ചിത്രന്‍ നമ്പൂതിരിപ്പാട് കേരളത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ എന്നുമോര്‍ക്കേണ്ട ജീവിതം: മന്ത്രി ആര്‍ ബിന്ദു

കേരളത്തിന്റെ വിദ്യാഭ്യാസമേഖല ഇന്നെത്തിനില്‍ക്കുന്ന ഉയര്‍ച്ചക്ക് വഴിമരുന്നിട്ട കൂട്ടായ പ്രയത്‌നത്തില്‍ എന്നും ശ്രീ. ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ പേര്‍ ഓര്‍ക്കപ്പെടുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

Also Read: ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ വേര്‍പാടുണ്ടാക്കിയിരിക്കുന്ന നഷ്ടം ചെറുതല്ല; മുഖ്യമന്ത്രി

പന്തിഭോജനത്തില്‍ പങ്കെടുത്ത് സാമൂഹ്യമാറ്റത്തിന് വേണ്ടിയുള്ള മുന്നേറ്റത്തില്‍ തന്റെ പതിനൊന്നാം വയസ്സില്‍ കാല്‍വെപ്പുനടത്തി ആരംഭിച്ചതാണ് ശ്രീ. ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ പൊതുജീവിതം. വി. ടി. ഭട്ടതിരിപ്പാടിന്റെ നവോത്ഥാന ആശയങ്ങളോട് പിന്‍പറ്റി നവോത്ഥാനപ്രവര്‍ത്തനങ്ങളിലേക്ക് കാല്‍വെച്ചു. വി ടിയുടെ ചിന്തകളെ ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്തു.

കേരളത്തില്‍ വിദ്യാര്‍ഥിപ്രസ്ഥാനം പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍തന്നെ അതില്‍ പങ്കാളിയായ ചിത്രന്‍ നമ്പൂതിരിപ്പാട് തുടര്‍ന്നിതുവരേക്കും ഇടതുപക്ഷത്തിന്റെ ഭാഗമായി നിലകൊണ്ടു. സ്വഗ്രാമമായ മലപ്പുറം മൂക്കുതലയില്‍ വിദ്യാലയം ആരംഭിച്ച് വിദ്യാഭ്യാസപ്രവര്‍ത്തനത്തില്‍ തന്റേതായ വഴി വെട്ടി. ആ വിദ്യാലയം പേരിനൊരു തുക മാത്രം കൈപ്പറ്റി സര്‍ക്കാരിനെ ഏല്‍പ്പിക്കുകയും ചെയ്തു, ആ മാതൃകാവ്യക്തിത്വം.

ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ കലോത്സവമായി ഇന്ന് മാറിക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമിട്ടവരില്‍ പ്രധാനിയായും, കലാമണ്ഡലം സെക്രട്ടറിയായും, സംസ്ഥാന പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറായും ഇന്നുമോര്‍ക്കപ്പെടുന്ന അദ്ദേഹം, വിവിധ സ്ഥാനങ്ങള്‍ വഹിക്കുകയും അവയെല്ലാം എക്കാലത്തേക്കുമുള്ള മാതൃകാപ്രവര്‍ത്തനങ്ങളാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്നും പ്രഭചൊരിഞ്ഞു നിലനില്‍ക്കുകയും ചെയ്യുന്നത് അപൂര്‍വ്വതയില്‍ അപൂര്‍വ്വതയാണ് – മന്ത്രി ഡോ. ആര്‍ ബിന്ദു അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News