വ്യവസായ മന്ത്രി പി. രാജീവ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ചിത്രം എഫ്ബിയില്‍ പങ്കുവച്ചു. തന്റെ ജീവിത വഴികളില്‍ പിന്നിട്ട ഒരു അധ്യായം. അന്ന് അനുഭവിച്ച യാതനകളും വേദനകളും സധൈര്യം നേരിട്ട അദ്ദേഹത്തിന്റെ ഈ അനുഭവകുറിപ്പ് വായനക്കാരുടെ കണ്ണ് നനയിക്കും. കൂത്തുപറമ്പ് വെടിവെയ്പ്പും അതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിഷേധങ്ങളും അതിന്റെ ഭാഗമായ അദ്ദേഹത്തെയും ഒപ്പം ഉണ്ടായിരുന്നവരെയും പൊലീസുകാര്‍ മര്‍ദ്ദിച്ച് അവശരാക്കിയതുമെല്ലാം അദ്ദേഹം ഓര്‍ത്തെടുക്കുകയാണ്.
ALSO READ: ലോകത്തിലെ ഏറ്റവും മികച്ച 20 സമ്പന്നരുടെ പട്ടികയിൽ ഇടം നേടി ഗൗതം അദാനി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്.
94 ലെ ഈ ചിത്രം കഴിഞ്ഞദിവസങ്ങളില്‍ പലരും അയച്ചുതന്നിരുന്നു. 1994 നവമ്പര്‍ 25 നാണ് കൂത്തുപറമ്പ് വെടിവെപ്പ് നടന്നത്. പ്രതിഷേധ പ്രകടനം നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ആയിരങ്ങളെ അണിനിരത്തിയാണ് കൂത്തുപറമ്പില്‍ യുവജനങ്ങള്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. എന്നാല്‍, വെടിയുണ്ട കൊണ്ടാണ് യു ഡി എഫ്‌സര്‍ക്കാരിന്റെ പോലീസ് നേരിട്ടത്. അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആ വിവരം അറിഞ്ഞയുടന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ എസ് എഫ് ഐ സംസ്ഥാനകമ്മിറ്റി ആഹ്വാനം ചെയ്തു. അതേ ദിവസംതന്നെ അഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി കരുണാകരന്‍ എറണാകുളം അമ്പാദ്പ്ലാസയില്‍ നേത്രരോഗവിദഗ്ദരുടെ സമ്മേളനത്തിനായി എത്തുമെന്ന വിവരം ലഭിക്കുന്നത്. അവിടെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചു. അതേ തുടര്‍ന്ന് പരിപാടിക്ക് മുഖ്യമന്ത്രി വരില്ലെന്ന് ആദ്യം വിവരം ലഭിച്ചു. ഞങ്ങള്‍ എറണാകുളത്തെ സമര പന്തലില്‍ നിന്നും അബാദ്പ്ലാസയിലേക്ക് നീങ്ങി. കമ്മീഷണറായിരുന്നു ബഹ്‌റയുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് ബന്തവസ്സില്‍ അബാദ്പ്ലാസ്സയിലേക്ക് ശ്രീ കരുണാകരന്‍ എത്തുന്ന സന്ദര്‍ഭത്തില്‍ ഞങ്ങള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പോലീസ് ഭീകരമായിഞങ്ങളെ കൈകാര്യംചെയ്തു. അതുമതിയാകാതെ അറസ്റ്റ് ചെയ്ത് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആ ചിത്രമാണിത്.
