ജല അതോറിറ്റിയുടെ ഏറെ പ്രധാനപ്പെട്ട പദ്ധതി യാഥാർഥ്യത്തിലേക്ക്. ശബരിമല സീതത്തോട്-നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ ട്രയൽറൺ മന്ത്രി റോഷി അഗസ്റ്റിൻ പരിശോധിച്ചു. ശബരിമലയുടെ ബേസ് ക്യാമ്പ് ആയ നിലക്കലിലും സീതത്തോട് പഞ്ചായത്തിലും പെരുനാട് പഞ്ചായത്തിലെ നിലയ്ക്കൽ, പ്ലാപ്പള്ളി, ളാഹ തുടങ്ങിയ സ്ഥലങ്ങളിലും കുടിവെള്ളം എത്തിക്കുന്ന ബൃഹത് പദ്ധതിയാണിത്.
പദ്ധതിയോടനുബന്ധിച്ച് ജല അതോറിറ്റിയുടെ ആസ്തികളും വിഭവ ശേഷിയും ഉപയോഗപ്പെടുത്തി ജല വിതരണത്തിലൂടെ അല്ലാതെ വരുമാനം (നോൺ വാട്ടർ റവന്യൂ) ലഭിക്കുന്ന വിവിധ പദ്ധതികൾ നിലക്കലിൽ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
നിലയ്ക്കലിൽ മൂന്ന് സംഭരണികളിലായി 60 ലക്ഷം ലിറ്റർ ജലം സംഭരിച്ച് വിവിധ സ്ഥലങ്ങളിൽ എത്തിക്കുമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കി മുഖ്യമന്ത്രി നാടിനു സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ, ജല സംഭരണികളുടെ താഴെയുള്ള സ്ഥലത്ത് മുറികൾ നിർമ്മിച്ച് ഗസ്റ്റ് ഹൗസ്, ഡോർമിറ്ററി ഭക്ഷണശാലകൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവ ഒരുക്കി ശബരിമല തീർഥാടനത്തിന് എത്തുന്നവർക്ക് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, പ്രമോദ് നാരായൺ എംഎൽഎ, ശബരിമല എഡിഎം അരുൺ എസ്. നായർ, ജല അതോറിറ്റി ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.എസ്. പ്രവീൺ, എക്സിക്യൂട്ടീവ് എഞ്ചിനീയർ വിപിൻ ചന്ദ്രൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here