ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കാത്ത ഐഒഎയുടെ നടപടി സംശയാസ്പദം; മന്ത്രി വി അബ്ദുറഹിമാന്‍

ഉത്തരാഖണ്ഡിൽ ഈ ജനുവരി 28 മുതൽ നടക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കാത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷൻ്റെ (ഐഒഎ) നടപടി സംശയാസ്പദവും അപലപനീയവുമാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ. കളരിപ്പയറ്റ് മത്സരയിനമാക്കി ഒരാഴ്ചയ്ക്കകം പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് ഐഒഎയ്ക്കും ഉത്തരാഖണ്ഡ് സര്‍ക്കാരിനും ദില്ലി ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കാനാകില്ലെന്ന് ഐഒഎ അധ്യക്ഷ പി.ടി. ഉഷ പറഞ്ഞത് അമ്പരിപ്പിച്ചെന്ന് മന്ത്രി പറഞ്ഞു.

ദില്ലി ഹൈക്കോടതി വിധിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പുതിയ ഇനം ഉള്‍പ്പെടുത്തുന്നത് പ്രയാസമാണെന്നുമാണ് ഉഷ പ്രതികരിച്ചത്.

ALSO READ: എഴുത്തച്ഛൻ പുരസ്കാരം എൻഎസ് മാധവന് മുഖ്യമന്ത്രി സമ്മാനിച്ചു

ഇത് തികച്ചും നിരുത്തരവാദപരമാണെന്നും തീരുമാനം പുനഃപ്പരിശോധിക്കണമെന്നും മന്ത്രി വി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു. ദേശീയ ഗെയിംസിനുള്ള മത്സര ഇനങ്ങള്‍ തീരുമാനിക്കുന്നത് ഐഒഎ ആണ്. മലയാളിയായ പി.ടി. ഉഷ അധ്യക്ഷയായിരിക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു ഒഴിവാക്കലുണ്ടായത് ഞെട്ടിക്കുന്നതാണെന്നും കളരിപ്പയറ്റ് ഒഴിവാക്കിയെന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ, ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയത്തിനും ഐഒഎയ്ക്കും കത്തെഴുതിയിരുന്നെന്നും എന്നാൽ, ഒരു പ്രതികരണവും ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധം ഉയരണം.

കഴിഞ്ഞ ദേശീയ ഗെയിംസില്‍ 19 സ്വര്‍ണമടക്കം 22 മെഡലുകളാണ് കേരളം കളരിപ്പയറ്റില്‍ നേടിയത്. ഇത്തവണ കായികതാരങ്ങള്‍ എല്ലാ തയാറെടുപ്പും പൂര്‍ത്തിയാക്കിയതാണ്. 2015ല്‍ കേരളം ആതിഥ്യം വഹിച്ച 35-ാമത് ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. അന്ന് പ്രദര്‍ശനയിനമായിരുന്നു. കേരളത്തിൻ്റെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2023 ഗോവ ഗെയിംസില്‍ മത്സരയിനമായി. എന്നാല്‍, ഇത്തവണ പ്രദര്‍ശന ഇനങ്ങളുടെ നിരയിലേക്കു മാറ്റുകയായിരുന്നു.

ഈ നീക്കം സംശയാസ്പദമാണ്. മധ്യപ്രദേശില്‍ നിന്നുള്ള പരമ്പരാഗത കായിക ഇനമായ മല്ലഖാമ്പ് 36-ാം ദേശീയ ഗെയിംസിലാണ് ആദ്യമായി ഉള്‍പ്പെടുത്തുന്നതെന്നും ഇത്തവണയും മല്ലഖാമ്പ് മത്സരയിനമാണെന്നും മന്ത്രി തുടർന്ന് പറഞ്ഞു. ലോകം അംഗീകരിച്ചിട്ടുള്ള ആയോധന കലയാണ് കളരിപ്പയറ്റ്. ഈ പരമ്പരാഗത കായികയിനത്തെ പ്രോത്സാഹിപ്പിക്കേണ്ട ചുമതലയുള്ള ആളാണ് ഐഒഎ അധ്യക്ഷ. അവര്‍ തന്നെ കളരിപ്പയറ്റിനെതിരെ ഗൂഢ താല്‍പ്പര്യം കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കളരിപ്പയറ്റ് ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തോട് ഉഷ നേരത്തേ തന്നെ മുഖംതിരിച്ചതായി പരാതിയുണ്ടെന്നും മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News