ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി നിർദേശം സർക്കാർ പൂർണമായും പാലിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മുഴുവൻ രേഖകളും കോടതിയിൽ നൽകും. സർക്കാരിന് ഇതിൽ ഇന്നും മറയ്ക്കാനില്ല. റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ഹേമയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണ്ട എന്ന് ആദ്യം തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് പറയുന്നത് തീർത്തും അടിസ്ഥാന രഹിതമാണ്.
റിപ്പോർട്ടിൽ സർക്കാരിന് കേസെടുക്കാൻ സാധിക്കില്ല. നിർദേശങ്ങളിൽ ആരുടെയും പേരില്ല. ഒരു പരാതി പോലും സർക്കാരിന് മുന്നിൽ വന്നിട്ടില്ല. പിന്നെ എങ്ങനെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റിപ്പോർട്ടിന്റെ പൂർണ്ണരൂപം മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന കുറ്റാരോപിതർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവതരം ആണല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം സാധ്യമാണോ എന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here