സംസ്ഥാന സര്‍ക്കാരിന്റെ നാലാം 100 ദിന പരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതികളുടെ പൂര്‍ത്തീകരണം കണ്ണില്‍ പൊടിയിടലെന്ന് കഴിഞ്ഞ ദിവസം ഒരു ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതയ്ക്ക് നിരക്കാത്തതുമാണെന്ന് മന്ത്രി സജി ചെറിയാന്റെ ഓഫീസ് . ഫിഷറീസ് വകുപ്പിന്റെ ആകെയുള്ള 21 പദ്ധതികളും പൂര്‍ത്തിയാക്കി എന്ന് പറയുന്നെങ്കിലും കോട്ടയം കോടിമത ഫിഷ് മാര്‍ക്കറ്റ് ഉള്‍പ്പെടെ പലതും തുടങ്ങിയിട്ടില്ല എന്നും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഫിഷറീസ് വകുപ്പിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെട്ട 21 പദ്ധതികളും പൂര്‍ത്തിയായവയാണ്. ഇവയില്‍ 13 എണ്ണം നിര്‍മ്മാണം പൂര്‍ത്തിയാക്കിയവയും 8 എണ്ണം നിര്‍മ്മാണോദ്ഘാടനവുമാണ്. പദ്ധതി പൂര്‍ത്തിയാക്കിയ 13 എണ്ണത്തില്‍ 2 എണ്ണം ഉദ്ഘാടനം കഴിഞ്ഞവയും മറ്റുള്ളവ ഉദ്ഘാടനത്തിന് തയ്യാറായ നിലയിലുള്ളവയുമാണ്. 8 നിര്‍മ്മാണോദ്ഘാടനങ്ങളില്‍ 3 എണ്ണം ഉദ്ഘാടനം കഴിഞ്ഞവയും മറ്റുള്ളവ ഉദ്ഘാടനത്തിന് തയ്യാറായ നിലയിലുള്ളവയുമാണ്. തയ്യാറായ നിലയിലുള്ളവയെല്ലാം പൂര്‍ത്തീകരണം കഴിഞ്ഞതിനാല്‍ തന്നെ 21 പദ്ധതികളും പൂര്‍ത്തിയായതായാണ് കണക്കാക്കുക. സമാനമായി സാംസ്‌കാരിക വകുപ്പിലെ 22 പദ്ധതികളില്‍ 14 എണ്ണം ഉദ്ഘാടനം കഴിഞ്ഞവയും ബാക്കി 8 എണ്ണം പദ്ധതി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി ഉദ്ഘാടനത്തിന് തയ്യാറായവയുമാണ്.
വാര്‍ത്തയില്‍ പരാമര്‍ശിച്ച കോട്ടയം കോടിമത ഫിഷ് മാര്‍ക്കറ്റ് നിര്‍മ്മാണം മുഴുവന്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് തയ്യാറായ പദ്ധതിയാണ്. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളുടെയെല്ലാം ചിത്രങ്ങളും നിര്‍മ്മാണോദ്ഘാടനം നടക്കുന്നവയുടെ ഭരണാനുമതിയും അനുബന്ധ ഉത്തരവുകളുമെല്ലാം 100 ദിന പരിപാടി വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. വളരെ സുതാര്യമായാണ് 100 ദിന പരിപാടി നടപ്പിലാക്കുന്നത്. ഇതിലുള്‍പ്പെട്ട പദ്ധതികളുടെ പുരോഗതി പൊതുജനങ്ങള്‍ക്ക് വിലയിരുത്താനായാണ് പ്രത്യേക വെബ്സൈറ്റ് തയ്യാറാക്കിയത്. കണക്കുകളും ചിത്രങ്ങളും സഹിതം കൃത്യമായി അതില്‍ എല്ലാ വിശദാംശങ്ങളും നല്‍കിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിന് മുന്‍പ് ബന്ധപ്പെട്ട വകുപ്പുകളുമായി മാധ്യമപ്രവര്‍ത്തകര്‍ ആശയവിനിമയം നടത്തുന്നത് തെറ്റിദ്ധാരണകള്‍ മാറാന്‍ സഹായിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here