരെയാണ് ആദ്യം സ്ഥാനത്ത് നിന്ന് മാറ്റേണ്ടത്?
രണ്ടാമതായി സെർച്ച് കമ്മിറ്റിയിൽ അംഗമായിരുന്ന യുജിസി പ്രതിനിധിയുടെ ജോലി എന്തായിരുന്നു? ഈ നിയമന പ്രക്രിയ പൂർണ്ണമായും യുജിസി മാനദഡങ്ങൾക്ക് അനുസരിച്ച് നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനാണ് യുജിസി പ്രതിനിധിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നത്. യുജിസി പ്രതിനിധി കൂടി നിർദ്ദേശിക്കുന്ന രീതിയിൽ ലംഘനമുണ്ടെങ്കിൽ ആ പ്രതിനിധിയല്ലേ രണ്ടാംപ്രതി. എന്തായിരുന്നുശിക്ഷ?
ഇനി ഇങ്ങനെ യുജിസി മാനദണ്ഡം ലംഘിച്ചെന്ന് പറയുന്ന കമ്മിറ്റി നിർദ്ദേശിച്ച വ്യക്തിയെ നിയമിച്ച പ്രധാന പ്രതിയാരാണ്? അതും ചാൻസലർ തന്നെ! അപ്പോൾ ഇരട്ട ശിക്ഷ ആർക്ക് നൽകണം? ‘
ശിക്ഷിക്കപ്പെട്ട വൈസ് ചാൻസലർമാരുടെ കുറ്റം എന്തായിരിക്കും? യുജിസി നിഷ്കർഷിക്കുന്ന എല്ലാ യോഗ്യതയുമുള്ളവർ ഈ കമ്മിറ്റിയുടെ മുമ്പിൽ ഇൻറർവ്യുവിന് ഹാജരായിട്ടുണ്ട്. അവരോട് നിരവധി ചോദ്യങ്ങൾ കമ്മിറ്റി ചോദിച്ചിട്ടുണ്ടാകാം, അവർ മറുപടിയും നൽകിയിട്ടുണ്ടാകും. എന്നാൽ, അവർ ഒരു തെറ്റ് ചെയ്തു! ആദ്യം അവർ സെലക്ട് കമ്മിറ്റി അംഗങ്ങളോട് നിങ്ങളെല്ലാം യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരാണോയെന്ന് അങ്ങോട്ട് ചോദിക്കണമായിരുന്നു.😁. അത് ഉറപ്പുവരുത്തിവേണമായിരുന്നു ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കേണ്ടത്!
അപ്പോൾ നിയമനരീതി മാനദന്ധങ്ങൾ അനുസരിച്ചല്ലാതെയാണെങ്കിൽ റദ്ദാക്കേണ്ടിവരില്ലേ? തീർച്ചയായും വേണം. പക്ഷേ, അത് പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് എല്ലാ തെറ്റും ചെയ്തതായി സ്വയം കണ്ടെത്തിയ ചാൻസലറല്ല, നീതിപീഠമാണ്-
വാൽക്കഷണം: സുപ്രീംകോടതിവിധിക്ക്ശേഷം ഇന്ത്യയിലെ നൂറിലധികം യൂണിവേഴ്സിറ്റികളിൽ സംസ്ഥാന നിയമങ്ങൾഅനുസരിച്ച്, യുജിസി മാനദണ്ഡം അനുസരിച്ചല്ലാതെ നിയമിച്ച വൈസ്ചാൻസലർമാർ ഇപ്പോഴും തുടരുന്നുണ്ട്. അവിടെയും ചാൻസലർമാരുണ്ട്, കേട്ടോ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News