‘സർക്കാർ കൂടെയുണ്ട് ’ എന്ന ആത്മവിശ്വാസം ഒരു സംരംഭകയ്ക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അത് അഭിമാനകരമായ നേട്ടം; മന്ത്രി പി രാജീവ്

‘സർക്കാർ കൂടെയുണ്ട്’ എന്ന ആത്മവിശ്വാസം ഒരു സംരംഭകയ്ക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അത് അഭിമാനകരമായ ഒരു നേട്ടമായിട്ടാണ് കാണുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ്. Ummees Naturals ഉടമയും യുവസംരംഭകയുമായ അൻസിയ പങ്കുവെച്ച അനുഭവകുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

Ummees Naturals ഉടമയും യുവസംരംഭകയുമായ അൻസിയ ഓഫീസിലെത്തി എന്നെ കണ്ടിരുന്നു. സ്ഥാപനവുമായി ബന്ധപ്പെട്ട ചില അനുമതികളിലുള്ള പ്രശ്നത്തിൽ എന്ത് ചെയ്യണമെന്ന് അറിയാതെയാണ് എൻ്റെ ഓഫീസുമായി അൻസിയ ബന്ധപ്പെടുന്നത്. 22 വയസ് മാത്രം പ്രായമുള്ള ബിസിനസ് പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു പെൺകുട്ടി സ്വന്തമായി ഒരു സംരംഭം ആരംഭിച്ച് 35 പേർക്ക് തൊഴിൽ നൽകുന്നു, അതിൽ മുപ്പതോളം പേർ വനിതകൾ, ഒന്നരക്കോടിയോളം വിറ്റുവരവുള്ള ഒരു സംരംഭമാക്കി ഉമ്മീസിനെ മാറ്റുന്നു. എന്തൊരു വലിയ നേട്ടമാണിത്. ആയുർവേദ സൗന്ദര്യവർധക വസ്തുക്കൾ നിർമ്മിക്കുന്ന സംരംഭം നടത്തിക്കൊണ്ടുപോകുന്നതിനിടയിൽ ചെറിയ പ്രശ്നങ്ങൾ അവർ നേരിടുകയുണ്ടായി. ഒരുപക്ഷേ സംരംഭം അവസാനിപ്പിച്ചേക്കാം എന്ന് പലരും ചിന്തിക്കുന്ന ഘട്ടത്തിൽ പോലും സർക്കാർ സഹായിക്കും എന്ന പ്രത്യാശ അൻസിയക്കുണ്ടായിരുന്നു. ആ യുവസംരംഭക തൻ്റെ സംരംഭവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രയാസങ്ങൾ പറയുന്നതിനായി ഓഫീസുമായി ബന്ധപ്പെട്ടു. മന്ത്രി തന്നെ നേരിട്ട് വിഷയം കേൾക്കണമെന്ന അൻസിയയുടെ ആവശ്യത്തെത്തുടർന്ന് അതിന് തയ്യാറാകുകയും അൻസിയ ഓഫീസിൽ വരികയും ചെയ്തു. വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പ്രശ്നപരിഹാരം സാധ്യമാക്കണമെന്ന നിർദേശം നൽകുകയും ചെയ്തു. ഒരു ദിവസം പോലുമെടുക്കാതെ അൻസിയയുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു.
സന്തോഷത്തോടെ തന്നെ ആ യുവസംരംഭക നാട്ടിലേക്ക് മടങ്ങി. ‘സർക്കാർ കൂടെയുണ്ട്’ എന്ന ആത്മവിശ്വാസം ഒരു സംരംഭകയ്ക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അത് അഭിമാനകരമായ ഒരു നേട്ടമായിട്ടാണ് ഞങ്ങൾ കാണുന്നത്. കൂടുതൽ സംരംഭകർക്ക് ഇത് പ്രചോദനമാകുമെന്നും ഞങ്ങൾക്കുറപ്പുണ്ട്. അൻസിയ ഇപ്പോൾ വീണ്ടും സംരംഭവുമായി മുന്നോട്ടുപോകുകയാണ്. കൂടുതൽ ഉയരങ്ങൾ താണ്ടാൻ സാധിക്കുമെന്ന വിശ്വാസത്തോടെ, കൂടെ സർക്കാരും ഉദ്യോഗസ്ഥരുമുണ്ടെന്ന ആത്മവിശ്വാസത്തോടെ. “ഇത് സംരംഭകരുടെ കാലമാണ്, സർക്കാർ നമുക്കൊപ്പമുണ്ട് ” എന്നാണ് അൻസിയ കേരളത്തിലെ യുവാക്കളോട് പറയുന്നത്. ഏതെങ്കിലുമൊരു ഘട്ടത്തിൽ പ്രയാസം നേരിടുന്നുണ്ടെങ്കിൽ പോലും സംരംഭകരെ കൈവെടിയാത്ത സർക്കാർ ഉള്ളിടത്തോളം കേരളത്തിൽ സംരംഭം തുടങ്ങാൻ ഭയപ്പെടേണ്ടതില്ല എന്നും അൻസിയ പറയുന്നു. തീർച്ചയായും സ്വന്തം അനുഭവമാണ് അൻസിയ പങ്കുവെക്കുന്നത്. യാഥാർത്ഥ്യമെന്ന പേരിൽ അന്തരീക്ഷത്തിലിപ്പോഴും പ്രചരിക്കുന്ന കെട്ടുകഥകളല്ല വസ്തുത. ഏതൊരു സംരംഭകനെയും സഹായിക്കാനും അവരെ കൈപിടിച്ചുയർത്താനും തയ്യാറായിട്ടുള്ള സർക്കാരാണ് കേരളത്തിലെ യാഥാർത്ഥ്യം. അൻസിയയെപ്പോലുള്ള നിരവധിയാളുകൾ കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കുമ്പോൾ, കേരളം സംരംഭകസൗഹൃദ സംസ്ഥാനമായി മുന്നോട്ടുകുതിക്കുമ്പോൾ ഞങ്ങളുറപ്പ് നൽകുന്നു, സർക്കാർ കൂടെത്തന്നെയുണ്ട്.

