കൊച്ചിയില്‍ ജൈവമാലിന്യം കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റുന്ന പ്ലാന്‍റ് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് അനുമതി നൽകാൻ മന്ത്രിസഭ തീരുമാനം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം ബി രാജേഷിൻ്റെ കൂടി സാന്നിധ്യത്തിൽ ബിപിസിഎൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് പ്ലാൻ്റ് സ്ഥാപിക്കാൻ തീരുമാനമായത്. ഇക്കാര്യം വിശദീകരിച്ച് മന്ത്രി പി രാജീവ് ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചു. ബ്രഹ്മപുരം തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇനിയൊരിക്കലും അത്തരമൊരു അപകടം നടക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന സംസ്ഥാന സർക്കാരിൻ്റെ ഉറപ്പ് പാലിക്കപ്പെടുന്നതിൻ്റെ പ്രധാനചുവടുവെപ്പാണ് തീരുമാനം എന്നും മന്ത്രി കുറിച്ചു.
മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
കൊച്ചിയില്‍ ജൈവമാലിന്യം കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റുന്ന പ്ലാന്‍റ് സ്ഥാപിക്കുന്നതിന് ബിപിസിഎലിന് ആവശ്യമായ സ്ഥലം, ജലം, വൈദ്യുതി, എന്നിവ നല്‍കുന്നതിനും പൈപ്പ് ലൈന്‍ ഇടുന്നതിനുമുളള അനുമതി നല്‍കുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി വിശദമായ പ്രോപ്പോസല്‍ 2023 ഒക്ടോബര്‍ ഒന്നിനകം തയ്യാറാക്കി സമര്‍പ്പിക്കാന്‍ ബിപിസില്ലിനോട് ആവശ്യപ്പെടും. ബ്രഹ്മപുരം തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇനിയൊരിക്കലും അത്തരമൊരു അപകടം നടക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന സംസ്ഥാന സർക്കാരിൻ്റെ ഉറപ്പ് പാലിക്കപ്പെടുന്നതിൻ്റെ പ്രധാനചുവടുവെപ്പാണ് ഇന്നത്തെ തീരുമാനം.
കൊച്ചിയിൽ ഒരു വർഷത്തിനകം സി എൻ ജി മാലിന്യ സംസ്കരണ പ്ലാൻ്റ് സ്ഥാപിക്കാൻ തയ്യാറാണെന്ന് മെയ് മാസത്തിൽ ബിപിസിഎൽ സർക്കാരിനെ അറിയിച്ചിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം ബി രാജേഷിൻ്റെ കൂടി സാന്നിധ്യത്തിൽ ബിപിസിഎൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് പ്ലാൻ്റ് സ്ഥാപിക്കാൻ തീരുമാനമായത്. പ്ലാൻ്റ് സ്ഥാപിക്കുന്നതിനൊപ്പം പദ്ധതിയുടെ നടത്തിപ്പിന്റെ ഉത്തരവാദിത്തവും ബിപിസിഎൽ ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ ഉൽപാദിപ്പിക്കുന്ന ഗ്യാസ് ബിപിസിഎൽ ഉപയോഗിക്കുകയും ചെയ്യും.
ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കുന്നതിനായി ശാസ്ത്രീയമായ കർമ്മപരിപാടിയാണ് കൊച്ചിയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കൊച്ചിയിലെ ശുചീകരണ കാമ്പെയിൻ വലിയ വിജയമായിരുന്നു. കളമശ്ശേരി മണ്ഡലത്തിലും 3 ദിവസം നീണ്ടുനിന്ന സമ്പൂർണ ശുചിത്വ കാമ്പെയിൻ സംഘടിപ്പിക്കുകയുണ്ടായി. മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ശാസ്ത്രീയ ഉറവിടമാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും അടിയന്തരമായി ഹ്രസ്വ-ദീർഘകാല നടപടികൾ സ്വീകരിക്കുന്നതിനുമായി ജില്ലയിൽ പ്രത്യേക കർമ്മപദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിനോടൊപ്പം കൊച്ചിയിലെ മാലിന്യപ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിൽ പുതുതായി നിർമ്മിക്കുന്ന പ്ലാൻ്റിന് നിർണായക പങ്ക് വഹിക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here