മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയിലൂടെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ഭരണഘടന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നതിനുള്ള ശ്രമമാണ് സഹകരണ നിയമ ഭേദഗതിയിലൂടെ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
2021 ജൂലായ് 20 ന് 97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധിയില്‍ സഹകരണ രംഗം സംസ്ഥാന വിഷയമാണെന്ന് അസനിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ 32-ാം എന്‍ട്രി പ്രകാരം സഹകരണ മേഖല സംസ്ഥാന വിഷയമാണെന്നും സംശയലേശമന്യേ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിനേറ്റ ഈ തിരിച്ചടി മറികടക്കാനാണ് പുതിയ മള്‍ട്ടി സ്റ്റേറ്റ് നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവരുന്നത്. ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന സമീപനമാണിതെന്നും മന്ത്രി പറഞ്ഞു.
മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ മേല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയന്ത്രണമില്ല. നിക്ഷേപങ്ങള്‍ക്ക് സുരക്ഷ നല്‍കാനോ, സാധാരണക്കാരന് വായ്പ നല്‍കാനോ ഉള്ള സഹകരണ സംഘങ്ങളുടെ പ്രാഥമിക ബാധ്യത പോലും നിയമപ്രകാരം മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് ഇല്ലാത്ത സ്ഥിതിയുണ്ടാകും. സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്ക് കീഴില്‍ നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ പോലും ഇല്ലാതാക്കി മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളാക്കി മാറ്റാന്‍ കഴിയുന്ന വ്യവസ്ഥകളും കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണ സമിതിയുടെ തീരുമാന പ്രകാരവും പൊതുയോഗത്തിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഏത് സഹകരണ സംഘത്തെയും മള്‍ട്ടി സ്റ്റേറ്റ് സംഘമാക്കി മാറ്റാം. ഇത് കൂടുതല്‍ സുഗമമാക്കുന്നതിന് വേണ്ടി മള്‍ട്ടി സ്റ്റേറ്റ് സംഘമാകുന്നതിന് മുന്‍പ് സംസ്ഥാന രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി സ്വാഭാവികമായും റദ്ദാകുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി. ഇതോടെ സംസ്ഥാന നിയമ പ്രകാരം നിക്ഷേപകനും വായ്പക്കാരനും ഇടപാടുകാര്‍ക്കും ലഭിക്കുന്ന സംരക്ഷണവും ആനുകൂല്യങ്ങളും നഷ്ടമാകും. സഹകരണ സംഘത്തിന്റെ ആസ്തിയും മൂലധനവും ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളും ഒഴിവാകും. കേന്ദ്ര സര്‍ക്കാരോ നിക്ഷേപം നടത്തുന്ന വന്‍കിട കോര്‍പ്പറേറ്റുകളോ നിര്‍ദ്ദേശിക്കുന്ന തരത്തില്‍ സംഘത്തിന്റെ ആസ്തിയും വരുമാനവും ഉപയോഗിക്കേണ്ടി വരും. ഇത് സാധാരണക്കാര്‍ക്കുള്ള സഹായങ്ങള്‍ നല്‍കുന്നതിന് തടസമാകും. ഇതോടെ സഹകരണ സംഘങ്ങളുടെ പ്രാഥമിക ഉദ്ദേശം തന്നെ നഷ്ടപ്പെടുകയും സാധാരണക്കാര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും അപ്രാപ്യമാകുകയും ചെയ്യും.പ്രാദേശിക സാമ്പത്തിക സ്രോതസ് എന്ന നിലയില്‍ ആര്‍ക്കും ഏത് സമയത്തും ആശ്രയിക്കാന്‍ കഴിയുന്ന സ്ഥാപനമെന്ന യാഥാര്‍ത്ഥ്യം ഇല്ലാതാകുകയും ചെയ്യും. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നവ തലമുറ വാണിജ്യ ബാങ്കുകള്‍ക്ക് സമാനമായി സഹകരണ സംഘങ്ങള്‍ മാറുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സുപ്രീം കോടതിയെ ഈ വസ്തുതകള്‍ ബോധ്യപ്പെടുത്താനായത് കൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായ നിലപാടുണ്ടായത്. ഫെഡറല്‍ തത്വങ്ങളിലേയ്ക്കുള്ള കടന്ന് കയറ്റമാണെന്ന് വ്യക്തമായതോടെയാണ് കേന്ദ്ര നീക്കങ്ങള്‍ക്ക് സുപ്രീംകോടതി തടയിട്ടത്. ഇത് മറികടക്കാനാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിലൂടെ എത്തുന്നത്. സാമ്രാജ്യത്വ ഭരണം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ കര്‍ഷകര്‍ നടത്തിയ നിരന്തര സമരങ്ങളുടെ ഫലമായാണ് പട്ടിണി കമ്മിഷന്റെ ശുപാര്‍ശ പ്രകാരം ക്രഡിറ്റ് നിയമം പാസാക്കിയത്. 1912 ല്‍ സമഗ്ര സഹകരണ നിയമം വന്നതോടെ പ്രാദേശികമായ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് സഹകരണ സംഘങ്ങള്‍ സ്ഥാപിക്കപ്പെട്ടു. പിന്നീട് പലപ്പോഴായി ഭേദഗതികള്‍ വന്നപ്പോഴും സഹകരണ സംഘം വിഷയം സംസ്ഥാന വിഷയങ്ങളുടെ പട്ടികയില്‍ തന്നെ നിലനിര്‍ത്തി. ഇത് അതത് പ്രദേശങ്ങളിലെ പ്രത്യേകതകളും സാമ്പത്തിക സാഹചര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള നിയമ നിര്‍മ്മാണങ്ങള്‍ നടത്താന്‍ സഹായകമായി. സംസ്ഥാനങ്ങളുടെ സാമ്പത്തിക മുന്നേറ്റങ്ങള്‍ക്ക് സഹകരണ പ്രസ്ഥാനങ്ങള്‍ താങ്ങായി മാറുകയും ചെയ്തു. കാര്‍ഷിക മേഖലയിലെ മുന്നേറ്റങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ വലിയ പങ്കു വഹിച്ചു. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വൈവിദ്ധ്യവല്‍ക്കരണത്തിനും സംഘങ്ങള്‍ തയ്യാറായി. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിച്ച് വലിയ മുന്നേറ്റം സൃഷ്ടിച്ചു. ഐ ടി, ആരോഗ്യം, വിദ്യാഭാസം, ഉല്‍പ്പാദനം തുടങ്ങി സഹകരണ പ്രസ്ഥാനം കടന്ന് ചെല്ലാത്ത മേഖലകള്‍ കുറവാണ്. സാധാരണക്കാര്‍ക്ക് ഗുണകരമായ പ്രവര്‍ത്തനം നടത്തുന്ന സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയാകും പുതിയ നിയമ ഭേദഗതി. സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റമാണ് ഇത്. ലോകത്തിന് തന്നെ മാതൃകയാകുന്ന, റാങ്കിംഗില്‍ വന്‍കിട സഹകരണ സംഘങ്ങളെ മറികടന്ന് ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിയ സഹകരണ സംഘങ്ങളും സംസ്ഥാനത്തുണ്ട്. ഇത്തരത്തില്‍ മാതൃകയാകുന്ന സംഘങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതി ശക്തിയുക്തം എതിര്‍ക്കപ്പെടണ്ടേതാണെന്നും മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കി. .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here