ഭിന്നശേഷി തിരിച്ചറിയൽ കാർഡ്; പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ തുടങ്ങും: മന്ത്രി ആർ ബിന്ദു

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്‌കീമിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് (യുഡിഐഡി) ലഭ്യമാക്കാൻ പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ ഊർജ്ജിതമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തദ്ദേശ സ്വയംഭരണ മന്ത്രി ശ്രീ. എം ബി രാജേഷ് കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തി‍ല്‍ യു.ഡി.ഐ.ഡി. കാര്‍ഡിന് വലിയ പ്രാധാന്യമുണ്ട്. 2016-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ളതും മറ്റു വിവിധ ആവശ്യങ്ങൾക്കും അടിസ്ഥാന രേഖയായി പരിഗണിക്കാവുന്ന ഈ കാര്‍ഡ് സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം – യോഗതീരുമാനങ്ങൾ വിശദീകരിച്ച് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് യു.ഡി.ഐ.ഡി അദാലത്തുകൾ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖാന്തിരം സംഘടിപ്പിച്ചു വരികയാണ്. പൂർണ്ണമായും കിടപ്പിലായ ഭിന്നശേഷിക്കാർക്ക് അവരുടെ വീടുകളിലെത്തി ആധാറും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റും നൽകുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

യു.ഡി.ഐ.ഡി. കാർഡിനായുള്ള അപേക്ഷയിൽ വേണ്ട തിരുത്തലുകൾ വരുത്താൻ അപേക്ഷകരെ സഹായിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കും. ഈ ഹെൽപ്പ് ഡെസ്കിലേയ്ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആവശ്യമായ ജീവനക്കാരെ നിയോഗിക്കും. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ വേണ്ട സൗകര്യങ്ങളും സഹായവും നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തദ്ദേശസ്വയംഭരണ വകുപ്പ് നിർദ്ദേശം നൽകുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം. ബി. രാജേഷ് അറിയിച്ചു.

2016-ലെ ഭിന്നശേഷി സർവ്വേപ്രകാരം സംസ്ഥാനത്ത് ആകെയുള്ള എട്ടുലക്ഷത്തോളം ഭിന്നശേഷിക്കാർക്കും ഏകീകൃത തിരിച്ചറിയൽ കാർ‍ഡ് ലഭ്യമാക്കാൻ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖാന്തിരം 2022 ഏപ്രിലില്‍ പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിനുകൾ നടത്തിയിരുന്നു. അതിലൂടെ ഒന്നര ലക്ഷത്തോളം പേരെ രജിസ്റ്റർ ചെയ്യിപ്പിച്ചു. അവർക്ക് യു.ഡി.ഐ.ഡി. കാർഡുകൾ ലഭ്യമാക്കാൻ നടപടിയെടുത്തിട്ടുണ്ട്.

തുടർന്ന് എൻ.എസ്.എസ് യൂണിറ്റുകളിൽ നിന്നുള്ള വോളന്റിയർമാരുടെ സഹകരണത്തോടെ 2024 ജനുവരിയിൽ ‘തന്മുദ്ര’ എന്ന പേരിൽ പ്രത്യേക ക്യാമ്പയിനിന്നു് തുടക്കം കുറിച്ചു. കൂടാതെ ജില്ലാകളക്ടർമാരുടെ സഹകരണത്തോടെ ഇരുപത്തെട്ടായിരത്തിൽ അധികം പേരെ യു.ഡി.ഐ.ഡി. കാർഡിനായി പുതിയതായി രജിസ്റ്റർ ചെയ്യിച്ചു. തന്മുദ്ര ക്യാമ്പയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട എൻ.എസ്.എസ്. വോളന്റിയർമാർക്കും വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും ക്യാമ്പയിന്റെ ഉൽഘാടന ഭാഗമായി സംസ്ഥാനതല പരിശീലനവും നൽകി.

ALSO READ: മാന്നാർ കൊലപാതകം; മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിന്റെ ഭാഗമായി ജില്ലാടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച ചർച്ച ചെയ്യാൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിക്കും. അതോടൊപ്പം പ്രത്യേക രജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹകരണവും എം.എൽ.എ.മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, കോർപ്പറേഷൻ മേയർമാർ, ഡെപ്യൂട്ടി മേയർമാർ, ബന്ധപ്പെട്ട ജില്ലാ പഞ്ചായത്തിലെയും കോർപ്പറേഷനിലെയും ആരോഗ്യ- വിദ്യാഭ്യാസ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ സാമൂഹ്യനീതി ഓഫീസർമാർ, തദ്ദേശ സ്വയംഭരണ വകുപ്പിലെ ജില്ലാതല ഓഫീസർമാർ, എൻ.എസ്.എസ്-ന്റെ ചുമതലയുള്ള ജില്ലാതല ഓഫീസർമാർ എന്നിവരിൽ നിന്നും ഉറപ്പാക്കും.

ജില്ലാതല യോഗങ്ങൾക്കുശേഷം എം.എൽ.എ-മാരുടെ നേതൃത്വത്തിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, വൈസ് പ്രസിഡണ്ടുമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ, ഡെപ്യൂട്ടി ചെയർപേഴ്സൺമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, വൈസ് പ്രസിഡണ്ടുമാർ, മുനിസിപ്പാലിറ്റി, ബ്ലോക്ക്/ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ആരോഗ്യ- വിദ്യാഭ്യാസ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവരുടെ യോഗം വിളിക്കും. ഈ യോഗങ്ങളിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർമാരോ അവർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ പങ്കെടുക്കണമെന്ന് നിർദ്ദേശിക്കും. യോഗം വിളിച്ചുചേർക്കാൻ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുൻകൈയ്യെടുക്കും. ആവശ്യമായ പ്രവർത്തനങ്ങൾ എംഎൽഎമാരുടെ നിർദ്ദേശപ്രകാരം മിഷൻ ഏറ്റെടുക്കും.

പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലങ്ങളിൽ നേരിട്ട് പങ്കെടുക്കുന്ന എൻ.എസ്.എസ്. വോളന്റിയർമാർക്ക് പരിശീലനം നൽകാൻ പരിശീലകരെ പരിശീലിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

സംസ്ഥാനത്തെ മുപ്പത്തിമൂവായിരത്തോളം അംഗനവാടികളിൽ സൂക്ഷിച്ചിട്ടുള്ള ഭിന്നശേഷിക്കാരെ സംബന്ധിച്ച വിവരങ്ങൾ എൻ.എസ്.എസ്. വോളന്റിയർമാരുടെ സഹായത്തോടെ തന്മുദ്ര വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യും. യു.ഡി.ഐ.ഡി. കാർഡിനായി രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്നശേഷിക്കാരുടെ വീടുകളിൽ എൻ.എസ്.എസ്. വോളന്റിയർമാർ സന്ദർശിച്ച് രജിസ്ട്രേഷൻ നടത്തും. ഈ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാരുടെയും വിവരശേഖരണവും യു.ഡി.ഐ.ഡി. കാർഡിനായുള്ള അവരുടെ രജിസ്ട്രേഷനും സമ്പൂർണ്ണമായി പൂർത്തിയാവും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ALSO READ: ‘നീറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു, ജനങ്ങളുടെ വികാരം മാനിക്കണം, പരീക്ഷ റദ്ദാക്കണം’, നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് വിജയ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here