അതേസമയം, വ്യവസായ വകുപ്പിൻ്റെ ഇടപെടലിനെക്കുറിച്ചുള്ള യുവ സംരംഭകയായ അൻസിയയുടെ കുറിപ്പ് ശ്രദ്ധനേടിയിരുന്നു.പ്രതിസന്ധികൾ വിടാതെ പിന്തുടർന്നപ്പോൾ മുന്നിൽ വഴികാട്ടിയായി എത്തിയത് മന്ത്രി പി രാജീവ് ആണെന്നും, വ്യവസായ വകുപ്പിന്റെ കൃത്യമായ ഇടപെടലിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്നുമാണ് അൻസിയ എന്ന യുവ സംരംഭക പറയുന്നത്. തന്റെ അനുഭവത്തെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് അൻസിയ.

കഴിഞ്ഞ ജനുവരി മുതൽ നേരിട്ട പ്രശ്നങ്ങളും അതിൽ നിന്ന് പരിഹാരം കണ്ടതുമെല്ലാം വിശദമായി തന്നെ ഉമ്മീസ് നാച്യുറൽസ് കമ്പനിയുടെ സി ഇ ഒ ആയ അൻസിയ കുറിപ്പിൽ പറയുന്നുണ്ട്. ഒരല്പം പോലും പ്രതീക്ഷയില്ലാതെ ഒരു സംരംഭക എന്ന നിലയിൽ ഞാൻ നേരിടുന്ന പ്രശ്നങ്ങൾ ഒരു ഇ-മെയിൽ ആയി വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന് അയക്കാൻ തോന്നിയ നിമിഷമാണ് വഴിത്തിരിവായതെന്നാണ് അൻസിയ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News