ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ വിവരാവകാശ കമ്മീഷൻ്റെ അവസാന നിർദ്ദേശം വ്യക്തിപരമായ വിവരങ്ങൾ നൽകരുത് എന്നായിരുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. താനായി ഒരു പേജും ഒഴിവാക്കിയില്ല, വിവരാവകാശ കമ്മീഷൻ്റെ നിർദ്ദേശം അനുസരിച്ചേ മാറ്റിയിട്ടുള്ളുവെന്നും മന്ത്രി. തൊഴിലടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയാൻ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read; ‘അൻവറിൻ്റെ കൈയിൽ രേഖകളൊന്നും ഇല്ല, അന്വേഷണ കമ്മീഷന് മുന്നിൽ ഹാജരാകില്ലെന്നാണ് പറയുന്നത്’: എകെ ബാലൻ
സിനിമ മേഖലകളിൽ നടപ്പാക്കാൻ സാംസ്കാരിക മന്ത്രി വനിതാ കമ്മീഷനെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് 2022 ൽ സിനിമ സംഘടന പ്രതിനിധികളുടെ യോഗം ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ച ശേഷമേ സിനിമ സെറ്റുകൾക്ക് രജിസ്ട്രേഷൻ നൽകൂ. എല്ലാ സിനിമ സംഘടനകളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി സമിതി രൂപീകരിക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.
ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന സംവിധാനം ശക്തമാക്കും. ഇതിന്മേൽ നിയമനിർമ്മാണ സാധ്യത പരിഗണിച്ച് വരുന്നുണ്ടെന്നും, സിനിമാനയം എത്രയും പെട്ടെന്ന് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി എല്ലാ സംഘടനകളും ആയി സർക്കാർ ചർച്ച നടത്തും. സിനിമ കോൺക്ലെവ് സംഘടിപ്പിക്കുമെന്നും മന്ത്രി.
സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു കമ്മിറ്റിയെ വെക്കുന്നത് ഇന്ത്യയിൽ ആദ്യമെന്ന് മന്ത്രി സജി ചെറിയാൻ. നിയമ സഭയിൽ സ്വകാര്യത ഹനിക്കുന്ന ഭാഗങ്ങൾ പുറത്തുവിടരുതെന്ന ഹേമ കമ്മിറ്റിയുടെ കുറിപ്പ് മന്ത്രി സജി ചെറിയാൻ നിയമ സഭയിൽ വായിച്ചു. അതേസമയം, വന്ന പരാതികൾ എല്ലാം സർക്കാർ പരിശോധിച്ചിട്ടുണ്ടെന്നും, നടപടി സ്വീകരിച്ചുവെന്നും മന്ത്രി. ഏതെങ്കിലും പരാതിയിൽ നടപടിയെടുക്കാതിരുന്നിട്ടില്ല. ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷനേതാവിനെ വെല്ലുവിളിച്ച് മന്ത്രി സജി ചെറിയാൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here