അതിദാരിദ്ര്യം തുടച്ചുനീക്കാൻ സർക്കാർ നൽകുന്ന പ്രാധാന്യം മഹാബലിക്കാലത്തെ ക്ഷേമസങ്കൽപ്പങ്ങൾക്കൊപ്പം നിൽക്കുന്നു; ഓണാശംസയുമായി മന്ത്രി പി രാജീവ്

വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്കുള്ള പാതയിൽ പുതുവഴി വെട്ടുന്നതും പുതുവെളിച്ചമേകുന്നതുമാകട്ടെ ഈ വർഷത്തെ ഓണമെന്നു ആശംസിച്ച് മന്ത്രി പി രാജീവ്. സമൃദ്ധിയുടെയുടേയും സമത്വത്തിന്റേതുമാണ് ഓണം.  അത്തരമൊരു ഓണക്കാലം വീണ്ടും വരുമ്പോൾ രണ്ട് മാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ ഒന്നിച്ചു നൽകിയും 14 ഇനങ്ങളുള്ള ഭക്ഷ്യക്കിറ്റ് ദരിദ്ര കുടുംബങ്ങൾക്ക് ലഭ്യമാക്കിയും സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കുകയാണെന്നും മന്ത്രി കുറിച്ചു. അതിദാരിദ്ര്യം തുടച്ചുനീക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുന്നതിന് സർക്കാർ നൽകുന്ന പ്രാധാന്യം മഹാബലിക്കാലത്തെ ക്ഷേമസങ്കൽപ്പങ്ങൾക്കൊപ്പം നിൽക്കുന്നു എന്നും മന്ത്രി കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം കുറിച്ചത്.

also read:ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുടെ വിലക്ക് നീക്കി

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്
“കള്ളമില്ലാത്ത, കാവലില്ലാത്ത നല്ല നാളെയെത്തീർക്കട്ടെ.മേലാളില്ലാത്ത, കീഴാളില്ലാത്ത നാളെ തൻ കൊടിയേറട്ടെ!” സമത്വത്തിലും സാഹോദര്യത്തിലും ഊന്നിയ മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ഓണാഘോഷങ്ങൾക്ക് അതിർവരമ്പുകളില്ല. പൂക്കൾ ചിരിക്കുന്ന, പാടങ്ങൾ വിരിയുന്ന ഓണക്കാലം ദേവസങ്കൽപങ്ങൾക്കതീതമായി കാർഷികോത്സവമായി എല്ലാ മലയാളികളും ആഘോഷിക്കുന്നു. ഏത് നാട്ടിലായാലും നാം ഓണം ആഘോഷിക്കും. പൂക്കളമിട്ടില്ലെങ്കിലും അന്നൊരു നാൾ സദ്യ കഴിക്കും. പഞ്ഞമാസം കഴിഞ്ഞിരിക്കുന്നു എന്നതിൻ്റെ കൂടി ആഘോഷമാണല്ലോ ഓണം.
‘സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ’ എന്ന വരികളുള്ള ഒരു ചലച്ചിത്രഗാനം ഇറങ്ങുന്നതിനും എത്രയോ മുന്നെ തന്നെ ‘മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ’ എന്ന് കേട്ടുവളർന്നവരാണ് നമ്മൾ. സമത്വത്തിൻ്റെ സൗന്ദര്യവും മാനവസ്നേഹത്തിൻ്റെ ഉദാത്ത മാതൃകയും വർണിക്കുന്ന ഈ ഓണപ്പാട്ട് ഇപ്പോഴും നല്ലൊരു നാളെ നമ്മളെ കാത്തിരിക്കുന്നുണ്ടെന്ന പ്രതീക്ഷ ഉണർത്തുന്നു. കള്ളമില്ലാത്ത, കളവില്ലാത്ത കാലം, സ്നേഹത്തോടെയും സന്തോഷത്തോടെയും ആളുകൾ ജീവിച്ചിരുന്ന കാലം. അത്തരമൊരു കാലമുണ്ടായിരുന്നെന്നും അത്തരമൊരു കാലമുണ്ടാക്കണമെന്നും നമ്മളോട് പറയുന്ന ഓണപ്പാട്ട് ഇന്നത്തെ ഇന്ത്യയിൽ കേരളമെന്ന തുരുത്തിനെ വർണിക്കുന്ന മനോഹരമായ ഉപമ കൂടിയായി മാറുന്നു.

