സഖാവ് പുഷ്പന്‍ വിടവാങ്ങിയതിന് ശേഷമുള്ള ആദ്യ കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് മന്ത്രി പി രാജീവ്. എറണാകുളത്ത് നിരഹാരസമരത്തിലായിരുന്നപ്പോഴാണ് പൊലീസ് വെടിവെയ്പ്പിനെ കുറിച്ച് അറിഞ്ഞതെന്നും ആ സാഹചര്യത്തില്‍ അന്നത്തെ മുഖ്യമന്ത്രി കരുണാകരന്‍ അബാദ് പ്ലാസയില്‍ എത്തിയതും അദ്ദേഹത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചതുമെല്ലാം അദ്ദേഹം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ALSO READ: ആരാകും അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ? മുംബൈയിൽ തിരക്കിട്ട ചർച്ചകൾ
പോസ്റ്റിന്റെ പൂര്‍ണ രൂപം:
സഖാവ് പുഷ്പനും വിടവാങ്ങിയതിന് ശേഷമുള്ള ആദ്യത്തെ കൂത്തുപറമ്പ് രക്തസാക്ഷിദിനം. നവംബര്‍ 25 എപ്പോഴും ഓര്‍മ്മകളെ 1994ലേക്ക് കൊണ്ടുപോകും. എറണാകുളത്തെ അനിശ്ചിതകാല നിരാഹാര സമരപന്തലില്‍ ഇരിക്കുമ്പോഴാണ് കൂത്തുപറമ്പില്‍ പോലീസ് വെടിവെപ്പെന്ന വാര്‍ത്ത വരുന്നത്. 5 രക്തസാക്ഷികള്‍. എല്ലാവരും സങ്കടത്തിലും ക്ഷോഭത്തിലും നില്‍ക്കുമ്പൊഴാണ് അന്നത്തെ മുഖ്യമന്ത്രി കരുണാകരന്‍ അബാദ് പ്ലാസയില്‍ വൈകുന്നേരം പരിപാടിക്ക് വരുന്ന വിവരം അറിയുന്നത്. പ്രതിഷേധിക്കണം. കറുത്ത കൊടികള്‍ കൈകളില്‍ കരുതി ഞങ്ങള്‍ അബാദിന്റെ അടുത്തേക്ക് ചെന്നു. കനത്ത പോലീസ് വളയം. അവിടെത്തിയപ്പോള്‍ മുഖ്യമന്ത്രി വരുന്നില്ലെന്ന് ചിലര്‍ പറഞ്ഞു. അങ്ങനെ മടങ്ങാനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിലെ ഫോട്ടോഗ്രാഫര്‍ ജീവന്‍ ജോസ് പറഞ്ഞു മുഖ്യമന്ത്രി ഇപ്പോള്‍ എത്തും. കൂത്തുപറമ്പിന് വേണ്ടി കേരളമാകെ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ തിരിച്ച് അബാദിന്റെ ഗേറ്റിനടുത്തെത്തി. ജനക്കൂട്ടത്തിനിടയില്‍ ചിതറി നിന്നു.
കരുണാകരന്‍ എത്തി. ഞങ്ങള്‍ ഞങ്ങളുടെ കൂത്തുപറമ്പ് രക്തസാക്ഷികള്‍ക്കായി പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിച്ച് കറുത്ത കൊടി വീശി. ചാടി വീണ പോലീസിന്റെ ലാത്തിയും ബൂട്ടുകളും ഞങ്ങളെ കൈകാര്യം ചെയ്തു. അതിനു ശേഷം പോലീസ് പിടിച്ച വലിച്ചുകൊണ്ടു പോകുന്ന ചിത്രം പലരും ഇപ്പോള്‍ ഫേസ് ബുക്കില്‍ പോസ്റ്റു ചെയ്യാറുണ്ട്. സ്റ്റേഷനിലും ക്രൂരമര്‍ദനം. ഉള്ളം കാലിലെ ചൂരല്‍ പ്രയോഗമുള്‍പ്പെടെ. മാസങ്ങളോളം ആശുപത്രിയില്‍. ഓര്‍മ്മകളില്‍ രക്തം തിളക്കുന്ന കൂത്തുപറമ്പ്. സ. പുഷ്പനും ഈ വര്‍ഷം വിടവാങ്ങി. അമരന്മാരുടെ കൂട്ടത്തില്‍ സ. പുഷ്പനും ഇനി നമുക്കൊപ്പം. കൂത്തുപറമ്പ് രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here