മധുരമൂറുന്ന കുറച്ച് ദിവസങ്ങൾ ജീവിതത്തിൽ ചേർത്തുവയ്ക്കാനായി; ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുമായുള്ള അനുഭവം പങ്കുവച്ച് മന്ത്രി ആർ ബിന്ദു

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുമായുള്ള അനുഭവം പങ്കുവച്ച് മന്ത്രി ആർ ബിന്ദു. ‘ആകാശഗംഗ’ യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘവുമായി സംവദിച്ച അനുഭവങ്ങളാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. കണ്ണൂർ എയർപോർട്ടിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഘം തിരുവനന്തപുരത്തെത്തിയത്. മൃഗശാല, കുതിര മാളിക, മ്യൂസിയം, സ്ട്രീറ്റ് വ്യൂ എന്നിവ കണ്ടശേഷം സംഘം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും വന്ദേഭാരത് ട്രെയിനിൽ കോഴിക്കോട്ടേക്ക് മടങ്ങി. വിദ്യാലയം കുട്ടികൾക്കായൊരുക്കുന്ന ആദ്യ വിമാനയാത്രയും വന്ദേ ഭാരത് യാത്രയുമാണിത്.

Also Read: ഇറാനിൽ സ്ഫോടനം; 103 പേർ കൊല്ലപ്പെട്ടു

പോസ്റ്റിന്റെ പൂർണ്ണരൂപം:

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. ഭിന്നശേഷി കുഞ്ഞുങ്ങൾക്കാകട്ടെ ആ യാത്രയുടെ മാധുര്യം ഇരട്ടിയുമായിരിക്കും. അത്തരത്തിൽ മധുരമൂറുന്ന കുറച്ചു നിമിഷങ്ങൾ ജീവിതത്തിൽ ചേർത്തുവയ്ക്കാൻ കോഴിക്കോട് ദേവർകോവിൽ കെ.വി.കെ.എം.യു.പി സ്കൂളിലെ ഭിന്നശേഷി കുഞ്ഞുങ്ങൾക്ക് ലഭിച്ച അവസരത്തിൽ കുറച്ചുനേരം അവർക്കൊപ്പം പങ്കുകൊള്ളാനായി.
‘ആകാശഗംഗ’ യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘമാണ് അവരുടെ സാമൂഹ്യനീതി മന്ത്രിയെന്ന നിലയിൽ ഔദ്യോഗിക വസതിയിൽ കാണാനെത്തിയത്. കെ.വി.കെ.എം.യു.പി സ്കൂളിലെ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സംഘമാണ് വീട്ടിൽ സന്ദർശിച്ചത്.
വീടിനുള്ളിലെ പരിമിത കാഴ്ചകളിൽ ഒതുങ്ങിപ്പോകുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ മനസ്സ് കണ്ടറിഞ്ഞ് അവർക്കായി കാഴ്ചകളും സന്തോഷങ്ങളും നിറച്ച സ്നേഹസൗഹൃദയാത്രയാണ് കെ.വി.കെ.എം.യു.പി സ്കൂളിന്റെ നേതൃത്വത്തിൽ ഒരുക്കിയത്. ദേവർകോവിൽ മുതൽ തിരുവനന്തപുരം വരെയായിരുന്നു യാത്ര. ഭിന്നശേഷിക്കാരായ എട്ടോളം വിദ്യാർത്ഥികളും വിദ്യാലയത്തിലെ വിവിധ ക്ലാസുകളിൽ പഠിക്കുന്ന 15 വിദ്യാർത്ഥികളും പിടിഎ, എം പി ടി എ പ്രതിനിധികളും അധ്യാപകരും ഉൾപ്പെടെ 43 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്.

Also Read: കയർ മേഖലയിൽ ഉണ്ടായത് വലിയ ഉണർവ്: മന്ത്രി പി രാജീവ്

സ്വന്തം കാഴ്ചയിലും സന്തോഷത്തിലും മാത്രം അഭിരമിക്കലല്ല, മറിച്ച് പരിമിതപ്പെട്ടു പോകുന്നവരുടെ കാഴ്ചയാവലും അവരുടെ സന്തോഷത്തിനുവേണ്ടി സ്വയം സമർപ്പണം ചെയ്യലും നമ്മളോരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന ഓർമ്മപ്പെടുത്തലുമായാണ് ‘ആകാശഗംഗ’ യാത്ര നടത്തിയത്.
കണ്ണൂർ എയർപോർട്ടിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഘം തിരുവനന്തപുരത്തെത്തിയത്. മൃഗശാല, കുതിര മാളിക, മ്യൂസിയം, സ്ട്രീറ്റ് വ്യൂ എന്നിവ കണ്ടശേഷം സംഘം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും വന്ദേഭാരത് ട്രെയിനിൽ കോഴിക്കോട്ടേക്ക് മടങ്ങി. വിദ്യാലയം കുട്ടികൾക്കായൊരുക്കുന്ന ആദ്യ വിമാനയാത്രയും വന്ദേ ഭാരത് യാത്രയുമാണിത്.
ഇങ്ങനെയൊരു യാത്രാസംരംഭത്തിലൂടെ ഉത്തമമായ മാതൃകയാണവർ തീർത്തിരിക്കുന്നത്. ഭിന്നശേഷി വിദ്യാർത്ഥികളുടെ പൂർണ്ണമായ യാത്രാച്ചെലവ് ഏറ്റെടുക്കാൻ രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ സ്വീകരിച്ച മുൻകൈയെ എത്ര പ്രശംസിച്ചാലും ഏറില്ല.
സംഘത്തിന് പുതുവർഷ മധുരവും നൽകിയാണ് യാത്രയാക്കിയത്. കണ്ടതിലപ്പുറം കാണാനും കേട്ടതിലപ്പുറം കേൾക്കാനും ഈ യാത്രയും അനുഭവങ്ങളും കുഞ്ഞുമക്കൾക്ക് പ്രചോദനമാകട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News