ദൈവത്തിൻ്റെ സ്വന്തം നാടിനെ നിക്ഷേപകരുടെയും സ്വന്തം നാടാക്കിമാറ്റിയിരിക്കുകയാണ് സംരംഭക വർഷം പദ്ധതി: മന്ത്രി പി രാജീവ്

സംരംഭക വർഷം പദ്ധതിയിലൂടെ കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 2,44,702 സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചുവെന്ന സന്തോഷവിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്. സംരംഭങ്ങളുടെ കാര്യത്തിൽ എല്ലാ റെക്കോർഡുകളും ഭേദിച്ചുകൊണ്ട് സംരംഭകവർഷം പദ്ധതി അവസാനിച്ചിരിക്കുന്നുവെന്നും പദ്ധതിയുടെ രണ്ടാം എഡിഷനിലും ഒരു ലക്ഷത്തിലധികം സംരംഭങ്ങളെന്ന ലക്ഷ്യം കൈവരിച്ചുവെന്നും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: സഹകരണ ഭേദഗതി സഹകരണ രംഗത്ത് വായ്പ്പാരംഗമുള്‍പ്പെടെ വന്‍ മാറ്റത്തിന് കാരണമാകും: സഹകരണ ഫെഡറേഷന്‍

2,44,702 സംരംഭങ്ങൾക്കൊപ്പം ഈ മെഗാ പദ്ധതിയിലൂടെ കേരളത്തിലേക്ക് 15,559.84 കോടി രൂപയുടെ നിക്ഷേപവും ഒപ്പം 5,20,945 പേർക്ക് തൊഴിലും ലഭിച്ചു. 77,856 സ്ത്രീകളെ സംരംഭകരാക്കി മാറ്റാൻ സാധിച്ചു എന്നത് സംരംഭക വർഷത്തിൻ്റെ ഉജ്വലമായ നേട്ടങ്ങളിലൊന്നാണ് എന്നും മന്ത്രി പറഞ്ഞു. ദൈവത്തിൻ്റെ സ്വന്തം നാടിനെ നിക്ഷേപകരുടെയും സ്വന്തം നാടാക്കിമാറ്റിയിരിക്കുകയാണ് സംരംഭക വർഷം പദ്ധതി എന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

ദേശീയതലത്തിൽ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം നേടിയ സംരംഭക വർഷം പദ്ധതിയിലൂടെ കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 2,44,702 സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചുവെന്ന സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. സംരംഭങ്ങളുടെ കാര്യത്തിൽ എല്ലാ റെക്കോർഡുകളും ഭേദിച്ചുകൊണ്ട് സംരംഭകവർഷം പദ്ധതി അവസാനിച്ചിരിക്കുന്നു. പദ്ധതിയുടെ രണ്ടാം എഡിഷനിലും ഒരു ലക്ഷത്തിലധികം സംരംഭങ്ങളെന്ന ലക്ഷ്യം നാം കൈവരിച്ചു. 2,44,702 സംരംഭങ്ങൾക്കൊപ്പം ഈ മെഗാ പദ്ധതിയിലൂടെ കേരളത്തിലേക്ക് 15,559.84 കോടി രൂപയുടെ നിക്ഷേപവും സൃഷ്ടിക്കപ്പെട്ടു. ഒപ്പം 5,20,945 പേർക്ക് തൊഴിൽ ലഭിച്ചു. 77,856 സ്ത്രീകളെ സംരംഭകരാക്കി മാറ്റാൻ സാധിച്ചു എന്നത് സംരംഭക വർഷത്തിൻ്റെ ഉജ്വലമായ നേട്ടങ്ങളിലൊന്നാണ്.
2022-23 സാമ്പത്തിക വർഷം സംരംഭക വർഷമായി പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച പദ്ധതി മികച്ച വിജയം നേടിയതോടെയാണ് 2023-24 സാമ്പത്തിക വർഷത്തിലും പദ്ധതി തുടരാൻ തീരുമാനിക്കുന്നത്. സംരംഭക വർഷം 1 പദ്ധതിയിലൂടെ സംസ്ഥാനത്ത് 1,39,840 സംരംഭങ്ങളും 8422 കോടി രൂപയുടെ നിക്ഷേപവും 3,00,051 പുതിയ തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെട്ടത്. സംരംഭകവർഷം 2.0 പദ്ധതിയുടെ ഭാഗമായി സംരംഭങ്ങളുടെ വളർച്ചയ്ക്കും അനുയോജ്യമായ ഒരു മികച്ച വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് നൂതനമായ കൂടുതൽ പദ്ധതികളും സംസ്ഥാന വ്യവസായ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി. കേരളത്തിലെ എം.എസ്.എം.ഇ കളിൽ നിന്നും തെരഞ്ഞെടുത്ത 1000 സംരംഭങ്ങളെ ശരാശരി 100 കോടി വിറ്റുവരവ് ഉള്ള യൂണിറ്റുകളായി 4 വർഷത്തിനുള്ളിൽ ഉയർത്തിക്കൊണ്ട് വരാനുള്ള എം.എസ്.എം.ഇ സ്കെയിൽ അപ്പ് മിഷൻ, സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച എം എസ് എം ഇ സുസ്ഥിരതാ മിഷൻ, സംരംഭങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അവയുടെ വാർഷിക ഇൻഷുറൻസ് പ്രീമിയത്തിന്റെ 50 ശതമാനം (പരമാവധി 2500 രൂപ വരെ) റീഇംബേഴ്‌സ്‌മെന്റ് ആയി നൽകുന്ന എം എസ് എം ഇ ഇൻഷുറൻസ് പദ്ധതി, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ തദ്ദേശീയമായി ഉല്പാദിപ്പിക്കുന്നതിനുള്ള നടപടികൾ മെയ്ക് ഇൻ കേരള പദ്ധതി, സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ട് വിഭാവനം ചെയ്തിരിക്കുന്ന ഇൻഡസ്ട്രീസ് അവാർഡ്‌സ് തുടങ്ങിയവ ഇക്കൂട്ടത്തിൽ ചിലതാണ്.
5 ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകി, പതിനഞ്ചായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം ഉറപ്പ് വരുത്തി ദൈവത്തിൻ്റെ സ്വന്തം നാടിനെ നിക്ഷേപകരുടെയും സ്വന്തം നാടാക്കിമാറ്റിയിരിക്കുകയാണ് സംരംഭക വർഷം പദ്ധതി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News