എന്നെയും ഡിവൈഎഫ് ഐ ബ്ലോക്ക് സെക്രട്ടറി എന്‍ സതീഷിനേയും ജിപ്പിലേക്ക് കയറ്റുന്നത് കണ്ട് ഓടിയെത്തിയ മുന്നുപേരെ കൂടി ജീപ്പിലേക്ക് കയറ്റി. അബുവും നാസറും വിദ്യാധരനുമായിരുന്നു അത്. സാധാരണ വിദ്യാര്‍ത്ഥി സമരങ്ങളില്‍ പോലീസ് ലാത്തിചാര്‍ജുകള്‍ ഉണ്ടാകാറുണ്ട്. അതുകഴിഞ്ഞാല്‍ ചിലപ്പോള്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും. പരിക്കുണ്ടെങ്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. അന്ന് ഇത് രണ്ടുമുണ്ടായില്ല. പകരം ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു കാത്തിരുന്നത്. നേരം ഇരുട്ടി, അതുവരെയുണ്ടായിരുന്ന പോലീസ് മാറി. കമ്മിഷണറുടെ പ്രത്യേക സ്‌ക്വാഡ് സ്റ്റേഷനില്‍ എത്തി. ഓരോരുത്തരെയായി ലോക്കപ്പിന് അടുത്തുള്ള മുറിയിലേക്ക് വിളിച്ചു. എന്റെ ചുറ്റും ഒരു സംഘം വളഞ്ഞുനിന്ന് ഇടിക്കാന്‍ തുടങ്ങി. രാധാകൃഷ്ണപിള്ള, രവീന്ദ്രന്‍, വിലാസന്‍, ജയദ്രഥന്‍,സെബാസ്റ്റ്യന്‍, ബാബു എന്നിവരടങ്ങിയ ഇടി സംഘത്തിന്ഒരുദയയും ഉണ്ടായില്ല. രവീന്ദ്രന്‍ ഇരുകൈകൊണ്ടും രണ്ടുചെവിയും പൊത്തിയടിച്ചു. ഡയഫ്രത്തിനുണ്ടായ മുറിവ് മാറാന്‍ പിന്നെ ഏറെക്കാലമെടുത്തു. തുണിയില്‍ പൊതിഞ്ഞ കതിനക്കുറ്റി വെച്ചായിരുന്നു ബാബുവിന്റെ പ്രയോഗം. സതീഷിന്റേയും എന്റേയും വാരിയെല്ലുകള്‍ പൊട്ടി. രണ്ടുമാസം കിടക്കയില്‍ അനങ്ങാതെകിടക്കേണ്ടിവന്നു. ഇടിയും ചവിട്ടും അടിയുമേറ്റ് അവശരായ ഞങ്ങളെ ഓരോരുത്തരെ വരാന്തയിലേക്ക് കൊണ്ടുപോയി തറയിലിരുത്തി. നീട്ടിവെപ്പിച്ച കാലുകളുടെ രണ്ടുവശത്തും നിന്ന് രണ്ടുപേര്‍ ചൂരല്‍കൊണ്ട് അതൊടിയും വരെ കാല്‍വെള്ളയില്‍ അടിച്ചു. വേദന സഹിക്കാന്‍വയ്യാതെ അബൂക്ക കാല്‍വലിച്ചപ്പോള്‍ രവീന്ദ്രന്‍ ബൂട്ടുകൊണ്ട് കാലില്‍ ചവിട്ടി. അതുകണ്ട് പാര്‍വ്വതിഎന്ന പോലിസ്‌കാരി കരഞ്ഞുകൊണ്ട് അരുതേയെന്ന് പറഞ്ഞ് പുറത്തേക്ക് ഓടി. വെള്ളം ഒഴിച്ച ലോക്കപ്പിലേക്ക് ഞങ്ങളെ കൊണ്ടുതള്ളി. പിറ്റേദിവസം കോടതിയില്‍ ഹാജരാക്കിയ ഞങ്ങള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പിന്നീട് നീണ്ടകാല ചികിത്സകള്‍. പരസ്യപ്രഖ്യാപനം നടത്തി സമാധാനപരമായി പ്രതിഷേധം പ്രകടിപ്പിച്ചപ്പോള്‍ അതിനോടുള്ള പ്രതികരണം എങ്ങനെയായിരുന്നുവെന്ന് ശരീരം ചിലപ്പോഴോക്കെ ഓര്‍മ്മിപ്പിക്കാറുണ്ടെന്ന് മാത്രം.
ALSO READ: ഒരു മാസമായി ഓൺലൈൻ ഗെയിമിംഗില്‍ ഏർപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
വാല്‍ക്കഷണം
ചിത്രത്തില്‍ അറസ്റ്റ് ചെയ്ത്‌കൊണ്ട് പോകുന്നത് പോലീസ് ഉദ്യോഗസ്ഥന്‍ ശ്രീ മാര്‍ട്ടിനാണ്. അദ്ദേഹം അടി,ഇടി സംഘത്തിലുണ്ടായിരുന്നില്ല. ലോകസഭ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുമ്പോള്‍ കണ്‍വെന്‍ഷനില്‍ റിട്ടയര്‍ചെയ്ത അദ്ദേഹം പങ്കെടുത്തത് വാര്‍ത്തയായിരുന്നു
അതുപോലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയപ്പോള്‍ പഴയകമ്മീഷണര്‍ ബഹ്‌റസ്വീകരിച്ചതും വാര്‍ത്തയായി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here