അമല്‍ജ്യോതിയിലെ ആത്മഹത്യ; വിദ്യാര്‍ത്ഥി പ്രശ്‌ന പരിഹാര സമിതി രൂപീകരിക്കാന്‍ ഉത്തരവിട്ട് മന്ത്രി ആര്‍. ബിന്ദു

സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സര്‍വ്വകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ ഉത്തരവിട്ടു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര തീരുമാനം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു അറിയിച്ചതാണ് ഇക്കാര്യം.

Also read- ‘ഞാൻ പോകുന്നു ‘ ആത്മഹത്യ ചെയ്ത എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

കോളേജ് പ്രിന്‍സിപ്പാള്‍ (സര്‍വ്വകലാശാലാ പഠനവിഭാഗങ്ങളിലാണെങ്കില്‍ വകുപ്പ് മേധാവി) ചെയര്‍പേഴ്സണായാണ് സെല്‍ നിലവില്‍ വരിക. പ്രിന്‍സിപ്പല്‍/ സര്‍വ്വകലാശാലാ വകുപ്പ് മേധാവി ശുപാര്‍ശ ചെയ്യുന്ന രണ്ട് അധ്യാപകര്‍ (അതിലൊരാള്‍ വനിത) സമിതിയിലുണ്ടാകും. കോളേജ് യൂണിയന്‍ /ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റുഡന്റസ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍, വിദ്യാര്‍ത്ഥികളില്‍നിന്നും അവരാല്‍ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു പ്രതിനിധികള്‍ (ഒരാള്‍ വനിത), പ്രിന്‍സിപ്പല്‍/സര്‍വ്വകലാശാലാ വകുപ്പുമേധാവി നാമനിര്‍ദ്ദേശം ചെയ്യുന്ന ഭിന്നശേഷിവിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥി, എസ്സി-എസ്ടി വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥി എന്നിവരും സമിതിയിലുണ്ടാകും. പുറമെ, പിടിഎ പ്രതിനിധി, സര്‍വ്വകലാശാലാ പ്രതിനിധിയായി സിന്‍ഡിക്കേറ്റ് നാമനിര്‍ദ്ദേശം ചെയ്യുന്ന അധ്യാപകന്‍/അദ്ധ്യാപിക എന്നിവരും ചേര്‍ന്നാണ് സെല്ലിന്റെ ഘടന.

വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കും പിടിഎ പ്രതിനിധിക്കും, നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന അധ്യാപകര്‍ക്കും ഒരുവര്‍ഷവും, സര്‍വ്വകലാശാലാ പ്രതിനിധികള്‍ക്ക് രണ്ട് വര്‍ഷവുമായിരിക്കും അംഗത്വകാലാവധി. സര്‍വ്വകലാശാലാ പ്രതിനിധികള്‍ സ്ഥാപനത്തിന് പുറത്തുനിന്നുള്ളവരായിരിക്കും.

Also Read- ‘ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യൂ’; ക്ഷേത്ര പരിസരത്ത് നടി കൃതിയെ ചുംബിച്ച് ആദിപുരുഷ് സംവിധായകന്‍; വ്യാപക വിമര്‍ശനം

വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനോടൊപ്പം നടത്താനും ഉത്തരവിട്ടു. അടുത്ത പ്രതിനിധി വരുംവരെ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ തുടരും. ആവശ്യമായ ഘട്ടങ്ങളില്‍ ചെയര്‍പേഴ്‌സണ്‍ യോഗം വിളിക്കും. ആറ് അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടാലും ചെയര്‍പേഴ്‌സണ്‍ യോഗം വിളിക്കണം. ഏഴംഗങ്ങളാണ് യോഗത്തിന്റെ ക്വാറം. ഭൂരിപക്ഷാടിസ്ഥാനത്തില്‍ സെല്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ചെയര്‍പേഴ്‌സണ് നിയമപരമായ ഉത്തരവാദിത്തമുണ്ടാകും. സെല്‍ കണ്‍വീനറെ സമിതിക്ക് തെരഞ്ഞെടുക്കാം.

സമിതി അംഗങ്ങളുടെ പേരും ബന്ധപ്പെടേണ്ട നമ്പറും സ്ഥാപനത്തിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇത് സര്‍വ്വകലാശാലയെയും അറിയിക്കും. ലഭിക്കുന്ന പരാതിയും പരാതിയില്‍ എടുക്കുന്ന തീരുമാനങ്ങളും സര്‍വ്വകലാശാലയില്‍ അറിയിക്കും. ഇതിനായി എല്ലാ സര്‍വകലാശാലകളിലും ഒരു പ്രത്യേക ഓഫീസര്‍ക്ക് ചുമതല നല്‍കും.