വിശാലമായ ഓണസങ്കൽപങ്ങളാണ് മലയാളികൾക്കുള്ളതെങ്കിലും മഹാബലി ജീവിച്ചിരുന്നോ എന്നൊക്കെയുള്ള ചോദ്യങ്ങളുയർത്തി ആഘോഷങ്ങൾക്കിടയിൽ അതിർവരമ്പുകൾ സൃഷ്ടിക്കാനും മതത്തിൻ്റെ വേലിക്കെട്ടുകളിൽ കെട്ടിയിടാനും ചിലർ ശ്രമിക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് എക്കാലവും മാറിനടക്കുന്നവരാണ് മലയാളികൾ. സമൃദ്ധിയുടെയുടേയും സമത്വത്തിന്റേതുമാണ് ഓണം. അത് മലയാളികളുടെ ആകെയാണ്. അത്തരമൊരു ഓണക്കാലം വീണ്ടും വരുമ്പോൾ രണ്ട് മാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ ഒന്നിച്ചു നൽകിയും 14 ഇനങ്ങളുള്ള ഭക്ഷ്യക്കിറ്റ് ദരിദ്ര കുടുംബങ്ങൾക്ക് ലഭ്യമാക്കിയും സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ്. അതിദാരിദ്ര്യം തുടച്ചുനീക്കുമെന്ന വാഗ്ദാനം നടപ്പിലാക്കുന്നതിന് സർക്കാർ നൽകുന്ന പ്രാധാന്യം മഹാബലിക്കാലത്തെ ക്ഷേമസങ്കൽപ്പങ്ങൾക്കൊപ്പം നിൽക്കുന്നു. ഇന്ത്യയിൽ തന്നെ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ നാടായി കേരളം മാറിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരിക്കുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 11000 കോടിയിലധികം രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ച നാടാണ് നമ്മുടെ കേരളം. പൗരന്മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും ആവശ്യമായതും എന്നാൽ മുൻകാലങ്ങളിൽ പ്രാധാന്യം നൽകാതിരുന്നതുമായ ചില കാര്യങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് അതിവിപുലമായ പശ്ചാത്തല സൗകര്യ വികസനം കേരളത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് കേരളത്തെ നിക്ഷേപകരുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. ദാരിദ്ര്യത്തിന്റെ വീതംവയ്ക്കലിന്റെ പ്രയോഗമല്ല ഇടതുപക്ഷത്തിന്റേത്. അത് തൊഴിലില്ലായ്മയുടെ പങ്കുവയ്ക്കലിന്റേതുമല്ല. കേരളത്തെ ഉന്നതിയിലേക്ക് നയിക്കുമെന്ന് ഉറപ്പ് നൽകി അധികാരത്തിലേറിയവരാണ് ഞങ്ങൾ. പശ്ചാത്തല സൗകര്യ വികസനത്തിനൊപ്പം ഉൽപ്പാദനമേഖലയിലും റെക്കോർഡ് വളർച്ച നേടിയ കേരളം ഞങ്ങൾ ജനങ്ങൾക്ക് നൽകിയ ഈ ഉറപ്പ് സാധൂകരിക്കുന്നു. വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്കുള്ള പാതയിൽ പുതുവഴി വെട്ടുന്നതും പുതുവെളിച്ചമേകുന്നതുമാകട്ടെ ഈ വർഷത്തെ ഓണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration