സർക്കാർ ഇടപെടൽ ഫലം കണ്ടു; കേന്ദ്ര ഖനനനിയമ ഭേദഗതിയിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉൾപ്പെടുത്തി,മന്ത്രി പി രാജീവ്

1957-ലെ മൈന്‍സ് & മിനറല്‍സ് (ഡവലപ്പ്മെന്റ് ആന്റ് റെഗുലേഷന്‍സ്) നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്താനുദ്ദേശിക്കുന്ന ഭേദഗതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച ആവശ്യപ്രകാരം മാറ്റം വരുത്തി. ആണവ ധാതുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 8 ധാതുക്കളെ പ്രസ്തുത പട്ടികയില്‍ നിന്നും മാറ്റാനുള്ള ഭേദഗതി നിർദ്ദേശമാണ് കേരള സർക്കാരിന്റെ ആവശ്യപ്രകാരം തിരുത്തിയത്. ഇതുപ്രകാരം ഷെഡ്യൂളിലും ചട്ടങ്ങളിലും തദനുസൃതമായ മാറ്റം വരുത്തണമെന്ന് വ്യവസായ മന്ത്രി പി.രാജീവ് ആവശ്യപ്പെട്ടു. ഭേദഗതിക്കെതിരെ കേരളം ഒരു വർഷം മുൻപ് തന്നെ എതിർപ്പ് അറിയിച്ചിരുന്നു. മന്ത്രി പി.രാജീവ് കേന്ദ്ര ഖനനമന്ത്രി പ്രഹ്ളാദ് ജോഷിയെ നേരിൽ കണ്ടാണ് ഇതു സംബന്ധിച്ച നിവേദനം നൽകിയത്.

രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി ആണവ ധാതുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ധാതുക്കളായ മോണോസൈറ്റ്, ഇന്‍മനൈറ്റ്, സിലിമനൈറ്റ്, സില്‍ക്കോണ്‍, റൂട്ടൈല്‍ എന്നിവ ക്രിട്ടിക്കല്‍ മിനറല്‍ എന്ന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള തീരുമാനം തിരുത്തി കേന്ദ്രസർക്കാർ ഭേദഗതി പുന:പ്രസിദ്ധീകരിച്ചു. സ്വകാര്യ മേഖലക്കും ഖനനത്തിന് അനുമതി നല്‍കുന്നതുവഴി രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാകുമെന്ന് കേരളം ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിന്റ തീരപ്രദേശത്ത് കാണുന്ന കരിമണല‌ിന്റെ (ബീച്ച് സാന്‍ഡ് മിനറല്‍സ്) ഖനനാനുമതി നൽകുന്നതിന് സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനൊപ്പം സ്വകാര്യ സംരംഭകര്‍ക്കും ഖനനാനുമതി നൽകുന്നതിന് വഴിയൊരുക്കുന്നതാണ് ഭേദഗതി എന്ന് കേരളം കേന്ദ്ര ശ്രദ്ധയിൽ പെടുത്തി.

Also Read: പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ല, കുട്ടിയുടെ മരണം അങ്ങേയറ്റം ദാരുണമായ സംഭവം: മന്ത്രി പി രാജീവ്

ആദ്യത്തെ ഭേദഗതി നിർദ്ദേശം സംസ്ഥാനത്തിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റവും, ഖനനാനുമതിക്കുള്ള സംസ്ഥാനത്തിന്റെ അധികാരം കേന്ദ്ര സര്‍ക്കാര്‍ വീതിച്ചെടുക്കുന്നതുമായിരുന്നു. കരിമണലില്‍ നിന്ന് കിട്ടുന്ന ധാതുക്കളുടെ ഖനനത്തിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ കമ്പനികളെ ഒഴിവാക്കി സ്വകാര്യവത്ക്കരണത്തിനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കേരളം സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ള ഭേദഗതി നിര്‍ദ്ദേശങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെ തന്നെ കരിമണല്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് ഖനനത്തിന് നല്‍കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് ലഭിക്കുമായിരുന്നു. വളരെയേറെ ജനസാന്ദ്രതയുള്ളതും അതീവ ദുര്‍ബലവും പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്നതുമായ കേരളത്തിന്റെ തീരമേഖലക്ക് തിരിച്ചടിയാവുമായിരുന്ന നയം തിരുത്തിയത് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ശരിവച്ചു കൊണ്ടാണ്.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എം.എലും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ IRE ലിമിറ്റഡും ഖനന പ്രദേശത്തെ ജനങ്ങളുടെ സുരക്ഷയും, പരിസ്ഥിതിയും മുന്‍ഗണന നല്‍കിയിട്ടുള്ള നിയന്ത്രിതമായ ഖനനാനുമതിയിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇപ്രകാരമുള്ള നിയന്ത്രിത ഖനനമേഖല സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുക്കുന്ന സാഹചര്യമുണ്ടാകുമ്പോള്‍ പ്രസ്തുത പ്രദേശത്തെ പരിസ്ഥിതി സന്തുലനം ഇല്ലാതാകും. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ആയിരക്കണക്കിന് ജനങ്ങള്‍ അധിവസിക്കുന്ന തീരപ്രദേശത്തെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് കഴിയാത്ത സാഹചര്യവും ഉണ്ടാവുമായിരുന്നു.

Also Read: ‘ അവനെ വിട്ടുകൊടുക്കരുത്; കയ്യും കാലും തല്ലിയൊടിക്കണം’; ആറ് വയസുകാരിയെ കൊന്ന പ്രതിക്കെതിരെ ജനരോഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News