സമിതിയുടെ അധികാരപരിധിയും വ്യക്തമായി നിശ്ചയിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയുടെ/ കോളേജിന്റെ പ്രഖ്യാപിത മെറിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തത്, സര്‍ട്ടിഫിക്കറ്റുകളോ രേഖകളോ അകാരണമായി തടഞ്ഞുവക്കുന്നതും നിഷേധിക്കുന്നതും, കോളേജ് നല്‍കുന്ന സേവനങ്ങള്‍ക്ക് പ്രഖ്യാപിതനയങ്ങള്‍ക്ക് വിരുദ്ധമായി അധികഫീസ് വാങ്ങുന്നത്, അടിസ്ഥാനസൗകര്യങ്ങളില്‍ ഉള്ള കുറവുകള്‍, പരീക്ഷസംബന്ധമായ എല്ലാ വിധ പരാതികളും, ജാതിപരമോ ലിംഗപരമോ സാമൂഹ്യപരമോ മതപരമോ ഭിന്നശേഷിപരമോ ആയ വേര്‍തിരിവുകളുണ്ടാക്കല്‍, അധികാരികളില്‍നിന്നും അദ്ധ്യാപകരില്‍നിന്നും സഹവിദ്യാര്‍ത്ഥികളില്‍നിന്നും ജീവനക്കാരില്‍നിന്നുമുണ്ടാകുന്ന മാനസിക-ശാരീരികപീഡനങ്ങള്‍, ഏതെങ്കിലും തരത്തിലുള്ള ഇരവത്കരണം എന്നിവയിലെല്ലാം സ്ഥാപനത്തില്‍ നിലവിലുള്ള സംവിധാനങ്ങളില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സെല്ലില്‍ പരാതിനല്‍കാം. സര്‍വകലാശാലാ നിയമങ്ങള്‍ പ്രകാരം ലഭിക്കേണ്ട ക്ലാസുകളും ട്യൂട്ടോറിയലുകളും ലഭിക്കാത്ത സാഹചര്യവും സെല്ലിന്റെ പരിഗണനാ വിഷയമായിരിക്കും.

പരാതികള്‍ക്കുമേല്‍ സര്‍വ്വകലാശാലാ തലത്തില്‍ അപ്പീല്‍ സംവിധാനം ഉണ്ടാകും. കോളേജുതല സമിതിയുടെ തീരുമാനത്തിന്മേല്‍ ആക്ഷേപം വന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാലാ അപ്പലേറ്റ് സമിതിയെയോ നിലവിലുള്ള ട്രൈബ്യൂണലിനേയോ സമീപിക്കാം. ഈ സമിതിയുടെ ഘടന താഴെപ്പറയും വിധമായിരിക്കും:

പ്രൊ-വൈസ് ചാന്‍സലര്‍ (ചെയര്‍പേഴ്‌സണ്‍), വിദ്യാര്‍ത്ഥി വിഭാഗം ഡീന്‍/ഡയറക്ടര്‍ (കണ്‍വീനര്‍), സിന്‍ഡിക്കേറ്റിന്റെ ഒരു പ്രതിനിധി, സിന്‍ഡിക്കേറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധി, സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍, സിന്‍ഡിക്കേറ്റ് നാമനിര്‍ദ്ദേശം ചെയ്യുന്ന മൂന്ന് അദ്ധ്യാപകര്‍ (ഇതില്‍ ഒരു വനിതയും എസ്സി-എസ്ടി വിഭാഗത്തില്‍നിന്നുള്ള ഒരു പ്രതിനിധിയും ഉണ്ടാവും), അസിസ്റ്റന്റ് രജിസ്ട്രാര്‍ റാങ്കില്‍ കുറയാത്ത ഒരു സര്‍വ്വകലാശാലാ ഉദ്യോഗസ്ഥന്‍. ഈ യോഗത്തിന്റെ ക്വാറം അഞ്ച് ആയിരിക്കും. ഈ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.

അത് ഉടനടി നടപ്പില്‍ വരുത്തേണ്ട നിയമപരമായ ബാധ്യത ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കുണ്ടാകും. ഏതെങ്കിലും സ്ഥാപനം ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ സര്‍വ്വകലാശാലകള്‍ക്ക് പരാതിയുടെ ഗൗരവമനുസരിച്ച് പിഴയീടാക്കാനും സ്ഥാപനത്തെ തുടര്‍ന്ന് കോഴ്സുകള്‍ നടത്തുന്നതില്‍നിന്ന് വിലക്കുന്നതിനും സര്‍ക്കാര്‍ ധനസഹായം പിന്‍വലിക്കുന്നതിനും അഫിലിയേഷന്‍ റദ്ദാക്കുന്നതടക്കമുള്ള മറ്റു കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതിനും ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ക്യാമ്പസുകള്‍ക്കകത്ത് ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതില്‍ സര്‍ക്കാരിന് പ്രതിജ്ഞാബദ്ധതയുണ്ട്. ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പുകള്‍ പല കോളേജുകളിലും പേരിനുമാത്രമാകുന്നുണ്ട്. ഇത് മാറണം. പരമാവധി സാധ്യമാകുന്ന ഇടങ്ങളിലൊക്കെ വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഉറപ്പുവരുത്തും. പെണ്‍കുട്ടികള്‍, എസ്സി-എസ്ടി വിഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷി വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം പ്രത്യേകം ഉറപ്പാക്കും.

പരീക്ഷ സംബന്ധമായി നിരവധി പരാതികള്‍ എപ്പോഴും ഉയരാറുണ്ട്. നിരന്തര മൂല്യനിര്‍ണ്ണയം വിദ്യാര്‍ത്ഥികളുടെ കഴിവിനെ വിലയിരുത്താനാണ് നടപ്പാക്കിയത്.എന്നാല്‍, ഇന്റേണല്‍ മാര്‍ക്കെന്നത് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്താനും നിലക്കു നിര്‍ത്താനും ഉപയോഗിക്കുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യം എവിടെയും ഉണ്ടായിക്കൂടാ. ഇന്റേണല്‍ മാര്‍ക്കിന് കൃത്യമായ മാനദണ്ഡം ഉറപ്പ് വരുത്താന്‍ സര്‍വ്വകലാശാലകളോട് ആവശ്യപ്പെടും. ഇക്കാര്യത്തില്‍ കൃത്യവിലോപം വരുത്തുന്നവര്‍ക്കെതിരെ നടപടി വേണ്ടി വരും. കോളേജ് നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കില്‍ പരാതി ഉണ്ടെങ്കില്‍ സമീപിക്കാനുള്ള സര്‍വ്വകലാശാല തല മോണിറ്ററിംഗ് സമിതിയെ ശക്തിപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News