കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിലെ പ്രിൻസിപ്പാൾ ഗായകൻ ജാസി ഗിഫ്റ്റിനെ വേദിയിൽ വെച്ച് അപമാനിച്ച സംഭവത്തിൽ വിമർശനവുമായി നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളാണ് വരുന്നത്. ശക്തമായി പ്രിൻസിപ്പാളിനെ വിമർശിച്ചുകൊണ്ടാണ് പലരും അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്. ഇപ്പോഴിതാ സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഖേദം രേഖപ്പെടുത്തി പ്രതികരിച്ചിരിക്കുകയാണ്.
മന്ത്രി ആർ. ബിന്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
‘കലാകാരന്മാരെയും സാംസ്കാരിക നായകരേയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ല. മലയാളഗാനശാഖയിൽ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നു…..’
വേദിയിൽ ജാസി ഗിഫ്റ്റും സംഘവും പാട്ട് പാടുന്നതിനിടയിൽ പ്രിൻസിപ്പൽ ബിനുജ ജോസഫ് മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. ജാസി ഗിഫ്റ്റ് സംഭവത്തിൽ പ്രതിഷേധിച്ച് വേദി വിടുകയായിരുന്നു.
സംഭവം നടന്നത് വ്യാഴാഴ്ചയാണ്. കോളജ് ഡേയ്ക്ക് അതിഥിയായി എത്തിയതായിരുന്നു ജാസി ഗിഫ്റ്റ്. ഗായകൻ സജിൻ കോലഞ്ചേരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജാസി ഗിഫ്റ്റിന് മാത്രമേ പാടാൻ അനുമതിയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങിയ പ്രിൻസിപ്പൽ പറഞ്ഞത്. ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്ന് അറിയിച്ചത് കൊണ്ടാണ് പാടാൻ അനുവദിച്ചതെന്നും ജാസി ഗിഫ്റ്റിന് മാത്രമേ പാടാൻ അനുമതിയുള്ളൂ എന്നും പ്രിൻസിപ്പാൾ കൂടിയായ അദ്ധ്യാപിക പറഞ്ഞു.
ശക്തമായ പ്രതിഷേധമാണ് സംഭവത്തിന്‍റെ വീഡിയോ പുറത്തു വന്നതോടെ പ്രിൻസിപ്പൽ ബിനുജ ജോസഫിനെതിരെ ഉയർന്നിരിക്കുന്നത്. വിളിച്ച് വരുത്തി അപമാനിച്ചു എന്നാണ് വിമർശനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here